പി. റ്റി. കോശിയച്ചൻ.

പണ്ടു പണ്ട് പാലാഴി കടഞ്ഞപ്പോള് അമൃത് കിട്ടി. ആധുനിക കാലത്ത്, ഭൂമി തുരന്നു താഴേക്കു പോയി ക്രൂഡ് ഓയില് എടുത്ത് ശുദ്ധി ചെയ്തപ്പോള് അതില്നിന്നും പെട്രോള്, ഡീസല്, മണ്ണെണ്ണ, പാരഫിന്, ടാര് എന്നിങ്ങനെ അനേകം ഉല്പന്നങ്ങള് ഉണ്ടായി. ഇരുമ്പും സ്വര്ണവും അലുമിനിയവും നിക്കലും പോലുള്ള അനേകം മൂലകങ്ങളും ലോഹങ്ങളും മനുഷ്യര് കുഴിച്ചെടുത്തു. കാര്ബണ് വകഭേദങ്ങളായ ഗ്രാഫൈറ്റ്, ചിരട്ടക്കരി, ചാരം എന്നിവയ്ക്ക് ചെറിയ വില കൊടുക്കുമ്പോള് അതേ കുടുംബത്തിലെ ഏറ്റവും കാഠിന്യമുള്ള വജ്രം ഖനനം ചെയ്ത് ശുദ്ധി ചെയ്ത് എടുത്താല് അപാരമായ വില പിടിപ്പുള്ളതായി തീരുന്നു. ഭൂമിയില് കല്ക്കരി, ഷെയ്ൽ ഗ്യാസ്, പ്രകൃതിവാതകം എന്നിങ്ങനെ എന്തെല്ലാം പദാര്ത്ഥങ്ങള്!
ഭൂമിയെ മാത്രമല്ല, മനുഷ്യ മനസ്സിനെയും നന്നായി കടഞ്ഞെടുത്താൽ പല വിശിഷ്ടങ്ങളായ ഉൽപന്നങ്ങളും കിട്ടും. സ്നേഹം, സത്യം, സന്തോഷം, അഹിംസ, ദയ, സഹാനുഭൂതി, വാൽസല്യം, നന്മ, കരുതല്, ബഹുമാനം, സഹനശക്തി, ദാനം, ക്ഷമ, മിതത്വം, എളിമ, വിനയം എന്നിങ്ങനെ നിരവധി ശ്രേഷ്ഠ ഗുണങ്ങൾ നമ്മിൽ നിക്ഷിപ്തമാണ്. എന്നാൽ അതിനൊപ്പം, വിഷമയങ്ങളായ ഉപ ഉല്പന്നങ്ങളും അനേകമുണ്ട്: കോപം, ദുഃഖം, അക്ഷമ, പരദൂഷണം, അസൂയ, വിഷയാസക്തി, അത്യാഗ്രഹം, ധൂര്ത്ത്, പൊങ്ങച്ചം, ഗര്വ്, ഏഷണി, ഭോഷ്ക് എന്നിങ്ങനെ നിരവധി കാര്യങ്ങൾ! (ഗൂഗിൾ).
നമ്മുടെ മനസ്സിനെ നമുക്കൊന്ന് കടയാം. എന്തായിരിക്കും ലഭിക്കുന്നത്? ഒരിക്കൽ ഒരു ഹോസ്റ്റൽ വിദ്യാർത്ഥി അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുമ്പോൾ ഇടയ്ക്കിടെ കോളേജിലെയും ഹോസ്റ്റലിലെയും ചില കാര്യങ്ങളൊക്കെ വിളിച്ചു പറയുമായിരുന്നു. കൂടെ നിൽക്കുന്നത് ഒരു വിദ്യാർത്ഥി സുഹൃത്ത്. അബോധാവസ്ഥയിൽ ഇവൻ വിളിച്ചു പറയുന്നത് കേട്ടിട്ട് കൂടെ നിൽക്കുന്ന സുഹൃത്തിന് ഭയം. അവൻ പ്രാർത്ഥിക്കാൻ തുടങ്ങി. സുഹൃത്തിന് ബോധം വരുന്നതിനു വേണ്ടിയല്ല. അവരുടെ രഹസ്യ കാര്യങ്ങൾ വിളിച്ചു പറയുവാൻ ഇടയാകാതിരിക്കുന്നതിനു വേണ്ടി. നമ്മുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നത് നന്മയോ ദുഷ്ടതയോ? സമൂഹത്തിൽ നല്ലവരായി കാണപ്പെട്ടാലും, ദുഷിച്ച ഹൃദയവുമായി ജീവിക്കുന്ന അനേകരില്ലേ? ഹൃദയഭാവം ദുഷിച്ചതെങ്കിൽ അതിൽ നിന്ന് ദുഷിച്ച ഉൽപ്പന്നങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ.
നമ്മിൽ നിന്നും പുറപ്പെടുന്നത് ശ്രേഷ്ഠമായ അനുഭവങ്ങളോ ഹീനമായതോ? അമൃതോ, കാളകൂടമോ? ഒരു കാര്യം വിസ്മരിക്കരുത്, നമ്മിലെ ദുഷിപ്പുകൾ നമ്മെതന്നെ നശിപ്പിച്ചു കൊണ്ടിരിക്കും. ആകയാൽ നമ്മിലെ ദുഷിപ്പുകളെ നീക്കി ശുദ്ധമാകേണ്ടത് നമ്മുടെയും സമൂഹത്തിന്റെയും ആവശ്യമാണ്. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു നമ്മുടെ കഴിവുകളെ സമൂഹത്തിന് അനുഗ്രഹമായി തീരത്തക്കവണ്ണം ഏറ്റവും നന്നായി വിനിയോഗിക്കാൻ നമുക്ക് സ്വയം സമർപ്പിതരാവാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
