ദൈവകൃപ- പ്രൊഫ. മേരി തോമസ്

Date:

 

നാം ഒരിക്കലും അര്‍ഹിക്കാത്ത, നമുക്കു സ്വയം നേടാന്‍ കഴിയാത്ത ഒരു അവസ്ഥ ഒരാള്‍ നല്‍കുന്നു എന്നു സങ്കല്‍പ്പിക്കുക. നല്‍കുന്ന ആളിന്‍റെ നന്മകൊണ്ടു മാത്രം നമുക്കു ലഭിക്കന്നതാണത്. നാം എത്ര അദ്ധ്വാനിച്ചാലും, സല്‍പ്രവൃത്തികള്‍ ചെയ്താലും നേടാന്‍ കഴിയാത്തത്- അതാണ് ദൈവകൃപ. ദൈവത്തിന്‍റെ നന്മയുടേയും നമ്മോടുള്ള സ്നേഹത്തിന്‍റേയും ഫലമായി ദൈവത്തില്‍നിന്നു ലഭിക്കുന്ന അനുഗ്രഹമാണത്

നാം ധാരാളം ഉപയോഗിക്കാറുള്ള ഒരു വാക്കാണ് “ദൈവകൃപ”.  അതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമൊക്കെ നാം ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരാണ്. എന്താണ് ദൈവകൃപ?  സ്വര്‍ഗ്ഗത്തില്‍നിന്ന് താഴേയ്ക്ക് ഒഴുകുന്ന ദൈവസ്നേഹമാണ് കൃപ. നാം ഒരിക്കലും അര്‍ഹിക്കാത്ത, നമുക്കു സ്വയം നേടാന്‍ കഴിയാത്ത ഒരു അവസ്ഥ ഒരാള്‍ നല്‍കുന്നു എന്നു സങ്കല്‍പ്പിക്കുക. നല്‍കുന്ന ആളിന്‍റെ നന്മകൊണ്ടു മാത്രം നമുക്കു ലഭിക്കന്നതാണത്. നാം എത്ര അദ്ധ്വാനിച്ചാലും, സല്‍പ്രവൃത്തികള്‍ ചെയ്താലും നേടാന്‍ കഴിയാത്തത്- അതാണ് ദൈവകൃപ. ദൈവത്തിന്‍റെ നന്മയുടേയും നമ്മോടുള്ള സ്നേഹത്തിന്‍റേയും ഫലമായി ദൈവത്തില്‍നിന്നു ലഭിക്കുന്ന അനുഗ്രഹമാണത്.

മനുഷ്യര്‍ പാപികളാണ്. പാപത്തില്‍ ഉളവായവര്‍. പാപത്തില്‍ ജീവിക്കുന്നവര്‍- എന്നാല്‍ ദൈവത്തിന്‍റെ സ്നേഹവും കൃപയും മനുഷ്യരെ പുതിയ സൃഷ്ടികളാക്കുന്നു. പാപത്തിന്‍റെ ഫലമായി ശിക്ഷിക്കപ്പെടേണ്ട മനുഷ്യനെ ദൈവകൃപ ശിക്ഷയില്‍നിന്നും മോചിതരാക്കുന്നു. പാപത്താല്‍ മുഷിഞ്ഞതും കളങ്കിതവുമായ വസ്ത്രം നീക്കി, രക്ഷയുടെ പുതിയ ശുഭ്രവസ്ത്രം അവര്‍ക്കു നല്‍കുന്നു.

