ആര്‍ഭാടപൂര്‍ണ്ണവും അലങ്കാരപൂരിതവുമായ ഒരു ആഘോഷം എന്ന നിലയില്‍, സകല മനുഷ്യരുടേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിസ്തുമസിനെ ഒരിക്കല്‍കൂടി നാം സ്വാഗതം ചെയ്യുകയാണ്. വ്യാവസായികവും വാണിജ്യപരവുമായി അമിത പ്രാധാന്യം ലോകമെങ്ങും നേടിയിരിക്കുന്ന ഒരു ആഘോഷമാണിത്. വ്യവസായികളുടേയും കച്ചവടക്കാരുടേയും പ്രിയപ്പെട്ട, അവര്‍ക്കു ലാഭം കൊയ്തെടുക്കാന്‍ സഹായിക്കുന്ന ഒരു അവസരമായി നിര്‍ഭാഗ്യവശാല്‍ ക്രിസ്തുമസ് തീര്‍ന്നിരിക്കുന്നു. അതിലടങ്ങിയിരിക്കുന്ന അതിമഹത്തായ സന്ദേശമോ, അതിന്‍റെ ആന്തരികമായ അര്‍ത്ഥമോ വേണ്ടവിധത്തില്‍ ഗൗനിക്കപ്പെടുന്നില്ല.
ക്രിസ്തു ഇല്ലെങ്കില്‍ ക്രിസ്തുമസ് ഉണ്ടാകുമായിരുന്നില്ല എന്ന സത്യം അവഗണിക്കപ്പെട്ടിരിക്കുകയാണിന്ന്. ക്രിസ്തുവിനെക്കൂടാതെയുള്ള ആഘോഷങ്ങളുടെ പ്രതിധ്വനിയാണ് സര്‍വത്ര മുഴങ്ങിക്കേള്‍ക്കുന്നത്. ചിട്ടപ്പെടുത്തിയ ഗാനാലാപങ്ങളിലും ആകര്‍ഷകമായ സമ്മാനങ്ങളിലും ആശംസകളിലും, കുടുംബാംഗങ്ങളുടെ സന്തോഷകരമായ ഒത്തുചേരലിലും ഒക്കെ സംതൃപ്തി അടയുകയാണ് ഇന്നത്തെ സമൂഹം. എന്നാല്‍ ഈ ബാഹ്യ മോടികള്‍ക്കും ഉപരിപ്ലവമായ ആഘോഷപരിപാടികള്‍ക്കും അതീതമായി ക്രിസ്തുമസ്സിന്‍റെ അര്‍ത്ഥവും അന്തസ്സത്തയും പ്രസക്തിയും എന്താണെന്ന് നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നത് നമുക്കു ലഭിച്ചിട്ടുള്ള ആത്മികജീവനും അതിന്‍റെ ശക്തിയും നഷ്ടപ്പെടാതിരിക്കുന്നതിന് വളരെ ആവശ്യമാണ്.
ക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ച് ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ളത് വി. ലൂക്കോസിന്‍റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിലാണ്. (2/1-20) പരമോന്നതനായ ദൈവം ഏറ്റവും താണ നിലയിലേക്കു വന്ന കഥയാണ് അവിടെ നാം കാണുന്നത്. അലൗകികവും അത്യസാധാരണവുമായ ഒരു ജീവന്‍ സാധാരണ ലോകത്തിലേയ്ക്കിറങ്ങിവന്ന് അതുമായി താദാത്മ്യം പ്രാപിച്ചു. ദൈവം മനുഷ്യനായി, ഔന്നത്യത്തില്‍നിന്ന് താഴ്ചയിലേയ്ക്കു വന്നു- എളിയ മനുഷ്യനായി ഏറ്റവും താണ ജീവിതസാഹചര്യങ്ങള്‍ സ്വീകരിച്ചുകൊണ്ട്.
