പി. റ്റി. കോശിയച്ചൻ.

ഒരു ഗ്രാമത്തിലെ കുറച്ചു കുട്ടികൾ കളിച്ചു കളിച്ച് സമീപെയുള്ള കാട്ടിലെത്തി. അവിടെ ഒരു കൊട്ടാരവും പൂന്തോട്ടവും കുട്ടികൾ കണ്ടു. അവർ ആ തോട്ടത്തിൽ ഓടി നടന്നു കളിച്ചു. കൂട്ടത്തിൽ ചിത്ര ശലഭങ്ങളും കിളികളും. ആ കൊട്ടാരം ഒരു രാക്ഷസന്റെ വകയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്ഥലത്തില്ലാതിരുന്ന രാക്ഷസൻ മടങ്ങിയെത്തിയപ്പോൾ തോട്ടത്തിൽ കളിക്കുന്ന കുട്ടികളെ കണ്ടു ദ്വേഷ്യപ്പെട്ടു. അവരെ പുറത്താക്കി വലിയൊരു കന്മതിൽ പണിതു അന്യർക്ക് പ്രവേശനമില്ല എന്നൊരു ബോർഡും വെച്ചു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ വസന്തകാലം വന്നു. കാട്ടിൽ ഉള്ള വൃക്ഷങ്ങൾ ഒക്കെ പൂത്തു, പക്ഷേ രാക്ഷസന്റെ വൃക്ഷങ്ങളും ചെടികളും മാത്രം പൂത്തില്ല. കിളികളും ശലഭങ്ങളും ഒന്നും വന്നില്ല. രാക്ഷസൻ വസന്തവും കാത്തു നിന്നു. ഫലം നിരാശ! ഒരു ദിവസം വീണ്ടും കുട്ടികൾ മതിലു ചാടി തോട്ടത്തിൽ പ്രവേശിച്ചു, കൂടെ ചിത്രശലഭങ്ങളും പക്ഷികളും. കുട്ടികളുടെയും പക്ഷികളുടെ ശബ്ദം കേട്ട് രാക്ഷസൻ പുറത്തു വന്നപ്പോൾ കുട്ടികളെയും പക്ഷികളെയും ശലഭങ്ങളെയും കണ്ടു. നോക്കിയപ്പോൾ ചെടികൾ പൂത്ത് സൗരഭ്യം പരന്നിരിക്കുന്നു. അപ്പോൾ രാക്ഷസന് മനസ്സിലായി കുട്ടികളെ തടഞ്ഞതാണ് വസന്തം വരാഞ്ഞതിന് കാരണം എന്ന്. അയാൾ മതില് പൊളിച്ച് തോട്ടം കുട്ടികൾക്ക് തുറന്നു കൊടുത്തു. ഒപ്പം പക്ഷികളും ശലഭങ്ങളും അണ്ണാറക്കണ്ണനും എല്ലാം. ( ഡി സി ബുക്സ്).
കുട്ടികൾ ഇല്ലാത്ത ലോകം വസന്തം ഇല്ലാത്ത ലോകം തന്നെയാണ്. കുഞ്ഞുങ്ങളാണ് ജീവിതത്തിന്റെ വസന്തം. അവർ നമ്മുടെ ജീവന്റെ തുടിപ്പാണ്, ഭാവിയുടെ പ്രത്യാശയാണ്. ജീവിതത്തിന് സന്തോഷവും പ്രതീക്ഷയും നൽകുന്നത് കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങൾ ഇല്ലാത്ത സമൂഹം മൃതാവസ്ഥയിലാണ്. കുഞ്ഞുങ്ങൾ ഇല്ലാത്തിടത്ത് പ്രകൃതിയും വികൃതമായി തീരും. പക്ഷി മൃഗാദികൾ പോലും അങ്ങനെയുള്ള ലോകത്തെ വെറുക്കും. കുഞ്ഞുങ്ങളുടെ ആശ്രയ ഭാവം മുതിർന്നവർക്ക് ഒരു പാഠമാണ്. ഭാവിയുടെ വാഗ്ദാനമായ കുഞ്ഞുങ്ങൾക്ക് എവിടെയെല്ലാം പ്രവേശനം നിഷേധിക്കുന്നുവോ ആ സ്ഥാനമൊക്കെ മരുഭൂമിക്ക് സമമാണ്. ഈ ലോകത്തിലുള്ള സർവ്വ ജീവജാലങ്ങളും നിലനിൽക്കു ന്നത് തലമുറകളിലൂടെയാണല്ലോ. “ശിശുവാണ് നരന്റെ താതൻ നിർണ്ണയം, (Child is the Father of Man)” എന്ന മഹദ് വചനം ഏവർക്കും പരിചിതമാണല്ലോ. ഒരു ശിശുവിന്റെ ജനനം മാതാ പിതാക്കൾക്കും സമൂഹത്തിനും സന്തോഷദായകമാണല്ലോ. ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ പൗരന്മാരാണ്. നാളത്തെ ലോകം കെട്ടിപ്പെടുക്കണ്ടുന്നത് അവരാണ്. നാളെ ലോകത്തെ നയിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾ പ്രാപ്തരാകുവാൻ തക്കവിധം അവരെ വളർത്തുന്ന ചുമതലയും നമുക്കുണ്ട്.
കുഞ്ഞുങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് പറയുന്നതു പോലെ തന്നെ മുതിർന്നവർ കുഞ്ഞു ങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. പൈതങ്ങളെ ആദരവോടെ കാണുവാൻ നമുക്ക് കഴിയണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ കുട്ടികളെ കാണുമ്പോൾ ആദര പൂർവ്വം തന്റെ ഹാറ്റ് എടുത്ത് അവരെ വണങ്ങുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എത്ര നല്ല മാതൃക! . ഇന്ന് നാം അവർക്ക് നൽകുന്ന ആദരവ് അവരുടെ ആളത്തത്തെ മഹത്വ പൂർണ്ണമാക്കി തീർക്കും. നാളത്തെ ലോകത്തെ സുന്ദരമാക്കുവാൻ വിവേകത്തോടെ ശ്രേഷ്ഠ പൗരന്മാ രായി അവരെ വളർത്തുവാൻ നമുക്ക് സമർപ്പിതരാവാം.
പി. റ്റി. കോശിയച്ചൻ.
+ 91 94959 13953.
—————-