കൃപ പരിപൂര്‍ണ്ണമായും സൗജന്യമാണ്. നാം എന്തെങ്കിലും പകരം നല്‍കണമെന്ന്, കൃപയുടെ ദാതാവ് ആഗ്രഹിക്കുന്നില്ല. തിരിച്ചു നല്‍കാന്‍ നമുക്ക് ഒന്നുകൊണ്ടും, ഒരിക്കലും സാദ്ധ്യമല്ലതാനും. ബിരുദം, ജോലി, ശമ്പളം, മറ്റുള്ളവരുടെ പ്രീതി, ബഹുമതി, സമ്പത്ത്, ബിസിനസ്സിലോ, സ്പോര്‍ട്ട്സിലോ ഒക്കെ വിജയം- ഇതെല്ലാം നമുക്കു ലഭിക്കുന്നത് നമ്മുടെ പ്രവൃത്തിയുടെ,  അദ്ധ്വാനത്തിന്‍റെ ഫലമായിട്ടാണ്. ചില പരസ്യങ്ങളുണ്ടല്ലോ ഇത്ര ഡോളര്‍ സംഭാവന ചെയ്യുക, ഇന്ന പുസ്തകം സൗജന്യം, ഇത്ര പവന്‍ സ്വര്‍ണ്ണം വാങ്ങുക, ഒരു ബാഗ് സൗജന്യം. അവിടെയൊക്കെ നമുക്കു സൗജന്യമായി എന്തെങ്കിലും ലഭിക്കണമെങ്കില്‍ അതിന്‍റെ വിലയുടെ എത്രയോ ഇരട്ടി നാം അങ്ങോട്ടു കൊടുക്കണം. എന്നാല്‍ നാം ഒന്നും കൊടുക്കാതെ  നമുക്കു കിട്ടുന്നതാണ് കൃപ.

കൃപയുടെ മൂര്‍ത്തീകരണമാണ് യേശുക്രിസ്തു. അവന്‍ ലോകത്തിലേക്ക് വന്നത് പാപം മൂലം നേരിട്ട ശാപത്തില്‍നിന്ന് മനുഷ്യരാശിയെ വീണ്ടെടുക്കാനാണ് അവന്‍ നല്‍കുന്ന രക്ഷയും വീണ്ടെടുപ്പും തികച്ചും സൗജന്യമാണ്. അതിനു പകരം നല്‍കാന്‍ നമുക്കൊരിക്കലും സാദ്ധ്യമല്ല.

വിശ്വാസംമൂലം നാം രക്ഷിക്കപ്പെടുന്നു. പാപം ചെയ്യാന്‍ സാദ്ധ്യതയുള്ളപ്പോള്‍ത്തന്നെ അതായത് നാം ബലഹീനരായിരിക്കുമ്പോള്‍ത്തന്നെ, ദൈവം നമ്മെ നീതീകരിക്കുന്നു. വിശ്വാസികളുടെ പിതാവ് എന്നു വിളിക്കപ്പെട്ടെ അബ്രഹാം, എത്രയോ പ്രാവശ്യം തെറ്റിപ്പോയതായി തിരുവചനം കാണിക്കുന്നു. അതുപോലെ, ദാവീദ് ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിരുന്നിട്ടും പാപത്തില്‍ വീണു. വിശ്വസിച്ച് നീതീകരിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തു എന്നതുകൊണ്ട് നാം ബലഹീനതകളും പോരായ്മകളും ഇല്ലാത്തവരായി എന്നു വരുന്നില്ല. വീഴ്ചകളും താഴ്ചകളും എല്ലാം അപ്പോഴും ഉണ്ടാകാം. എന്നാല്‍ വീണിടത്തുതന്നെ പരാജയം സമ്മതിച്ച് നാം കിടക്കേണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ഏതില്‍നിന്ന്, എവിടെ, വീണു എന്നു മനസ്സിലാക്കി കുറ്റം ഏറ്റുപറയുമ്പോള്‍ ക്ഷമിക്കുന്നവനും കുറ്റം ചെയ്തവരെ നീതീകരിക്കുന്നവനുമാണ് ദൈവം.

വിശുദ്ധ പൗലോസ് റോമര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു, അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.”

