ഡോ. പി. വി. ബൈജു
**
നാട്ടിൽ നടക്കാനിടയുള്ള ഒരു സംഭവത്തിൽനിന്നാരംഭിക്കാം. രാത്രിയിൽ അപരിചിതമായ ഒരു ടൗണിൽ നിന്നും നിങ്ങൾ ഒരിടത്തേക്ക് ഒരു ഓട്ടോറിക്ഷ വിളിക്കുന്നു. ഓട്ടോക്കാരൻ നൂറ് രൂപ കൂലി പറഞ്ഞ ഓട്ടം, ചെറിയൊരു വിലപേശലിനു ശേഷം തൊണ്ണൂറ് രൂപക്ക് സമ്മതിക്കുന്നു. നിങ്ങൾ ഓട്ടോയിൽ കയറി, ലക്ഷ്യസ്ഥാനത്തെത്തി. നിങ്ങൾ ഓട്ടോക്കാരനായി നൂറുരൂപ നോട്ട് നൽകി. അയാളുടെ കൈയിൽ നിങ്ങൾക്ക് തിരിച്ചു തരാനായി പത്ത് രൂപ നോട്ടില്ല. നിങ്ങൾ എന്തുചെയ്യും. നൂറുരൂപയും ഓട്ടോക്കാരന് കൊടുത്ത്, നന്ദി പറഞ്ഞ് പിരിയുമോ?
അങ്ങനെ ചെയ്താൽ നിങ്ങളുടെ ഉള്ളിലെ വികാരം എന്തായിരിക്കും? അതേ സാഹചര്യത്തിൽ ഓട്ടോക്കാരന്റെ കൈയിൽ നിങ്ങൾക്ക് തരാനായി ഇരുപതിന്റെ ഒരു നോട്ട് മാത്രമേ ഉള്ളൂ എന്ന് കരുതുക. അയാൾ നിങ്ങൾക്ക് ഇരുപത് രൂപ മടക്കിതരുന്നു. (അതായത് ആദ്യം നൂറ് രൂപ കൂലി പറഞ്ഞിടത്ത് ഓട്ടോക്കാരൻ എൺപത് രൂപ മാത്രമെടുക്കുന്നു.) നിങ്ങൾ അത് വാങ്ങുമോ? വാങ്ങിയാൽ ഓട്ടോക്കാരന്റെ മനോഭാവവും, വികാരങ്ങളും എങ്ങനെയായിരിക്കും? മാന്യത കൈമുതലായുള്ള ഓട്ടോക്കാരൻ മിക്കവാറും നിങ്ങൾക്ക് ഇരുപത് രൂപ തിരികെ തരും. മാന്യത കൈമുതലായുള്ള യാത്രക്കാരൻ മിക്കവാറും ആ ഇരുപതുരൂപ വാങ്ങാതെ പോരും. ഈയവസരത്തിൽ പത്തുരൂപ കൂടുതൽ കിട്ടിയതിന്റെ അധികസന്തോഷം ഓട്ടോക്കാരനോ, പത്തുരൂപ അധികം നഷ്ടപ്പെട്ടതിന്റെ ദുഃഖം യാത്രക്കാരനോ ഉണ്ടാകാനിടയില്ല. ഈ സാഹചര്യങ്ങളിൽ പണത്തിന്റെ വിനിമയം തീരുമാനിക്കുന്നത് പണത്തിന്റെ മൂല്യത്തിനുമാപ്പുറമുള്ള സാഹചര്യങ്ങളാണ്.