ക്രിസ്ത്യാനികള്‍ ഒഴികെയുള്ള എല്ലാ സമൂഹത്തിന്‍റേയും മുമ്പില്‍ ഏറ്റവും വലിയ തടങ്കല്‍പ്പാറയായി, അല്ലെങ്കില്‍ കീറാമുട്ടിയായി കിടക്കുന്നത്, ഈ അത്ഭുതജനനമാണ്. പുല്‍ക്കൂട്ടില്‍ ജാതനായ ശിശു സാക്ഷാല്‍ ദൈവമായിരുന്നു എന്നു വിശ്വസിക്കുമ്പോള്‍, ആ ജനനത്തിന്‍റെ ഉദ്ദേശ്യം പാപാന്ധകാരത്തില്‍നിന്ന് മനുഷ്യരാശിയെ വീണ്ടുടുക്കുകയായിരുന്നു എന്നും വിശ്വസിക്കാന്‍ കഴിയും. പാപത്തിനും അതിന്‍റെ ഫലമായ മരണത്തിനും അധീനരായ മനുഷ്യന്, പാപക്ഷമയുടേയും ദൈവത്തോടുള്ള നിരപ്പിന്‍റേയും പ്രത്യാശയുണ്ട് എന്നതാണ് ഈ ജനനത്തിന്‍റെ സന്ദേശം. ലോകം കേട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനവും അത്ഭുതകരവുമായ സന്ദേശമാണിത്. വാസ്തവത്തില്‍ അതു വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഓര്‍ക്കാനുള്ളതല്ല, ജീവിതകാലം മുഴുവന്‍ ദിനംതോറും യാഥാര്‍ത്ഥ്യമായി അനുഭവപ്പെടേണ്ട ജീവനും ശകതിയുമുള്ള ദൂതാണത്.
ഈ ഭൂമിയിലേയ്ക്കുള്ള ക്രിസ്തുവിന്‍റെ വരവിനു നമ്മെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുണ്ട്? ചിരപരിചിതത്വംകൊണ്ട് അതിന്‍റെ ചൈതന്യവും ശക്തിയും നഷ്ടപ്പെട്ടുപോയോ? പുറമെയുള്ള അലങ്കാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ഉപരിയായി, നമ്മുടെ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കാന്‍ ക്രിസ്തുമസ്സിനു കഴിയുന്നുണ്ടോ? ക്രിസ്തു ഹൃദയത്തില്‍ ജനിച്ച്, ജീവിതത്തിലാകമാനം സര്‍വാധിപതിയായി വാഴുന്ന അവസ്ഥയാണ് യഥാര്‍ത്ഥ ക്രിസ്തുമസ്സ്. ക്രിസ്തു നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നില്ലെങ്കില്‍, ആത്മികജീവനും ചൈതന്യവും ഉള്ളതാക്കുന്നില്ലെങ്കില്‍, ക്രിസ്തുമസ്സ് വിളക്കുകളോ അലങ്കാരങ്ങളോ സമ്മാനങ്ങളോ യാതൊരു പ്രയോജനവും അര്‍ത്ഥവും ഉള്ളവയല്ല.
ക്രിസ്തുവിന്‍റെ ജനനത്തെക്കുറിച്ച് ആദ്യം അറിയുന്നത്, രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്ത് വെളിയില്‍ പാര്‍ത്തിരുന്ന ഏതാനും ഇടയന്മാരാണ്. ദൈവത്തിന്‍റെ പ്രത്യേക നിയോഗത്താല്‍ ഒരു ദൈവദൂതന്‍ വന്ന് ആ മഹത്തായ സന്ദേശം അറിയിക്കുകയായിരുന്നു. എന്തായിരുന്നു ആ സന്ദേശം? സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം- ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചിരിക്കുന്നു! സര്‍വശക്തനായ, നിത്യനായ, മഹത്വപൂര്‍ണ്ണനായ ദൈവം കേവലം ഒരു മനുഷ്യശിശുവായി ജന്മമെടുത്തിരിക്കുന്നു! മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള ഒരു സ്ഥിതിവിശേഷം. ഈ വലിയ വിശേഷം അറിയിക്കുന്നതോ, ഏതാനും ആട്ടിടയരോട്!
