ബെന്നി ന്യൂ ജേഴ്‌സി
ക്രിസ്‌തുമസ്സിന്‍റെ അവധിയിൽ നാട്ടില്‍ എത്തിയതാണ്. ഇവിടെ വരുമ്പോള്‍ എന്നും കാണാറുള്ള ഗിബ്‌സണ്‍ ചേട്ടനെ ഇത്തവണയും കണ്ടു. കഴിഞ്ഞ വര്‍ഷം കണ്ടപ്പോൾ കിഡ്‌നിയുടെ പ്രവര്‍ത്തനം മോശമായിക്കൊണ്ടിരിക്കുന്നതായും ഓപ്പറേഷൻ വേണ്ടിവരുമെന്നും പറഞ്ഞിരുന്നു.
“ജനുവരിയില്‍ ഒരെണ്ണം അങ്ങ് വേണ്ടാന്നുവെച്ചു, ബെന്നി. എറണാകുളം ലിസിയില്‍ രണ്ടാഴ്‌ച വിശ്രമം..”
ഒരു ചെറു ചിരിയോടെ ചേട്ടന്‍ പറഞ്ഞു. “ഇപ്പോ ഒന്നിലാ ഓട്ടം… ദൈവത്തിന്‍റെ ഓരോരോ വികൃതികളേയ് ! ഒരെണ്ണം സ്റ്റെപ്പിനി ആയിട്ട് പിടിപ്പിച്ചിട്ടാ അങ്ങേരു ഈ ഭൂമിയിലേക്കു മ്മളെ പടച്ചു വിട്ടിരിക്കുന്നത്! “..
എറണാകുളം പിറവത്തിനടുത്തുള്ള വെളിയനാട്ടിലെ പ്രശസ്‌തമായ മീഞ്ചറപ്പാട്ടു കുടുംബത്തിലെ പ്രധാനിയാണ് വെല്യേട്ടന്‍റെ സ്ഥാനമുള്ള ഗിബ്‌സണ്‍ ചേട്ടൻ.
`ഇനി കുറച്ചൊന്നു റെസ്റ്റ് ചെയ്യാര്‍ന്നൂല്ലോ’ എന്ന എന്‍റെ അഭ്യര്‍ത്ഥനയ്‌ക്ക്,
‘ഹേ…അതെങ്ങനെ? ഒരെണ്ണം വെച്ച് വണ്ടി ഓടിക്കാം. ഷുഗര്‍ കുറയണില്ല. പോരാഞ്ഞ് മറ്റു ചെറിയ തകരാറുകളും ‘ എന്നായിരുന്നു മറുപടി.
പിറവത്തെ മുന്‍സിപ്പാലിറ്റിയില്‍ വാർഡ് മെമ്പേഴ്‌സിനെ കാണാന്‍ വന്നതാണ് ചേട്ടന്‍. അവിടെ ‘തണലി”ന്‍റെ ഒരു യൂണിറ്റ് തുടങ്ങണം.
മുൻസിപ്പാലിറ്റിയുടെ അടുത്തുള്ള തോട്ടം ബേക്കഴ്സിൽ ചായ്‌ക്ക് മുമ്പില്‍ ഇരുന്ന് ചേട്ടന്‍ മനസു തുറന്നു..
“ഈ ഭാഗങ്ങളിലെ ആള്‍ക്കാരെ എല്ലാം കൂട്ടി ‘തണല്‍’ എന്ന വയോജന സംഘടനയുടെ നടത്തിപ്പിന്‍റെ ഓട്ടത്തിലാ, ബെന്നി”
പിറവത്തിന് അടുത്തുമുള്ള ആശുപത്രികളില്‍ ആഴ്‌ചയില്‍ ഒരിക്കല്‍ പത്തു പേര്‍ക്ക് സൗജന്യമായി മെഡിക്കല്‍ ചെക്കപ്പ് നടത്തി കൊടുക്കുന്നു. അതുപോലെ മറ്റു പല പ്രവർത്തനങ്ങളും.
ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് പുതുവത്സരപ്പിറവിയുടെ ആഹ്ലാദം അനുഭവിക്കാന്‍ ഇരുപത്തിനാലു മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥനയുടെ ഒരു മള്‍ട്ടി കളര്‍ നോട്ടീസ് കയ്യില്‍ കിട്ടിയത്. അടുത്തുള്ള പ്രസിദ്ധമായ ഒരു ഹില്‍ ടോപ്പില്‍ ഡിസംബര്‍ 31നു മുഴുവൻ സമയ പ്രാർത്ഥന യജ്‌ഞം!
