ഭാഗം 5, രാമപുരത്തെ വിപണന കേന്ദ്രം
ആലപ്പുഴ എന്ന കാർഷികജില്ലയുടെ ഭാഗമാണ് എന്നതുകൊണ്ടു തന്നെ കൃഷിയെ വല്ലാതെ പ്രണയിച്ചിരുന്നു നമ്മുടെ നാടും. കൃഷി ചെയ്തു വിളയിച്ചെടുത്ത വിഭവങ്ങൾ തലച്ചുമടായോ കാളവണ്ടിയിലും മറ്റും കയറ്റിയോ വിപണനമാർഗ്ഗത്തിനായി കൊണ്ടുവന്നിരുന്നത് നാടൊട്ടുക്കും പ്രസിദ്ധമായിരുന്ന കൊല്ലകടവ് ചന്തയിലേക്കായിരുന്നു. ദൈവം അറിഞ്ഞനുഗ്രഹിച്ച് നല്‍കിയ പച്ച വിരിച്ച നെൽപ്പാടങ്ങൾ പച്ചപ്പട്ടുടയാടയെന്നപോൽ നാനാവശത്തു നിന്നും സുന്ദരിയാക്കിയിരുന്ന നമ്മുടെ നാട്ടില്‍ മാമ്പ്രയിലും പൂമാട്ടി പുഞ്ചയിലും ഞാഞ്ഞൂക്കാടും ചിറയിലും കോപ്പായിപ്പാടത്തുമായി നീണ്ടുപരന്നു കിടന്നിരുന്നു. പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന നെല്‍പ്പാടങ്ങൾ നാടിന്‍റെ പ്രകൃതിസൌന്ദര്യത്തെ മാത്രമല്ല, ഒരു കാര്‍ഷികഗ്രാമത്തിന്‍റെ നിറസമൃദ്ധിയെക്കൂടി വിളിച്ചോതിയിരുന്നു. നൂറുമേനി കൊയ്തു മനവും മടിശീലയും നിറഞ്ഞു നടന്നകന്നവരുടെ പാദമുദ്രകളിലൂടെയാണ് ഇന്നിന്‍റെ തലമുറയുടെ പദയാത്രകൾ.
കാർഷിക വിഭവങ്ങൾ അവിടം കൊണ്ടും തീരുന്നവ ആയിരുന്നില്ല. മറുനാടൻ വിപണിയിൽ അന്നു ലഭ്യമായ ഏകദേശം എല്ലാ പച്ചക്കറികളും മരച്ചീനി, കാച്ചിൽ തുടങ്ങിയ ഒട്ടനവധി കിഴങ്ങു വർഗ്ഗങ്ങളും നമ്മുടെ നാട്ടിൽ തന്നെ വിളയിച്ചെടുത്തിരുന്നു. മരച്ചീനിയുടെ കൃഷിയും വിപണനവും നമ്മുടെ നാടിന്‍റെ സമ്പദ്വ്യവസ്ഥയെ കുറച്ചൊന്നുമല്ല താങ്ങി നിര്‍ത്തിയിരുന്നത്. മുതിരപ്പാടങ്ങളും എള്ളിന്‍ പാടങ്ങളുമൊക്കെ നിലവിലുണ്ടായിരുന്ന നാടാണ് നമ്മുടേത്. ഇന്ന് കൂറ്റൻ കെട്ടിടങ്ങൾ അലങ്കരിക്കുന്ന നാട്ടിലെ പല നിലങ്ങളിലും മാഞ്ഞുകിടപ്പുണ്ടാവും ഇന്നലെകളിൽ നമ്മുടെ കർഷകരൊഴുക്കിയ വിയർപ്പിന്‍റെ അടയാളങ്ങൾ.