ഇനി നോർത്ത് അമേരിക്കയിലേക്ക് വരാം. നിങ്ങൾ ഒരു സാധനം വാങ്ങാനായി ആലോചിക്കുന്നു. നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന വസ്തുവിന് ഒരു കടയിൽ വിലക്കിഴിവ് ഉണ്ടെന്ന് നിങ്ങളുടെ സുഹൃത്ത് പറഞ്ഞറിഞ്ഞു. കുറച്ച് വിലക്കിഴിവ് പ്രതീക്ഷിച്ച് കുറച്ചധികം ദൂരം വണ്ടിയോടിച്ച് നിങ്ങളവിടെ ചെല്ലുമ്പോഴാണ്, ആ സാധനത്തിന്റെ വിലക്കിഴിവ് കഴിഞ്ഞതായി അറിയുന്നത്. സാധനത്തിന് പഴയ വില തന്നെ. നിങ്ങൾ കരുതിയതിനേ ക്കാളും മുന്തിയ വിലകൊടുത്ത് ആ വസ്തു നിങ്ങൾ വാങ്ങിച്ചിട്ടുപോരുമോ? ചിലപ്പോൾ വാങ്ങിക്കും. ചിലപ്പോൾ വേറെ കട തിരക്കിപോരും. ആ തീരുമാനത്തെ നിർണ്ണയിക്കുന്നത് പല സാഹചര്യങ്ങളാണ്. ആ വസ്തുവിനെക്കൊണ്ടുള്ള ആവശ്യത്തിന്റെ തിടുക്കം, വസ്തുവിന്റെ
വില, നിങ്ങളുടെ സമയം, സാധനത്തിന്റെ വിലയിലെ അന്തരം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. വേറെ കടയിൽ പോകാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ നിങ്ങളുടനെ സാധനം കൂടുതൽ വിലകൊടുത്തു വാങ്ങും; ആ സാധനം വളരെ അത്യാവശ്യമുള്ളതാണെങ്കിലും ഉടനെ വാങ്ങും. ഇവിടെയൊക്കെ പണത്തിന്റെ മൂല്യത്തേെക്കാളുപരി, മറ്റ് സാഹചര്യങ്ങളാണ് പണത്തിന്റെ വിനിയോഗത്തെ നിർണ്ണയിക്കുന്നത്.
പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (Behavioural Economics)
സാമ്പത്തിക തീരുമാനങ്ങളുടെ പിറകിലെ മനഃശാസ്ത്രഘടകങ്ങളെക്കുറിച്ച് പഠിക്കുന്ന മേഖലയാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രം. (Behavioural Economics). 2017 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ പ്രൈസ് ചിക്കാഗോ സർവകലാശാല അധ്യാപകനായ റിച്ചാർഡ് തെയ്‌ലറിന്, ലഭിച്ചത് ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ്. അതോടുകൂടി, സാമ്പത്തികശാസ്ത്രത്തിലും മാർക്കറ്റിംഗിലും മറ്റും മനുഷ്യരുടെ പെരുമാറ്റരീതികളുടെ ഇടപെടലുകൾ കൂടുതലായി ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള റിച്ചാർഡിന്റെ ട്വീറ്റും വലിയ ചർച്ചക്കും, രാഷ്ട്രീയ വാഗ്വാദങ്ങൾക്കും വഴിതെളിക്കുകയുണ്ടായി.
കറൻസിരഹിത സമൂഹം എന്നത് നല്ല ആശയമാണെങ്കിലും, ഇന്ത്യയിൽ അത് നടപ്പിലാക്കിയത് ആഴത്തിലുള്ള വൈകല്യങ്ങളോടെയായിരുന്നെന്നും, രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത്, നോട്ട് റദ്ദാക്കലിന്റെ ഉദ്ദേശ്യത്തെതന്നെ തകർത്തുവെന്നുമാണ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
2002 ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം നേടിയ ഇസ്രായേൽ അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ഡാനിയൽ കനേമാൻ ആണ്, പെരുമാറ്റ സാമ്പത്തികശാസ്ത്രത്തിന്റെ വേറൊരു ശില്പി. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഒരു മന:ശാസ്ത്രജ്ഞന് നൽകിയത്, അക്കാദമിക് ലോകത്ത് വലിയ വാർത്തയായിരുന്നു. ഡാനിയേലും, റിച്ചാർഡും കൂട്ടരും ചേർന്നാണ് പെരുമാറ്റ സാമ്പത്തികശാസ്ത്രത്തിന്റെ ആദ്യകാല സംഭാവനകൾ നൽകിയത്.
സാമ്പത്തികശാസ്ത്രത്തിന്റെ (Economics) അടിത്തറ പ്രമാണമാണ് ഡിമാന്റ് സപ്ലൈ നിയമം. അതായത് സാധനം കൂടുതൽ ലഭ്യമാകുന്നതിനുസരിച്ച് വില കുറയും. ഡിമാന്റ് കൂടുന്നതനുസരിച്ച് ചന്തയിൽ സാധനങ്ങളുടെ വില കൂടും. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി, സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതിൽ, ഓരോരുത്തരും തങ്ങളുടെ യുക്തിയെ ആശ്രയിക്കുന്നുവെന്ന്
അവർ പ്രതിപാദിച്ചു. ഒരാളുടെ അനുഭവത്തിന്റെയും സ്വന്തം ആലോചനകളുടെയും വെളിച്ചത്തിൽ (heuristics) ആണ് സാമ്പത്തിക തീരുമാനങ്ങൾ എന്ന് അവർ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ മാർക്കറ്റിംഗിലും കച്ചവടത്തിലും അതുപോലെ തന്ന ആരോഗ്യമേഖലകളിലും മറ്റും നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കി.
മൂത്രപ്പുരയിലെ ഈച്ച
2008 ൽ റിച്ചാർഡ് തെയ്‌ലറും, കാഡ് സൺ സ്റ്റെയിനും ചേർന്ന് എഴുതിയ പുസ്തകമാണ് നഡ്ജ് (Nudge : improving decisions about wealth, and happiness). ആളുകളുടെ സ്വഭാവരീതി എങ്ങനെ അവരുടെ സാമ്പത്തിക, ആരോഗ്യ, റിട്ടയർമെന്റ് തുടങ്ങിയ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നതായിരുന്നു ആ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. അതിലെ ഒരു ഉദാഹരണം വളരെ സരസവും, ചിന്തോദ്ദീപക്തവുമാണ്.
പുരുഷന്മാരുടെ ഒരു മൂത്രുപ്പുരയിൽ മൂത്രം വീഴുന്നിടത്ത് ഒരു ഈച്ച കിടക്കുന്നുണ്ടെന്ന് കരുതുക. എങ്കിൽ മൂത്രമൊഴിക്കുന്നവർ ആ ഈച്ചയുടെ മേലേക്ക് കൃത്യമായി മാത്രം ഒഴിക്കുകയും, മൂത്രം പുറത്തേക്ക് തെറിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. 1990ൽ ആംസ്റ്റർഡാമിലെ വിമാനത്താവളത്തിൽ ശൗചാലയങ്ങളിൽ, യാത്രക്കാർ മൂത്രമൊഴിക്കുമ്പോഴത്തെ അശ്രദ്ധമൂലം ഉണ്ടായ വൃത്തികേട് ഒഴിവാക്കാൻ പരീക്ഷിച്ചതാണിത്. അതുവഴി ശൗചാലയങ്ങളുടെ വൃത്തി കൂടിയെന്ന് മാത്രമല്ല, അവ വൃത്തിയാക്കുന്നതിനുള്ള ചെലവും കുറഞ്ഞു. അതിനെ ആസ്പദമാക്കിയാണ് റിച്ചാർഡ് ഈ തിയറിയും, നഡ്ജുകളും അവതരിിക്കുന്നത്.
എന്താണ് ലാഭം
സാമ്പത്തികശാസ്ത്ര ക്ലാസുകളിൽ ലാഭം എന്ന വാക്ക് പ്രധാനമാണ്. ഒരു വസ്തു വാങ്ങാൻ ഒരാൾ കൊടുക്കാൻ തയ്യാറായ തുകയും, അത് വാങ്ങാൻ യഥാർത്ഥത്തിൽ കൊടുത്ത തുകയും തമ്മിലുള്ള അന്തരമാണ് ലാഭനഷ്ടം തീരുമാനിക്കുന്നത്. ഉദ്ദേശിച്ചതിനേക്കാൾ കൊടുക്കുന്നതെങ്കിൽ നഷ്ടം. ഇവിടെയും യഥാർത്ഥത്തിൽ വിനിമയം ചെയ്ത പണത്തേക്കാൾ മനസ്സിനുണ്ടാകുന്ന തോന്നലാണ് ലാഭവും, നഷ്ടവും തീരുമാനിക്കുന്നത്. കച്ചവടത്തിൽ ഒരു രൂപക്ക് വലിയ വിലയുണ്ട്. നിങ്ങൾ ഒരു കടയിൽ സാധനം വാങ്ങിക്കഴിഞ്ഞ് ബാക്കി ഒരുരൂപക്ക് പകരം ഒരു മിഠായി കിട്ടുന്നെങ്കിൽ, ഉപഭോക്താക്കൾ അത് ഒഴിവാക്കും. മറിച്ച് കൃത്യമായി ബാക്കി കിട്ടുന്ന കടയിൽ തിരക്കേറും. എന്നാൽ ബിൽ തുകയിൽനിന്നും ഒരു രൂപ കുറച്ചാണോ കടക്കാരൻ എടുക്കുന്നതെങ്കിലോ, അവിടെ വീണ്ടും തിരക്കേറും. കാരണം അവിടെ ഒരു രൂപയുടെ മൂല്യത്തേക്കാൾ വലുതായാണ്, ഉപഭോക്താക്കൾ കടക്കാരന്റെ നയത്തെ കാണുന്നത്.
