എന്‍റെ നാട് കൊല്ലകടവ്: ശ്രീകുമാര്‍ കൊല്ലകടവ്

Date:

ഭാഗം 12, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അജ്ഞത എന്ന അന്ധകാരമകറ്റാന്‍ അറിവിന്‍റെ തീപ്പന്തങ്ങള്‍ നമുക്ക് തന്നത് അക്ഷരങ്ങളിലൂടെ അഗ്നി പടര്‍ത്തിയ ഗുരുനാഥന്മാരായിരുന്നു. അറിഞ്ഞ സത്യങ്ങളിലെ ആനന്ദവും അറിയാതിരുന്ന നിഗൂഡതകളിലെ അമ്പരപ്പും എന്തെന്നു കാട്ടിത്തന്ന നമ്മുടെ വിദ്യാലയങ്ങളുടെ വരവ് ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു.

മണ്‍സൂണ്‍ മഴക്കാലത്തിന്‍റെ താളം തുള്ളലുകളില്ലാതെ ഓര്‍ക്കാനാവാത്ത സ്കൂള്‍ ദിനങ്ങള്‍ നമുക്കു സമ്മാനിക്കുന്നത് പോയകാലത്തെ ഓര്‍മ്മകളുടെ സുഖമുള്ള നൊമ്പരമാണ്. പഴമയില്‍ ആണ്ടുകിടക്കുന്ന ഒരു നല്ല ഭൂതകാലമുള്ള വര്‍ത്തമാനകാലത്തിന്‍റെ വക്താക്കളില്‍ പലരുടെയും പാദമുദ്രകള്‍ പതിഞ്ഞ ഇന്നത്തെ കൊല്ലകടവ് ഗവണ്മെന്റ് ഹൈസ്കൂള്‍ സ്ഥാപിതമാവുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ 1902-ല്‍ സ്ഥാപിതമായ സ്കൂളിന്‍റെ ചരിത്രങ്ങളും അത്രത്തോളം പഴക്കം ചെന്നതാണ്. പൊടി തൂത്തെടുക്കാവുന്ന സ്മരണകളുടെ ഈറ്റില്ലമായ ഈ വിദ്യാലയ മുത്തശ്ശി പേറുന്നത് കലര്‍പ്പില്ലാത്ത സൗഹൃദത്തിന്‍റെ നൂറോ ആയിരമോ അതിനുമപ്പുറമോ നീളുന്ന അനന്തമായ കഥകളാവും. സ്വാതന്ത്ര്യലബ്ധിക്കുമപ്പുറം വരും തലമുറയെ അറിവിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു പറന്നുയരാന്‍ പ്രാപ്തരാക്കുന്നതിനു മുന്‍കയ്യെടുത്ത സുമനസ്സുകള്‍ക്ക്‌ നമുക്കു നന്ദി പറയാം.

കൊല്ലകടവിലെ വിദ്യാഭ്യാസരംഗത്ത് വിസ്മരിക്കാനാവാത്ത സ്ഥാനമര്‍ഹിക്കുന്ന മറ്റു രണ്ടു സ്കൂളുകള്‍ കൂടിയുണ്ട്. കൊല്ലകടവ് CSI പള്ളിയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന CMS എല്‍.പി സ്കൂളും ചെറുവല്ലൂര്‍ ഗവണ്മെന്റ് JBS സ്കൂളും.

സ്കൂളുകളെ പറ്റി പറയുമ്പോള്‍ ഒട്ടും പ്രാധാന്യം കുറയ്ക്കാതെ പറയേണ്ടുന്ന ഒരു സ്ഥാപനമായിരുന്നു ആഞ്ഞിലിച്ചുവട്, നമ്മുടെ സ്കൂളിന്‍റെ തൊട്ടുമുന്‍പിലെ പൌരാണിക രീതിയില്‍ നിര്‍മ്മിച്ചിരുന്ന കടത്തിണ്ണയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ആശാന്‍ പള്ളിക്കൂടം. പലരുടെയും ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്‍റെ തറക്കല്ലിടുകയും പനയോലയില്‍ നാരായം കൊണ്ടെഴുതിയ പാഠങ്ങള്‍ ഹൃദിസ്തമാക്കിയതും ആ സ്ഥാപനത്തിന്‍റെ മേന്മകളാണ്.