മധ്യ തിരുവിതാംകൂറിലെ എണ്ണം പറഞ്ഞ കന്നുകാലിച്ചന്തകളില്‍ ഒന്നായിരുന്നു കൊല്ലകടവ് ചന്ത. മാംസ വ്യാപാരം കാര്‍ഷിക വിഭവങ്ങളുടെ വിപണനത്തോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതിനാല്‍ ഇവിടേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും മറ്റുമൊക്കെ കന്നുകാലികളെ കൊണ്ടു വന്നിരുന്നു. പരമ്പരാഗതമായി മത്സ്യ മാംസ വ്യാപാര മേഘലയില്‍ തൊഴില്‍ നൈപുണ്യമുള്ള നിരവധി ആള്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്നതിനാല്‍ സമീപ ഗ്രാമവാസികള്‍ മേല്‍പ്പറഞ്ഞ വിഭവങ്ങള്‍ക്കായി കൊല്ലകടവ് ചന്തയെ ആശ്രയിച്ചിരുന്നു. തൊട്ടടുത്ത ഗ്രാമമായ വെണ്മണി പ്രധാനമായും കൃഷിയെ ആണ് വരുമാന മാര്‍ഗ്ഗത്തിനായി ആശ്രയിച്ചിരുന്നത്. അവരുടെ വിഭവങ്ങള്‍ വിറ്റഴിക്കാനുള്ള പ്രധാന വാണിജ്യ കേന്ദ്രവും കൊല്ലകടവ് ചന്തയായിരുന്നു. തലച്ചുമടായ് കൊണ്ടുവരുന്ന സാധനങ്ങള്‍ ചുമടുതാങ്ങികള്‍ ഉള്ളയിടങ്ങളില്‍ ഇറക്കിവെച്ചും മറ്റും അവര്‍ ഇവിടെ എത്തിച്ചിരുന്നു. തലച്ചുമടായ് കൊണ്ടുവരുന്നത് വെറും ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, ഒരേ മനസ്സോടെ ചെയ്ത ആത്മസമാര്‍പ്പണത്തിന്‍റെ ആകെത്തുകയാണ്.
ഇത്രയും പറയുന്നതിനിടയിൽ നമ്മുടെ ചന്തയുടെ ചരിത്രം പറയാതിരുന്നാൽ അതൊരു അനൗചിത്യമാവും എന്നുറപ്പാണ്. എന്നു തുടങ്ങി എന്നൊരു കൃത്യതയുമില്ലാത്തവണ്ണം ഭൂതകാലത്തിന്‍റെ ഭണ്ടാരത്തിലെവിടെയോ ഒളിഞ്ഞിരിക്കുന്നു ഈ വിപണന കേന്ദ്രത്തിന്‍റെ ജാതകക്കുറിപ്പുകൾ. ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടേക്കു വ്യാപാരത്തിനായി ആളുകൾ തലച്ചുമടായി അവരുടെ നാട്ടില്‍ വിളയിച്ചെടുത്ത പ്രധാന കാർഷിക വിഭവങ്ങൾ ഇവിടേയ്ക്കു കൊണ്ടു വന്നിരുന്നു. സമീപ പ്രദേശങ്ങളിലെ ഒട്ടുമിക്ക കര്‍ഷകരും കച്ചവടക്കാരും അന്നത്തെ കാലത്തു പ്രചാരം നേടിക്കൊണ്ടിരുന്ന ഈ ചന്തയിലേക്ക് വിപണനത്തിനായി കടന്നു വന്നു. മടിശീല നിറയെ കൊണ്ടുവന്ന പണമത്രയും കൊടുത്തു സാധനങ്ങളും വാങ്ങി തന്‍റെ നാട്ടിൽ മറിച്ചു വിറ്റു ഇരട്ടിക്കിരട്ടി ലാഭം കൊയ്ത കച്ചവടക്കാർ പലതായിരുന്നു. അദ്ധ്വാനിക്കാനുള്ള മനസ്സും കച്ചവടം നടത്താനുള്ള തന്ത്രജ്ഞാനവും കൈമുതലായുള്ളവർ ജീവിതത്തിൽ വിജയിച്ചെങ്കിൽ അതിലൊരു പങ്ക് നമ്മുടെ ചന്ത വഹിച്ചിരുന്നു എന്നു നമുക്കു വീമ്പു പറയാം. നമ്മുടെ പുരോഗമനത്തിനു മാത്രമല്ല, നമ്മുടെ അയല്‍നാടുകളുടെ പുരോഗമനത്തിനു കൂടി ഈ വിപണനകേന്ദ്രം കാരണമായി എന്നു പറയുമ്പോള്‍ത്തന്നെ ഓര്‍ത്തു നോക്കൂ നമ്മുടെ വ്യാവസായിക വളര്‍ച്ച.