ജോലിചെയ്യുന്നവരെല്ലാം തങ്ങളുടെ സമ്പളം കാത്തിരിക്കുന്നു. അതവരുടെ അവകാശമാണ്. രണ്ടാഴ്ച അല്ലെങ്കില്‍ ഒരു മാസം അദ്ധ്വാനിച്ചതിന്‍റെ പ്രതിഫലമാണത്. അതു കയ്യില്‍ കിട്ടുമ്പോള്‍ ജോലിക്കാരന്‍ എന്താണ് ചെയ്യുക?  തുറന്ന് ചെയ്ത  മണിക്കൂറുകളും അതിനുള്ള ശമ്പളവും ഒക്കെ ശരിക്ക് ഉണ്ടോ എന്നു പരിശോധിക്കും. അല്‍പ്പമെങ്കിലും കുറവോ കണക്കില്‍ തെറ്റോ ഉണ്ടെങ്കില്‍ ഉടനെതന്നെ തിരുത്തിയെടുക്കുക. അല്ലാതെ മേലധികാരിയുടെ മുമ്പില്‍ ചെന്ന് കുമ്പിട്ട് താണുവീണ്, ” നന്ദി, നന്ദി, ഞാന്‍ അര്‍ഹിക്കാത്ത ഈ ദാനത്തിനു നന്ദി. എന്തു പ്രത്യുപകാരമാണ് ഞാനിതിനു ചെയ്യേണ്ടത്?” എന്നൊന്നും പറയാറില്ല. കാരണം ആ ശമ്പളം ആരുടേയും സൗജന്യമല്ല, ദാനമല്ല, ജോലിക്കാര്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചിട്ട് കിട്ടിയ പ്രതിഫമമാണ്. അതു അയാള്‍ അര്‍ഹിക്കുന്നു. അതയാള്‍ക്ക് അവകാശപ്പെട്ടതാണ്.  എന്നാല്‍ ദൈവസന്നിധിയിലെ സാമ്പത്തിക ശാസ്ത്രം അങ്ങനെയല്ല, അത്യന്തം വ്യത്യസ്തമാണ്.

വാസ്തവത്തില്‍ പാപികളായ നാം അര്‍ഹിക്കുന്ന, നമുക്കു കിട്ടാനുള്ള ശമ്പളം എന്താണ്?   അപ്പോസ്തോലനായ പൗലോസിന്‍റെ വാക്കുകളില്‍ ” പാപത്തിന്‍റെ ശമ്പളം മരണമത്രേ.”  പരിശുദ്ധനും നീതിമാനുമായ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മുമ്പില്‍ നാം നികൃഷ്ടരും ഒന്നിനും അര്‍ഹതയില്ലാത്തവരും, കടക്കാരും, ആത്മീകമായി യാതൊരു യോഗ്യതയും ഇല്ലാത്തവരുമാണ്. ദൈവത്തിന്‍റെ ദാനമായ കൃപയുടെ അടിസ്ഥാനത്തിലല്ലാതെ ദൈവസന്നിധിയില്‍ നമുക്കു യാതൊരു പ്രാഗത്ഭ്യവുമില്ല. വിശാസത്താല്‍, യേശുക്രിസ്തുമൂലം നാം മരിക്കേണ്ട സ്ഥാനത്ത് നമുക്കു പകരമായി, നമുക്കുവേണ്ടി യേശുക്രിസ്തു മരിച്ചതുകൊണ്ട്, നമ്മുടെ കടം ഒരിക്കലായിട്ട്, എന്നേക്കുമായി വീട്ടി, ബാദ്ധ്യത തീര്‍ത്തതുകൊണ്ട്, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തോടു നിരപ്പും സമാധാനവും ലഭിക്കുന്നു.

നിയമങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും നമ്മെ നേര്‍വഴിക്കു നയിക്കാന്‍ കഴിവില്ല എന്ന് അനുഭവത്തില്‍നിന്ന് മനസ്സിലാക്കണം. നിയമങ്ങളുളളിടത്ത് അനുസരണം പോലെതന്നെ ലംഘനവും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. രാജ്യത്ത് നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതുകൊണ്ടല്ലല്ലോ അക്രമങ്ങളും കുറ്റങ്ങളും ഉണ്ടാകുന്നത്. നമ്മിലെ പാപസ്വഭാവവും സാത്താനും തെറ്റുകള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സാത്താന്‍റെ പ്രലോഭനങ്ങളും പരീക്ഷകളും നമ്മെ വീഴ്ത്തുന്നു. അറിയാതെ മാത്രമല്ല, അറിഞ്ഞുകൊണ്ടും നാം പാപം ചെയ്യുന്നു. ശരീരംകൊണ്ടു ചെയ്യുന്നതു മാത്രമല്ല,മനസ്സുകൊണ്ടു ചെയ്യുന്നതും പാപമാകുമെന്ന് യേശു പഠിപ്പിച്ചു.