വിദ്യാഭ്യാസ മേഘലയില്‍ സ്കൂളുകളോടൊപ്പം തന്നെ കിടപിടിക്കുന്ന സംഭാവനകള്‍ നല്‍കി കടന്നുപോയ സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ നാടിന്‍റെ ഭാഗമായിരുന്നു. അതിനെപ്പറ്റി പരാമര്‍ശിക്കാതെ ഈ ഭാഗം പൂര്‍ത്തീകരിക്കുവാന്‍ സാധ്യമാണെന്നു തോന്നുന്നില്ല. ഏഴാംതരം വരെ മാത്രമെത്തിനിന്നിരുന്ന നമ്മുടെ മുഹമ്മദന്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനം നടത്തുവാന്‍ ഏറെ ആശ്രയിച്ചിരുന്നത് ചെറിയനാട്, കുന്നം, ഇറവങ്കര, വെണ്മണി, മവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഹൈസ്കൂളുകളിലാണ്. പത്താംക്ലാസ് വിദ്യാഭ്യാസത്തിനു പകിട്ടേറിയ കാലം, വിജയിക്കുന്നവന്‍ ഏതൊക്കെയോ ഔന്നത്യങ്ങള്‍ കീഴടക്കിയവന്‍, ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയവന്‍, സമൂഹത്തില്‍ മാനിക്കപ്പെടുന്നവന്‍. അന്നത്തെ പരാജിതരെ വരവേറ്റിരുന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു നാടുകളിലും എന്നപോല്‍ നമ്മുടെ കൊല്ലകടവിലും നിലനിന്നിരുന്നു. പരാജിതര്‍ക്കു മാത്രമായിരുന്നില്ല അവിടം പ്രയോജനപ്പെട്ടത്‌. ട്യൂഷന്‍ ക്ലാസ്സുകളും പത്താംക്ലാസ് കഴിഞ്ഞിട്ടും മറ്റെങ്ങും പ്രവേശനം ലഭിക്കാതിരുന്നവര്‍ക്കുള്ള സമാന്തര പ്രീ ഡിഗ്രീ ക്ലാസുകളുമൊക്കെ അവിടെ നടന്നിരുന്നു.

റോയി സാര്‍ നടത്തിയിരുന്ന ഒമേഗാ അക്കാഡമി പാരമ്പര്യത്തിന്‍റെ പഴമയുമായി ഇപ്പോഴും മുന്നോട്ടു പോകുന്നു. അന്നതൊരു വിപ്ലവാത്മകമായ ചുവടുവെയ്പ്പായിരുന്നു. കൊല്ലകടവില്‍ തന്നെ വളരെ ചുരുക്കം ചില ആള്‍ക്കാരുടെ മാത്രം മനസ്സില്‍ ഉരുത്തിരിഞ്ഞൊരു ആശയം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു മഹത്തായ പ്രസ്ഥാനമൊക്കെ ആയതിനു പിന്നില്‍ സമൂഹത്തിന്‍റെ മാത്രം അംഗീകാരം നേടിയ ചില അധ്യാപകരുടെ കഠിനാധ്വാനവും കൂടി ഉണ്ടായിരുന്നു. നടത്തിപ്പുകാരും അദ്ധ്യാപകരും മാറിമാറിവന്ന ആ സ്ഥാപനത്തിന്‍റെ ഇന്നത്തെ ചുക്കാന്‍ പിടിക്കുന്നത്‌ രവിസാറാണ്. ഒമേഗാ എന്ന സ്ഥാപനത്തിന് ആ സാരഥിയെത്തിയിട്ടു പതിറ്റാണ്ടുകള്‍ തന്നെ കടന്നിരിക്കുന്നു. പിന്നെയും സ്ഥാപനങ്ങള്‍ പലതും വന്നു മറഞ്ഞുപോയ്‌. ജോണി സാറിന്‍റെ ജോസ് മെമ്മോറിയല്‍ ആയിരുന്നു രണ്ടാമതൊരു സ്ഥാപനമായ് കുറച്ചുകാലം നിലനിന്നിരുന്നത്. വളരെ നല്ല രീതിയില്‍ത്തന്നെ മുന്നോട്ടു പോയിരുന്ന സ്ഥാപനം ഇലകള്‍ പൊഴിഞ്ഞു നഗ്നമാക്കപ്പെട്ട ശിശിരത്തിലെ ഏതോ മരം പോലെ,  ശിശിരത്തെ പിന്‍തള്ളി വന്ന വേനലില്‍ ഉണങ്ങി ശുഷ്കമായി തീരുകയും ചെയ്തു. ഒന്നിന്‍റെ അസ്തമനം മറ്റൊന്നിന്‍റെ ഉദയം കുറിക്കുന്നു എന്നു പറഞ്ഞതുപോലെയാണ് ഹരിശ്രീ എന്ന സ്ഥാപനത്തിന്‍റെ വരവ്. ഒരു വേദനയോടെയല്ലാതെ കുറിയ്ക്കുവാന്‍ പറ്റാത്തത്ര വൈകാരികത സന്തോഷ്‌ സാര്‍ എന്ന അതിന്‍റെ അമരക്കാരനോട് തോന്നിയിട്ടുണ്ട്. മരണം ഒരാളുടെ ജീവിതത്തിനു പൂര്‍ണ്ണവിരാമം ഒരിക്കലും ഇടുന്നില്ല എന്നതിനു തെളിവാണ് കൊല്ലകടവിലെ പലരുടെയും മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്ന ആ വ്യക്തിത്വം. ഹരിശ്രീ എന്ന സ്ഥാപനം  തൊണ്ണൂറുകളുടെ അവസാനം വരെയും കൊല്ലകടവില്‍ മികച്ചൊരു സ്ഥാപനമായി നിലന്നിന്നിരുന്നു. ആ ശ്രേണിയില്‍ ഇങ്ങേത്തലയ്ക്കല്‍ എനിക്കേറ്റവും പ്രിയപ്പെട്ട ബ്രില്ല്യന്‍സ് എന്ന സമാന്തരവിദ്യാഭ്യാസ സ്ഥാപനമായിരുന്നു. ഞാനടക്കമുള്ള അന്നത്തെ ആ സംരഭത്തിലെ സ്ഥാപകര്‍ പലരും പലവഴിയ്ക്കു പിരിഞ്ഞതോടെ രണ്ടാം സഹസ്രാബ്ദത്തിന്‍റെ ആരംഭത്തില്‍ തുടങ്ങിയ സ്ഥാപനം അഞ്ചു വര്‍ഷത്തെ സേവനത്തോടെ രംഗത്തു നിന്നും വിട വാങ്ങി.