ചന്തയുടെ തുടക്കത്തിന്‍റെയും പിന്നെയതിന്‍റെ ഉയര്‍ച്ചയുടെയും പിന്നിലും കാണാം തളം കെട്ടിക്കിടക്കുന്ന ചില ചരിത്ര സത്യങ്ങള്‍. വരയ്ക്കപ്പെടാന്‍ മറന്നുപോയ ചില സത്യത്തിന്‍റെ ചിത്രങ്ങള്‍. മനപ്പൂര്‍വമോ അല്ലാതെയോ വിസ്മൃതിയിലേക്കു മാറ്റിനിര്‍ത്തപ്പെട്ട ഗതകാല സ്മരണകളും പേറി നില്‍ക്കുന്ന ആ വാണിജ്യ കേന്ദ്രത്തിനുമുണ്ടായിരുന്നു തലയെടുപ്പോടെ നിന്നു പ്രൌഡി വിളിച്ചോതിയിരുന്ന ഒരു കാലം. ഏകദേശം ഒന്നര നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു നമുക്കൊന്നു പോകേണ്ടിയിരിയ്ക്കുന്നു. അന്ന് തിരുവിതാകൂര്‍ ധാരാളം നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നു. ഓരോ നാട്ടുരാജ്യങ്ങളും അവരവരുടെ നാട്ടിലെ വളര്‍ച്ചയില്‍ അഭിമാനിയ്ക്കുകയും അതിനു കാരണക്കാരനായ നാട്ടുരാജാവിനെ ആവശ്യത്തിലധികം ഭയക്കുകയും ബഹുമാനിയ്ക്കുകയും ചെയ്തിരുന്ന കാലം. മനസ്സിലടിയുറച്ചു പോന്ന ഇടുങ്ങിയ ചിന്താഗതികള്‍ നാട്ടുരാജാക്കന്മാരില്‍ പരസ്പര വൈരത്തിനും അതുവഴി മനസ്സിലടക്കി വെക്കാനാവാത്ത പക മൂത്ത് യുദ്ധങ്ങളിലേക്കും വഴി തെളിച്ചു. പന്തളം നാട്ടുരാജ്യവും കായംകുളം നാട്ടുരാജ്യവും തൊട്ടടുത്തു കിടക്കുന്ന രാജ്യങ്ങളാകയാല്‍ പരമ്പരാഗത വൈരികളുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട് ഉള്‍പ്പെടുന്ന ചെറിയനാട് ദേശത്തിന്‍റെ കിഴക്കന്‍ പകുതി പന്തളം രാജാവിന്‍റെയും പടിഞ്ഞാറന്‍ പകുതി കായംകുളം രാജാവിന്‍റെയും അധീനതകളിലായിരുന്നു. ഇവരുടെ സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ പടവെട്ടി വീരചരിതങ്ങള്‍ സൃഷ്‌ടിച്ച സ്ഥലമാണ് പടനിലം എന്ന പേരില്‍ ഇന്നറിയപ്പെടുന്നത് എന്ന് ചരിത്ര രേഖകളില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. കൃഷി ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന കൊല്ലകടവ്, ചെറുവല്ലൂര്‍, വെണ്മണി എന്നീ പ്രദേശങ്ങള്‍ പന്തളം നാടുവാഴിത്തമ്പുരാന്‍റെ അധീനതയില്‍ എത്തുന്നത് ഇങ്ങനെയുള്ള യുദ്ധങ്ങളുടെ അനന്തരഫലമെന്നോണമാണ് എന്നു നമുക്കു നിസ്സംശയം ഉറപ്പിക്കാവുന്ന സത്യമാണ്. പക്ഷെ പൂര്‍വാശ്രമത്തില്‍, അതായത് നാടുവാഴികളുടെ ഭരണകാലത്ത് ഇത് കൊല്ലകടവായിരുന്നില്ല. ആലാരാമപുരം എന്ന പഴയ പേര് ശെരി വെക്കുന്ന തരത്തില്‍ നമ്മുടെ നാട്ടിലെ തപാലാഫീസിനു വളരെ വിദൂരമല്ലാത്ത കാലം വരെ ആ പേരുതന്നെ ആയിരുന്നു. രാമപുരം കമ്പോളം, രാമപുരം കന്നുകാലിച്ചന്ത എന്നിങ്ങനെ അറിയപ്പെട്ടിരുന്നതിനു പിന്നിലും വളച്ചൊടിക്കപ്പെട്ടതോ പൊളിച്ചെഴുതപ്പെട്ടതോ അല്ലാത്ത ചില സത്യങ്ങളുണ്ടായിരുന്നു. സത്യങ്ങളെ തേടിയുള്ള യാത്രയിലാണ് ഓരോ ചരിത്രവും പിറവിയെടുക്കുന്നത്. ഒന്നു ചുരണ്ടി നോക്കിയാല്‍ നമ്മുടെ കാല്‍പ്പാടുകള്‍ക്കടിയിലും കണ്ടേക്കാം എന്നോ മറഞ്ഞ ചില ചരിത്രങ്ങളുടെ അടയാളങ്ങള്‍. എഴുതപ്പെടാത്ത ചരിത്രത്തിന്‍റെ പിന്നാമ്പുറത്തേക്കൊന്നു കണ്ണോടിച്ചു നോക്കിയാല്‍ അനന്തതയിലേക്കു നീണ്ടു കിടക്കുന്ന സത്യങ്ങളുടെ അല്ലെങ്കില്‍ നിഗൂഡതകളുടെ കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടേണ്ടി വരും ഏതൊരു ചരിത്രാന്വേഷിക്കും.
ഭരണ സൌകര്യാര്‍ത്ഥം അതിര്‍ത്തി തിരിച്ചു ഭൂപ്രദേശങ്ങള്‍ വിഭജിക്കുന്നതിനിടയില്‍ നമ്മുടെ ചെറിയനാട് എന്ന സ്ഥലം കൊല്ലം ജില്ലയിലെ ആലാ എന്ന വില്ലേജിന്‍റെ ഭാഗമായിരുന്നു. അന്നത്തെ ജില്ലാ ഭരണ മേധാവിയായിരുന്ന പേഷ്കാര്‍ ശ്രീ. രാമറാവു നമ്മുടെ നാട്ടില്‍ ഒരു അഞ്ചല്‍ത്തറ സ്ഥാപിച്ചതിനാല്‍ നമുക്കൊരു പുതിയ മേല്‍വിലാസം കൈവരികയായിരുന്നു. മാതൃ ഗ്രാമമായ ആലായും പേഷ്കാറിന്‍റെ പേരിലെ രാമവും ചേര്‍ത്ത് രൂപീകൃതമായ പുരം, ആലാരാമപുരം. അങ്ങനെ നമ്മുടെ ചന്തയും അറിയപ്പെട്ടിരുന്നത് ആ പേരില്‍ തന്നെയായിരുന്നു. ഇതൊക്കെ നടക്കുന്നത് വ്യാപാരവും വ്യാപാരം വഴി നമുക്കു കൈവന്ന വികസനവും സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്നൊരു കാലത്താണെന്നോര്‍ക്കണം. രാമപുരം ചന്തയില്‍ നിന്നും കൊല്ലകടവ് ചന്തയിലെക്കുള്ള ദൂരമാണ് നമ്മുടെ വികസനത്തിന്‍റെ നാള്‍വഴികള്‍.