എന്താണിതിന്‍റെ അര്‍ത്ഥം? വാസ്തവത്തില്‍ മശിഹായുടെ വരവിനെക്കുറിച്ച് പ്രവാചകന്മാര്‍ ഇസ്രായേല്‍ ജനതയെ അറിയിച്ചിട്ടുള്ളതാണ്. പ്രവാചകന്മാര്‍, മശിഹായുടെ ജീവിതം, കഷ്ടാനുഭവങ്ങള്‍, മരണം മുതലായ കാര്യങ്ങളെക്കുറിച്ചും അവന്‍ മുഖാന്തരം മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന രക്ഷ, വീണ്ടെടുപ്പ്, മുതലായ ആത്മിക സത്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതെല്ലാം പഠിച്ചറിഞ്ഞിട്ടുള്ള യഹൂദ പ്രമാണിമാരെയോ മതനേതാക്കന്മാരെയോ , അറിയിക്കാതെ, സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായ ഇടയന്മാരെയാണ് ഈ സുപ്രധാന വിവരം അറിയിക്കുന്നത്. റോമാ ഭരണത്തിന്‍ കീഴില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന യഹൂദന്മാരാകട്ടെ, തങ്ങളുടെ അടിമത്തത്തില്‍നിന്ന് തങ്ങളെ വിടുവിയ്ക്കുന്ന സാക്ഷാല്‍ മശിഹായ്ക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരുന്നവരുമാണ്. എന്നിട്ട്, ഇത്തരം വലിയ കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ഗ്രാഹ്യവുമില്ലാത്ത, വിദ്യാവിഹീനരായ ഏതാനും ഇടയന്മാരെയാണ് ദൂതന്‍ ആ മഹത്തായ സദ്വര്‍ത്തമാനം ആദ്യം അറിയിക്കുന്നത്. എന്തുകൊണ്ട്?
ഇതെല്ലാം ദൈവത്തിന്‍റെ പരിജ്ഞാനത്തേയും മനുഷ്യസ്നേഹത്തേയും കാണിക്കുന്നു എന്നേ പറയാന്‍ കഴിയൂ. സമൂഹത്തില്‍ യാതൊരു പരിഗണനയ്ക്കും അര്‍ഹതയില്ലാത്തവരും ദൈവത്തിനും വിലയേറിയവരാണ്. അവനു മുഖപക്ഷമില്ല. അവന്‍റെ സ്നേഹം ഏവരേയും ഉള്‍ക്കൊള്ളുന്നു.
ഈ സന്ദേശം എങ്ങനെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കാം? മഹത്തായ ഈ സന്ദേശവും അതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളും അര്‍ത്ഥവത്തും പ്രയോജനപ്രദവുമാകണമെങ്കില്‍, ആ പുല്‍ക്കൂട്ടിലെ ജനനം നമ്മുടെ ഹൃദയത്തില്‍ നടക്കണം. ക്രിസ്തു നമ്മുടെ ജീവിതത്തെ ആകമാനം നിയന്ത്രിക്കുന്ന ശക്തിയായിത്തീരണം. ബാഹ്യമായ ആഘോഷപരിപാടികള്‍ കെട്ടടങ്ങിയാലും നിലനില്‍ക്കുന്ന ആത്മിക ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ശക്തിസ്രോതസ്സായി അവന്‍ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കണം.
യേശുവിനു ജനിക്കാനായി നമ്മുടെ ഹൃദയത്തെ ഒരു ബേത്ലഹേമാക്കി നാം ഒരുക്കിയിട്ടുണ്ടോ? ആ ജനനം നമ്മില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിട്ടുണ്ടോ?
ഇനി നമ്മില്‍ ഈ ശിശു ജനിക്കുന്നതോടുകൂടെ സംഭവിക്കാവുന്ന ചില ദു:ഖസത്യങ്ങളെക്കുറിച്ചുകൂടെ ഒന്നു പരാമര്‍ശിക്കട്ടെ.
യഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എന്നു യേശുവിനെക്കുറിച്ച് വിദ്വാന്മാര്‍ ഹേരോദാവിനോടു വിശേഷിപ്പിച്ചപ്പോള്‍, ഹേരോദാവു പരിഭ്രാന്തനായി. തന്‍റെ രാജ്യത്വത്തിനും അധികാരത്തിനും ഭീഷണിയായിത്തീര്‍ന്നേക്കും എന്നോര്‍ത്ത് ശിശുവിനെ കൊല്ലാന്‍ ഹെരോദാവ് ആഗ്രഹിക്കുന്നു. വിദ്വാന്മാരില്‍നിന്ന് വിവരങ്ങളൊന്നും കിട്ടാതിരുന്നതിനെത്തുടര്‍ന്ന് വളരെ ക്രൂരമായ ഒരു വിധി കല്‍പ്പിച്ച്, നടപ്പിലാക്കുന്നു.
ഇതുതന്നെയാണ് ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കമ്പോഴും സംഭവിക്കാന്‍ സാദ്ധ്യതയുള്ളത്. സ്വാര്‍ത്ഥതയുടേയും സ്വേച്ഛാധിപത്യത്തിന്‍റേയും ശക്തികള്‍ നമ്മില്‍ ഉരുവാകുന്ന ആത്മിയ ശിശുവിനെ നശിപ്പിക്കാന്‍ വേട്ടയാടി എന്നു വരാം. നമ്മില്‍ത്തന്നെയുള്ള വൈകാരിക മോഹങ്ങളും, ജഡിക ലക്ഷ്യങ്ങളും ലൗകിക താല്‍പ്പര്യങ്ങളും ശിശുവിന്‍റെ വളര്‍ച്ചയ്ക്കു തടസ്സം സൃഷ്ടിച്ചു എന്നും വരാം. തന്നെയുമല്ല, നമ്മുടെ വികലവും പരിമിതവുമായ ബുദ്ധിയും കഴിവുകളും വെച്ചുകൊണ്ട്, നാം ദൈവികോദ്ദേശ്യങ്ങളേയും പദ്ധതികളേയും വ്യാഖ്യാനിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, പലപ്പോഴും നാം ദൈവികമായ ജീവന്‍റെ നിലനില്‍പ്പിനെ നശിപ്പിയ്ക്കുന്നവരായിത്തീരാം. അല്ലെങ്കില്‍ നാം നമ്മില്‍ത്തന്നെ കൂടുതല്‍ തല്പരരും മുഴുകിയവരും ആയിത്തീര്‍ന്ന്, നമ്മിലെ ദൈവിക ശിശുവിനു നല്‍കേണ്ട പ്രാധാന്യം നമുക്കുതന്നെ നല്‍കിപ്പോകുന്നു.
നമ്മുടെ ഹൃദയത്തെ അതിന്‍റെ എല്ലാ ഏകാഗ്രതയോടുംകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കാം. പക്വതയുടേയും പൂര്‍ണ്ണതയുടേയും ഘട്ടത്തിലെത്തിച്ചേരാന്‍ താമസവും വിഷമതകളും അനുഭവപ്പെട്ടേയ്ക്കാം. തളരുകയോ പിന്മാറുകയോ ചെയ്യാതെ വിശ്വാസത്തോടുകൂടെ മുന്നേറുകതന്നെ വേണം. വളര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസി എപ്പോഴും ക്രിസ്തുമസ്സിന്‍റെയും ക്രിസ്തു ഹൃദയത്തില്‍ ജനിക്കുന്നതിന്‍റെയും ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെയും സന്തോഷവും സമാധാനവും പ്രത്യാശയും ഉള്ളവരായിരിക്കണം. സ്വര്‍ഗ്ഗീയ മഹിമകള്‍ വെടിഞ്ഞ്, കാലിക്കൂട്ടിലെ പുല്‍ത്തൊട്ടി തിരഞ്ഞെടുത്തവനായ ക്രിസ്തു നമ്മുടെയും ഹൃദയങ്ങളില്‍ ഉണ്ടാകട്ടെ. നമ്മില്‍ എന്നെന്നും ജീവിക്കട്ടെ.