ഒരേ റോഡിൽ രണ്ട് ഐസ്‌ക്രീം കടകൾ. രണ്ടിലും ഒരേ തരത്തിലുള്ള ഐസ്‌ക്രീമുകളും, ഒരേ വിലയും. എന്നാൽ ഒന്നിൽ നല്ല കച്ചവടം. മറ്റേതിൽ കച്ചവടം മോശം. തന്റെ കച്ചവടം കുറയുന്നതിന്റെ കാരണമറിയാൻ, കടക്കാരൻ മാനേജ്‌മെന്റ് വിദഗ്ദ്ധരെ വച്ചു. അവർ കുറെ നിർദേശങ്ങൾ വച്ചിട്ടും ഒരു മാറ്റവും ഉണ്ടായില്ല. ഒടുവിൽ മാനേജ്‌മെന്റ്ൻ വിദഗ്ദ്ധൻ തന്റെ കൊച്ചുമകളെയും കൂട്ടി, രണ്ടു കടകളിൽ നിന്നും ഐസ്‌ക്രീം വാങ്ങി. വീണ്ടും വാങ്ങാനായി പോയപ്പോൾ ഏത് കടയിൽനിന്നും ഐസ്‌ക്രീം വേണമെന്ന് മകളോട് ചോദിച്ചു. അവൾ, ഐസ്‌ക്രീം കൂടുതലായി വില്ക്കുന്ന കട ചൂണ്ടിക്കാണിച്ചു. കാരണം തിരക്കിയപ്പോൾ മകൾ പറഞ്ഞു. അവിടത്തെ അങ്കിൾ എനിക്ക് കൂടുതൽ ഐസ്‌ക്രീം തരും. രണ്ടിടത്തെയും, സെർവർമാർ രണ്ട് രീതിയിലാണ് ഐസ്‌ക്രീം കപ്പിൽ നിറച്ചിരുന്നത്. കൂടുതൽ വിൽക്കുന്നിടത്തെ ആൾ, സ്‌കൂപ്പ് കൊണ്ട് ഐസ്‌ക്രീം കപ്പിൽ ഇട്ടതിനുശേഷം, ഒരു ഇത്തിരി കൂടി അതിന്റെ മുകളിൽ ഇട്ടുകൊടുക്കും. വില്പന കുറവായിരുന്ന കടയിൽ കപ്പിൽ ഐസ്‌ക്രീം ഇട്ടതിനുശേഷം, അളവ് കൂടുതലായതിനാൽ ഇത്തിരി എടുത്ത് മാറ്റുമായിരുന്നു. രണ്ടുപേരും നൽകുന്ന അളവ് കൃത്യമായിരുന്നെങ്കിലും കൊടുക്കുന്ന രീതിയിലെ വ്യത്യാസമാണ് ആളുകളെ ഒരു കടയിലേക്ക് കൂടുതലായി ആകർഷിച്ചത്.