അപ്പോള്‍, നിയമങ്ങള്‍കൊണ്ട് നമ്മെ പാപവിമുക്തരാക്കാമെന്ന് ചിന്തിക്കുന്നത് മൂഢതയാണ്. വി. പൗലോസ് തന്നെ പറയുന്നുണ്ടല്ലോ അരുത് എന്ന് വിലക്കിയില്ലെങ്കില്‍ നാം പാപത്തെ അറിയുകയോ അതു ചെയ്യുകയോ ചെയ്കയില്ല എന്ന്. എന്നാല്‍ പാപം പെരുകിയ ഇടത്ത് ദൈവകൃപയും വര്‍ദ്ധിച്ചു എന്നു കാണുന്നത് എത്ര ആശ്വാസകരമാണ്. അതുതന്നെയാണ് വി. പൗലോസ് എഫേസ്യര്‍ക്ക് എഴുതുമ്പോഴും ആവര്‍ത്തിക്കുന്നത്. ” കൃപയാലല്ലോ നിങ്ങള്‍ വിശാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനും  നിങ്ങള്‍ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.”

 

അനുതാപവും വിനയവുമുള്ള ഹൃദയത്തോടുകൂടെ, ദൈവസന്നിധിയില്‍ വരുന്ന ഏതു പാപിയോടും ദൈവത്തിനു പറയുവാനുള്ളതും ഇതു തന്നെയാണ്. അവന്‍ നമ്മുടെ ഭയവും സംശയങ്ങളും എല്ലാം  നീക്കുന്നു. നാം അര്‍ഹിക്കാത്ത  അനുഗ്രഹങ്ങളെ നമ്മുടെമേല്‍ ചൊരിയുന്നു. ധൈര്യത്തോടും വിശ്വാസത്തോടും കൂടെ അവന്‍റെ നന്മയുടെ ഓഹരിക്കാകാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

ഭൂതലത്തിലെ പാപങ്ങളുടെ മോചനം, വര്‍ത്തമാനകാലത്തില്‍ വിജയകരമായ വിശ്വാസജീവിതം നയിക്കാനുള്ള ആത്മീക വരങ്ങളും അനുഗ്രഹങ്ങളും ഭാവിയില്‍ നിത്യതയെക്കുറിച്ചുള്ള ധൈര്യവും പ്രത്യാശയും എല്ലാം നല്‍കുന്നത് വാസ്തവത്തില്‍ ഇതൊന്നും അര്‍ഹിക്കാത്തവര്‍ക്കാണ്. അതും യാതൊരു നിബന്ധനയുമില്ലാതെ, സൗജന്യമായി!

നാം ആയിരിക്കുന്ന ഫലശൂന്യമായ അവസ്ഥയില്‍നിന്നും ചുറ്റുപാടില്‍നിന്നും ദൈവം നമ്മെ വീണ്ടെടുത്ത്, തന്‍റെ സമൃദ്ധിയിലേക്ക്, തന്നോടുള്ള ആത്മീയ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും നാം തയ്യാറാണെങ്കില്‍ തന്‍റെ നിര്‍ല്ലോഭമായ അനുഗ്രഹങ്ങളും കൃപകളും അനുഭവിക്കന്നതിനു നമ്മെ പ്രാപ്തരും യോഗ്യരും ആക്കുകയാണ്. അതാണ് ദൈവകൃപ. വിശാസത്താലും അനുസരണത്താലും സമര്‍പ്പണത്താലും നമുക്ക് അതിനു അര്‍ഹരാകാം.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...