“ബെന്നി, ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു.. സ്ഥലം എം.എല്‍.എ. ആനൂപ് ജേക്കബിന്‍റെ സാന്നിദ്ധ്യത്തില്‍ ഞങ്ങളുടെ കുടുംബയോഗത്തില്‍ വെച്ച് ഞാനതു പറഞ്ഞു”. ചേട്ടന്‍ ചായകുടിച്ചു കൊണ്ടു തുടർന്നു.
“ഞാനും എന്‍റെ സഹധര്‍മ്മിണി മണിയും ദൈവം വിളിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ രണ്ടുപേരുടേയും ശരീരം കോലഞ്ചേരി മെഡിക്കല്‍ കോളേജിന് സംഭാവന കൊടുക്കാന്‍ വില്‍പത്രം എഴുതി കൊടുത്തു. പെണ്‍മക്കള്‍ മൂന്നു പേരോടും പറഞ്ഞു ഏല്‍പ്പിച്ചിരിക്കാ…നേരെ മെഡിക്കല്‍ കോളേജിലേക്ക് ഒരു അന്ത്യ യാത്ര.. ഹാ .. കൊള്ളാല്ലേ?…..”
ഞാൻ ഞെട്ടിപ്പോയീ…
“ചേട്ടാ….ചേട്ടൻ… ചേട്ടനത് … ചേട്ടനെന്നാ ഈ പറയണത്!!”
“ബെന്നി, പ്രാണന്‍ പോയിട്ട് കല്ലറയില്‍ ഇറക്കി വെച്ചിട്ട്.. പുഴുക്കളും ചെതലും ഒക്കെ ശരീരം തിന്നു തീര്‍ന്നിട്ട് ആര്‍ക്ക് എന്തു പ്രയോജനം?”
ചേട്ടന്‍റെ മുഖത്ത് ഒരു പ്രകാശം പരക്കുന്നത് കണാമായിരുന്നു..
“ഞങ്ങടെ ശരീരം കൊണ്ട് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ എക്‌സ്‌പീരിയന്‍സ് കിട്ടി, ആ യുവ ഡോക്ടർ മൂലം ഒരു രോഗിക്ക് കൂടുതല്‍ പ്രയോജനം കിട്ടിയാല്‍ അതില്‍ കൂടുതല്‍ എന്നതാ ബെന്നി?!”
“ചേട്ടാ എനിക്കതാവില്ല. എനിക്കതിനുള്ള ധൈര്യമില്ല….” ഞാൻ അറിയാതെ പറഞ്ഞു പോയീ.
ആ മുഖത്ത് നിശ്ചയ ദാര്‍ഢ്യത്തിന്‍റെ ചുവപ്പ് പരക്കുന്നു. കണ്ണുകളില്‍ അനുകമ്പയുടെ ‘തണൽ’ കാണാം.
പിറവത്തെ പുരാതനമായ കുടുംബത്തിലെ എന്‍റെ വെല്യേട്ടന്‍….
എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എഴുന്നേറ്റു ചെന്ന് ആ കാലുകളില്‍ തൊട്ടു. കൈകൾ പിടിച്ച് എന്‍റെ നെറുകയില്‍ വച്ചിട്ട് ഞാന്‍ പറഞ്ഞു.
“വെല്യേട്ടാ. അങ്ങാണീ ഭൂമിയിൽ പിറന്ന പുതിയ ക്രിസ്തു! അനുഗ്രഹിച്ചാലും. പളളിയില്‍ പോയി ഒരായിരം കുര്‍ബ്ബാന കാണുന്നതിലും എത്രയോ അനുഗ്രഹം അങ്ങയുടെ കൈകള്‍ മുത്തുമ്പോഴാണ്. പുരോഹിതന്മാരിലും, മഹാപുരോഹിതന്മാരിലും എത്രയോ ഉയർന്ന സ്ഥാനമാണ് അങ്ങേക്ക് സ്വർഗത്തിൽ കിട്ടാൻ പോകുന്നത്….
ഈ വര്‍ഷത്തെ എന്റെ ഹീറോയാണ് അങ്ങ്. അങ്ങയെപ്പോലുള്ളവരാണ് ഈ ഭൂമിയുടെ നീരുറവ..
ഒരിക്കലും വറ്റാത്ത നീരുറവ..”
യാക്കോബായ-ഓർത്തഡോൿസ് സുറിയാനി സഭകളിലെ വിശ്വാസികൾക്കു മരിച്ചു കഴിഞ്ഞാൽ വല്യ സ്ഥാനാ ഒപ്പം വല്യ വിലയും!!.. ആദ്യത്തെ നാല്പ്പതു ദിവസം, ദിവസോം പ്രാർത്ഥന.. നാല്പതിന്‍റെ അന്ന് വല്യ സദ്യ…
ആണ്ടിലാണ്ടിൽ മക്കളും കുടുബാഗങ്ങളും പള്ളിയിൽ വന്നു ഓർമ്മ പ്രാർത്ഥന… ‘ആണ്ടച്ചാത്തം’. ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുമ്പില്‍ മെഴുകുതിരി കത്തിച്ചു വച്ച് പ്രാർത്ഥന…
എന്ന് വേണ്ട പല കർമ്മങ്ങളും വിശ്വാസങ്ങളും കല്ലറയിൽ അടക്കിയിരിക്കുന്ന പരേതർക്ക് വേണ്ടി കുടുംബാഗങ്ങൾ നടത്തുന്നു.
