വജ്രവും കരിയും.
പി. റ്റി. കോശിയച്ചൻ.
വിലയേറിയ വജ്രവും നിസ്സാരമായ കരിയും ഒരേ വസ്തു തന്നെയാണ്. ഡയമണ്ട് (വജ്രം) എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലർക്കും ആഭരണങ്ങളിലെ വജ്രത്തിളക്കമാണ് ഓർമ്മയിൽ വരുന്നത്. നവരത്നങ്ങളിൽ ഒന്നായ വജ്രം പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള പദാർഥമാണ്. എന്നാൽ എന്താണ് ഡയമണ്ട്? അത് വെറും കരിയാണ്! അങ്ങനെ മാത്രം പറഞ്ഞാൽ ശരിയാവില്ല, കരിയുടെ ഒരു allotrope എന്നു പറയുന്നതാണ് ശരി. അതായത് ഒരേ രാസ ഗുണത്തോടും വ്യത്യസ്ത ഭൗതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങളെ രൂപാന്തരങ്ങൾ (allotropes) എന്നു പറയും. പെൻസിൽ മുനയായി ഉപയോഗിക്കുന്ന ഗ്രാഫൈറ്റും മറ്റ് നിരവധി വസ്തുക്കളും കാർബൺ രൂപാന്തരങ്ങളായുണ്ട്. വജ്രത്തിന്റെ ക്രിസ്റ്റലിൽ ഓരോ കാർബൺ ആറ്റവും അതിനു ചുറ്റുമുള്ള നാലു കാർബൺ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. വജ്രത്തിനുള്ളിൽ പ്രകാശത്തിന് സംഭവിക്കുന്ന പൂർണ്ണ ആന്തര പ്രതിഫലനമാണ് വജ്രത്തിന്റെ തിളക്കത്തിന് കാരണം. (ഗൂഗിൾ).
കാർബണേക്കുറിച്ച് ഡിക്ക്ഷണറിയിൽ പറയുന്നത്: “പരിശുദ്ധാവസ്ഥയിൽ വജ്രമായും ഗ്രാഫൈറ്റായും പരിശുദ്ധമല്ലാത്ത അവസ്ഥയിൽ കരിയായും കാണപ്പെടുന്നു” എന്നാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ പരിശുദ്ധമായ അവസ്ഥയിൽ ഡയമണ്ട് ആയി തിളങ്ങുന്ന കാർബൺ പരിശുദ്ധാവസ്ഥയിലല്ലാതെ ആയിരുന്നാൽ വെറും കരിയായിരിക്കും. ഇത് മനുഷ്യജീവിതത്തെ സംബന്ധിച്ചും ഒരു യാഥാർത്ഥ്യമാണ്. ജീവിതം വിശുദ്ധമായിരുന്നാൽ അത് എത്ര മഹത്വരമായിരിക്കും! ആ വിശുദ്ധി നഷ്ടപ്പെടുത്തിയാലോ, ജീവിതം എത്രയോ ദുഷിച്ചതായി പരിണമിക്കും!
പോഷക മൂല്യമുള്ളതും രുചികരവുമായ ഭക്ഷണം ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ എത്ര ദുഷിച്ചതായി പരിണമിക്കും. അതുപോലെ വിശുദ്ധി നഷ്ടപ്പെട്ട ജീവിതം എത്രയോ ദുഷിച്ചതായി തീരും. വിശുദ്ധി കാത്തു സൂക്ഷിച്ചാൽ ഡയമണ്ടിനെപ്പോലെ വിലയേറിയ ജീവിതത്തിന്‍റെ ഉടമകളായി പ്രശോഭിക്കുവാൻ കഴിയുമ്പോൾ അനേക ജീവിതങ്ങൾ വിശുദ്ധി നഷ്ടപ്പെടുത്തിയതിനാൽ ദുഷിച്ച അവസ്ഥയിലായിരിക്കുന്നു!
എന്താണ് ജീവിത വിശുദ്ധി? സത്യം, ധർമ്മം, നീതി, സ്നേഹം തുടങ്ങിയ മൂല്യങ്ങളെ നിലനിർത്തുന്ന അവസ്ഥയ്ക്കാണ് ജീവിത വിശുദ്ധി എന്ന് പറയാവുന്നത്. വേറൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ വ്യക്തിയുടെയും ജീവിതം കൊണ്ട് ഈ ലോകത്തിൽ നിറവേറ്റേണ്ട കാര്യങ്ങൾ നിറവേറ്റത്തക്ക വിധത്തിലുള്ള ജീവിത രീതിയാണ് വിശുദ്ധി. ജീവിതത്തിൽ യാതൊരു മൂല്യങ്ങൾക്കും വിലകൽപ്പിക്കാതെ അവരവർക്ക് ബോധിച്ച പ്രകാരം ജീവിക്കുന്ന ജീവിതരീതിയാണ് വിശുദ്ധി നഷ്ടപ്പെട്ട അവസ്ഥ. ലളിതമായി ചിന്തിച്ചാൽ, മറ്റുള്ളവർ നമ്മോട് ഇടപെടുമ്പോൾ, അവർ എങ്ങനെയായിരിക്കണം എന്നാണോ നാം പ്രതീക്ഷിക്കുന്നത്, അതുപോലെ ആയിരിക്കുവാൻ നമുക്ക് സാധ്യമാകുന്ന ഒരു ജീവിതാവസ്ഥയാണ് വിശുദ്ധ ജീവിതം. ഇന്ന് നാം ഡയമണ്ടിനെ പോലെ മഹത്വപൂർണ്ണമായ ഒരു ജീവിതമാണോ, അതോ വെറും കരി പോലെയുള്ള ഒരു ജീവിതമാണോ നയിക്കുന്നത് എന്ന് നമ്മെ തന്നെ പരിശോധിച്ചു, ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതം നയിക്കാൻ നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953