സാങ്കേതിക വിദ്യാഭ്യാസരംഗവും കൊല്ലകടവിന് അന്യമല്ല എന്നതിനുദാഹരണമാണ് ഇവിടെ സ്ഥിതി ചെയ്തിരുന്ന LBS സെന്‍റര്‍.  വിവരസാങ്കേതികവിദ്യ ജനകീയമാക്കുന്നതില്‍ ആ സ്ഥാപനം വഹിച്ചത് ചെറിയ പങ്കല്ല. തൊണ്ണൂറുകളില്‍ കൊല്ലകടവിന്‍റെ മണ്ണില്‍ അന്നത്തെ നൂതന സാങ്കേതിക വിദ്യ നമുക്കു പകര്‍ത്തിനല്കിയ സ്ഥാപനം തൊട്ടടുത്ത നഗരങ്ങളിലെ സ്ഥാപനങ്ങളോടു കിടപിടിക്കുന്നതില്‍ അല്‍പ്പം പിന്നോട്ടു പോവുകയും അങ്ങനെയൊരു സ്ഥാപനം പിന്നീട് നമുക്ക് അപ്രാപ്യമാവുകയും ചെയ്തു.

കാലമേറെ കടന്നുപോകുന്നതിനിടയില്‍ മാറ്റങ്ങള്‍ക്കു പിന്നാലെ മാറ്റങ്ങള്‍ കൊണ്ടു മൂടപ്പെട്ട നാട്ടിലെ വിദ്യാഭ്യാസ രംഗത്തും വന്നു മാറ്റങ്ങള്‍ പലതും. കൊല്ലകടവ് ഗവണ്മെന്റ് മുഹമ്മദന്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. കാലാനുസൃതമായി വന്ന മാറ്റമെന്നോണം യുണിവേഴ്സല്‍, രാജരാജേശ്വരി, മാര്‍വല്‍സ് എന്നീ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കൊല്ലകടവിന്‍റെ വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം പിടിച്ചു.  വളരെ കുറച്ചു കാലത്തെ സേവനത്തിനു ശേഷം മാര്‍വല്‍സ് അടച്ചു പൂട്ടുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു നാടിന്‍റെ മുഖച്ഛായ തന്നെ മാറ്റാന്‍ പറ്റുന്നു എന്നതിനു തെളിവാണ് നമ്മുടെ കൊല്ലകടവ്.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...