പി. റ്റി. കോശിയച്ചൻ.

ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന്റെ മുകളിൽ വന്നിരുന്ന് ഒരു കാക്ക അതിനെ ആക്രമിക്കുവാനും, അതിന്റെ തലയ്ക്ക് പിന്നിൽ തുടർച്ചയായി കൊത്തുവാനും തുടങ്ങി. പരുന്തിന് വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ തയ്യാറാകാതെ പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് ഉയരത്തിലേക്ക് തന്നെ പറന്നു. വളരെയധികം ഉയരത്തിൽ എത്തിയപ്പോൾ കാക്കയ്ക്ക് അവിടത്തെ കടുത്ത ചൂടിലും മർദ്ദത്തിലും പിടിച്ചു നിൽക്കാനാകാതെ സ്വയം പിടഞ്ഞ് താഴെ വീണു. (ഗൂഗിൾ).
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അവയെ നാം നേരിടുന്നത് എങ്ങനെ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പലരും പല വിധത്തിൽ ആവും അവയെ നേരിടുവാൻ ശ്രമിക്കുന്നത്. കാക്ക വർഗ്ഗസ്നേഹം ഉള്ള ഒരു ജീവിയാണ്. ഒരുപക്ഷേ പരുന്ത് കാക്കയെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് കാക്കകളും കൂടി ചേർന്ന് പരുന്തിനെ തിരിച്ച് ആക്രമിക്കുവാൻ സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ ഉയരത്തിലേക്ക് പറന്ന പരുന്ത് ഒന്നും ചെയ്യാതെ തന്നെ കാക്കയുടെ കഥ കഴിഞ്ഞു. പ്രതിസന്ധികളും എതിർപ്പുകളും ഉണ്ടാവുമ്പോൾ അവയിലേക്ക് ശ്രദ്ധ തിരിക്കാതെ ഉന്നതമായ ലക്ഷ്യത്തിലേക്കുതന്നെ പറന്നുയരുകയാണ് ആവശ്യം.
ജീവിതയാത്രയിൽ നിരവധി തടസ്സങ്ങൾ ഉണ്ടാവാം, എതിരാളികളും ഉണ്ടാവാം. എന്നാൽ ഏകാഗ്രതയോടെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവർക്ക് ഉയരത്തിലേക്ക് പോകുന്നതിന് ഇവയൊന്നും തടസ്സങ്ങൾ ആവില്ല. നമ്മുടെ ശ്രദ്ധ പ്രതിസന്ധികളിൽ ആവരുത്, ലക്ഷ്യത്തിലേക്ക് തന്നെ ആയിരിക്കണം. കാക്ക കൊത്തുമ്പോൾ വേദനയുണ്ടാവും. അതിനെ അവഗണിക്കുവാനുള്ള മന:ശക്തി ഉണ്ടാവണം. അല്പം കഴിയുമ്പോൾ കാക്കയ്ക്ക് കൊത്തുവാൻ കഴിയാത്ത വിധം നാം ഉന്നതത്തിൽ എത്തിയിരിക്കും. പ്രതിസന്ധികളെ നേരിടുവാനുള്ള ശക്തി ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷേ ചില സന്ദർഭങ്ങളിൽ നിരാശപ്പെട്ടുപോയി എന്ന് വരാം. എന്നാൽ നമ്മുടെ ലക്ഷ്യബോധവും സ്ഥിരോത്സാഹവും നിരാശയെ അതിജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും.
ഉറച്ച മനസ്സോടെ പ്രതിസന്ധികളെ അവഗണിക്കുവാൻ നാം സന്നദ്ധരാവണം. ഇതിന് നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ദൈവത്തിലുള്ള നമ്മുടെ ആശ്രയം. നമ്മെ കരുതുകയും പരിപാലിക്കുകയും ചെയ്യുവാൻ നമുക്കൊരു ദൈവം ഉണ്ട് എന്ന ബോധ്യം നമുക്ക് നൽകുന്ന കരുത്ത് ചില്ലറയല്ല. ആ ബോധ്യം അസാദ്ധ്യമായതിനെ നേരിടുവാൻ നമ്മെ പ്രാപ്തരാക്കും. ആ ദൈവത്തിലുള്ള വിശ്വാസം ദൈവത്തിൽ പൂർണ്ണമായി ആശ്രയിപ്പാൻ നമ്മെ പ്രാപ്തരാക്കും. ദൈവാശ്രയം നമുക്ക് പ്രദാനം ചെയ്യുന്ന ആ വലിയ ആന്തരിക ശക്തിയാണ് എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറുവാൻ നമ്മെ ശക്തീകരിക്കുന്നത്. നാം സ്വയം ബലഹീനർ എന്ന് തോന്നിയാലും ഈ ആന്തരിക ശക്തി ഏത് പ്രതികൂലങ്ങളെയും തരണം ചെയ്യുവാൻ നമ്മെ ശക്തീകരിക്കും. ദൈവത്തിൽ വിശ്വസിച്ച് ആശ്രയിച്ച് ധൈര്യമായി നമുക്ക് മുന്നോട്ടു പോകാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-