സഭയുടെ നല്ലൊരു വരുമാന സ്രോതസ്സും കൂടിയാണീ വിശ്വാസ കർമ്മങ്ങൾ!! ഇതൊന്നും ചെയ്യാത്ത കുടുംബാംഗങ്ങളെ കുറ്റബോധത്തിന്‍റെ തീച്ചുളയിൽ തളച്ചിടാനും നാട്ടുകാരും വീട്ടുകാരും പുരോഹിതരും പരസ്പരം മത്സരിക്കും!
ഇതൊക്കെ തെറ്റിച്ചാ ചേട്ടന്‍റെ ഈ തീരുമാനം…. ആർക്കാ ഇഷ്ടാല്ലാത്തതു ഇതുപോലത്തെ വി ഐ പി ട്രീറ്റ്മെന്‍റ് മരണ ശേഷവും!!…
രണ്ടു വര്‍ഷം മുമ്പ്…ഞങ്ങളുടെ അമ്മ യാത്ര പറഞ്ഞു 45 ദിവസം കഴിഞ്ഞ് കുഞ്ഞനുജനും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു..
അന്ന് വീട്ടിൽ വച്ചുണ്ടായ ഒരു ചൂടുപിടിച്ച ചർച്ച ഓർമയിൽ എത്തി.. ‘എങ്ങിനെയാണ് അമ്മയുടെ ശരീരം പെട്ടെന്ന് ചിതൽ എടുപ്പിക്കാം’ എന്നതായിരുന്നു ചര്‍ച്ചാ വിഷയം.. അനുജൻ ഒരു അപകടത്തിൽ പെട്ട് ദിനങ്ങൾ എണ്ണി കഴിയുകയായിരുന്നു.. അവനെ ഈ കല്ലറയിൽ തന്നെ അടക്കേണ്ടിയിരുന്നു………
ഒരു ബന്ധു ശക്തമായീ റൂൾ ചെയ്തു..
“അമ്മയുടെ പെട്ടിയുടെ മുകളിൽ കല്ലറയുടെ പകുതിയും നെല്ലിന്‍റെ ഉമ്മി നിറയ്ക്കുക… അപ്പോ പെട്ടെന്ന് ചിതൽ കേറിക്കോളും..”
വേറൊരു ബന്ധു, “അതിലും നല്ലതു അറക്കപ്പൊടി നിറക്കണതാ……അതിവിടെ ധാരാളം കിട്ടാനുമുണ്ട്.. ചെറിയാതായി നനച്ചങ്ങു ഇട്ടാ സംഗതി വണ്‍ റ്റു ത്രീ …”
ഞങ്ങൾ റോഡിലേക്കിറങ്ങി….
ഹിൽ ടോപിൽ പ്രത്യേകം അലങ്കരിച്ച വലിയ ഓഡിറ്റോറിയത്തിൽ നടക്കാൻ പോകുന്ന ന്യൂ ഇയർ അഖണ്ഡ പ്രാർത്ഥനാ മഹായജ്ഞത്തിലേക്ക് പ്രചാരണ വാഹനത്തിൽ നിന്നും കുഞ്ഞാടുകളെ മാടി മാടി വിളിക്കുന്നു…..
രണ്ടു കയ്യിലും ബൈബിൾ പിടിച്ചു ശുഭ്ര വസ്ത്രധാരികളായ മഹാപാപികളുടെ സംഘങ്ങൾ പുതുവത്സരത്തെ സ്വാഗതം ചെയ്യുവാൻ ഒഴുകിയെത്തുന്നു….
വൈദുതി വിളക്കുകളാൽ വര്‍ണാഭമായി അലങ്കരിച്ച ദേവാലയങ്ങളിലേക്കു പാതിരാ കുർബാനക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമാവും…
മനസില്‍ ഇതെല്ലാം ഓടിയെത്തി…..
സ്വന്തം ശരീരം മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്കു കീറി മുറിച്ച് പഠിക്കാൻ കൊടുക്കാനായി ഏർപ്പാടാക്കിയ വെല്യേട്ടന്‍റെ ‘തണൽ’ വീഴ്‌ത്തുന്ന വലിയ ഹൃദയവും ഉള്ളിലൊരു മിടിപ്പായി മനോമുകുരത്തിൽ സ്പന്ദിച്ചുകൊണ്ടിരുന്നു……