കാലക്രമത്തില്‍ മാറ്റങ്ങള്‍ പലതിനും പാത്രമായ നമ്മുടെ ചന്തയുടെ ഇന്നത്തെ ചിത്രങ്ങള്‍ മാത്രമാണ് കൈവശമുള്ളത്. ഓര്‍മ്മകളില്‍ പലപ്പോഴും വന്നു നിറയാറുണ്ട് അമ്മയുടെയോ അച്ഛന്റെയോ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി ഞാനോ എന്നെപ്പോലുള്ള പലരോ കണ്ട ആ പഴയ ചന്തയിലെ ദൃശ്യങ്ങള്‍. കൊല്ലകടവിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ചന്ത സ്ഥിതി ചെയ്യുന്നത് എന്നതു കൊണ്ടു തന്നെ അതൊരു ഒഴിഞ്ഞ ഭാഗം കൂടിയായിരുന്നു. അവിടെ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ജലസംഭരണി നാടിന്‍റെ പല ഭാഗത്തുനിന്നും കാണാവുന്നതാണ്. അത്രയ്ക്കുണ്ട് ആ സ്ഥലത്തിന്‍റെ ഉയരം. കാലാന്തരത്തില്‍ ചന്തയുടെയും ചുറ്റുവട്ടങ്ങളുടെയും മുഖപ്പില്‍ വന്ന വ്യതിയാനങ്ങള്‍ കവര്‍ന്നെടുത്തത് ഒരിക്കലെന്നോ ആസ്വദിച്ച, ഇനിയൊരിയ്ക്കലും തിരിച്ചു വരാത്ത ഗ്രാമഭംഗി തന്നെയായിരുന്നു.
അന്നു നടന്നു വന്നിരുന്ന ആൾക്കാർക്ക് പരസഹായം കൂടാതെ ചുമടുകൾ ഇറക്കുന്നതിനും പിന്നെയതു വീണ്ടും തലയിലേക്കു കയറ്റുന്നതിനുമൊക്കെയായി നിരവധി ചുമടു താങ്ങികൾ നമ്മുടെ നാടിന്‍റെ പല ഭാഗങ്ങളിലും കാണാമായിരുന്നു. ഇതു സൂചിപ്പിക്കുന്നത് വര്‍ദ്ധിച്ച തോതില്‍ നമ്മുടെ നാട്ടില്‍ നടന്നിരുന്ന വ്യാപാരത്തെയും അതുവഴി നാടിനുണ്ടായ പുരോഗതിയെയുമാണ്. ദൂരദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്കു പരസ്സഹായം കൂടാതെ ചുമടിറക്കാനും തിരികെ തലയിലേറ്റുന്നതിനും കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ചുമടുതാങ്ങികള്‍, നീണ്ട യാത്രയില്‍ ഒരല്‍പം വിശ്രമം വേണമെന്നു തോന്നുന്ന വേളയില്‍ വേണമെങ്കില്‍ ഒരുറക്കം തന്നെ ആവാമെന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കളത്തട്ടുകള്‍, ദാഹം ശമിപ്പിക്കുവാന്‍ വഴിക്കിണറുകള്‍ തുടങ്ങിയവ ഒരു കാലഘട്ടത്തിന്‍റെ തിരുശേഷിപ്പുകളായ് നിലനിന്നിരുന്നു. കൊല്ലകടവെന്ന വ്യാവസായിക ഗ്രാമത്തിന്‍റെ സുവര്‍ണ്ണ നാളുകളായിരുന്നു അതെന്നു കരുതപ്പെടേണ്ടിയിരിയ്ക്കുന്നു. (തുടരും)