ആട്, തേക്ക്, മാഞ്ചിയം
മലയാളിയും, ചില സാമ്പത്തിക സ്വഭാവങ്ങൾ വച്ച് പുലർത്തുന്നവരാണ്. പണിയെടുക്കാതെ കാശുണ്ടാക്കുകയെന്നതായിരിക്കാം, നാട്ടിലെ മലയാളികളെക്കുറിച്ച് പൊതുവേ പറയാറുള്ളത്. അത് ഒട്ടൊക്കെ ശരി തന്നെയെന്നാണ് കുപ്രസിദ്ധമായ സാമ്പത്തിക തട്ടിപ്പുകൾ വെളിവാക്കുന്നത്. എൺപതുകളിൽ ലാബെല്ല ഫിനാൻസിയേഴ്‌സ്, തൊണ്ണൂറുകളിൽ ആട് തേക്ക് മാഞ്ചിയം, രണ്ടായിരം മുതലിങ്ങോട്ട് ശബരി, നിർമൽകൃഷ്ണ, എവറസ്റ്റ് ചിട്ടി ഫണ്ട്, ലിസ്… ഇങ്ങനെ അനവധി സാമ്പത്തിക തട്ടിുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഒന്നു വച്ചാൽ രണ്ട് എന്നു കേട്ടാൽ, ചുറ്റുപാടും മലയാളികൾ ഓടിക്കൂടും. അയൽപക്കക്കാരന്റെ പൊങ്ങച്ചത്തിനൊപ്പം നിൽക്കാൻ പണം ചെലവഴിക്കാൻ മലയാളി എന്നും തയ്യാറാണ്. അതിനാലാണ്, മുന്തിയ ബ്രാന്റ് ഉല്പന്നങ്ങളുടെ വില്പനയിൽ കേരളം എന്നും മുന്നിൽ നിൽക്കുന്നത്.
മലയാളികൾ പത്ത് പൈസ വ്യായാമത്തിനായി ചെലവഴിക്കില്ല. ഇത്തിരിനേരം പോലും ശരീരത്തിന് കൊടുക്കാതെ പണിയെടുത്ത് കാശുണ്ടാക്കും. ഒടുവിൽ ആ കാശ് സകലമാന അസുഖങ്ങൾക്കും ചികിത്സിച്ച് പാഴാക്കി കളയും. മുന്തിയ വാഹനങ്ങൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും, കുടുംബവുമൊത്ത് സന്തോഷപ്രദമായ യാത്രകൾക്ക്, പ്രത്യേകിച്ച് കേരളം വിട്ടുള്ള യാത്രകൾക്ക് മലയാളി സാധാരണ പോകാറില്ല. വിവാഹം, വീടുപണി, മക്കളുടെ വിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളിലാണ് മലയാളിയുടെ സ്വപ്നങ്ങളും സമ്പത്തും ചുറ്റിക്കറങ്ങുന്നത്. അതുപോലെ, കേരളത്തിലെ വ്യവസായങ്ങളും.
വടക്കെ അമേരിക്കയിൽ നമ്മൾ കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, പലപ്പോഴും നാം ഉദ്ദേശിച്ചതിലധികം വാങ്ങാറുണ്ട്. നമ്മുടെ ചെലവഴിക്കൽ രീതികളെ മനസ്സിലാക്കി കച്ചവടക്കാർ ഒരുക്കുന്ന തന്ത്രങ്ങളിൽ നമ്മളും വീണുപോകാറുണ്ട്. ഓരോ കടയിലും, സാധനങ്ങൾ വെക്കുന്ന സ്ഥലങ്ങൾ, അടക്കിവെക്കുന്ന രീതി, എടുക്കാനുള്ള സൗകര്യം, തുടങ്ങിയവയെല്ലാം ഉപഭോക്താക്കളുടെ സ്വഭാവങ്ങളെ പഠിച്ച്, വിശകലനം ചെയ്തതിന്റെ വെളിച്ചത്തിൽ രൂപപ്പെടുത്തുന്നതാണ്. നമ്മളറിയാതെ നമ്മുടെ തന്നെ സാമ്പത്തിക തീരുമാനങ്ങൾ, കച്ചവടക്കാർ പഠിച്ചെടുക്കുകയും നമ്മെ കൂടുതൽ വാങ്ങാൻ അവർ പ്രേരിപ്പിക്കുകയും ചെയ്യുന്നു.