പി. റ്റി. കോശിയച്ചൻ.

പണ്ടൊരിടത്ത് ശശാങ്കൻ എന്നൊരു ദരിദ്രനായ ചെരുപ്പുകുത്തി ഉണ്ടായിരുന്നു. ആ നാട്ടിൽ ക്ഷാമകാലം വന്നപ്പോൾ ആഹാരത്തിനുപോലും വകയില്ലാതെ ശശാങ്കൻ വിഷമിച്ചു. ഒരു ദിവസം തന്റെ കൂടിലിന്റെ മൂന്നിലുള്ള കുളത്തിൽ സുന്ദരമായ ഒരു താമരപ്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ കണ്ടു. അത് താമരപ്പൂക്കൾ വിരിയുന്ന കാലമായിരുന്നില്ല. രണ്ട് ചെമ്പുതുട്ട് കിട്ടുമെന്ന പ്രതീക്ഷയോടെ ശശാങ്കൻ ആ താമരപ്പൂവുമായി ചന്തയിലേക്കു തിരിച്ചു. അപ്പോൾ എതിരെ വന്ന ഒരു ധനികൻ പറഞ്ഞു: എടോ, ഈ പൂവ് എനിക്കു തരാമോ? ഞാൻ രണ്ട് സ്വർണ്ണ നാണയം തരാം! അമ്പരന്നു നില്ക്കുന്ന ശശാങ്കനോട് ധനികൻ വീണ്ടും പറഞ്ഞു. “പോരെങ്കിൽ ഒരെണ്ണം കൂടി തരാം. ശ്രീബുദ്ധന് ഈ പൂവ് ഏറെ ഇഷ്ടമാകും! അപ്പോഴാണ് ബുദ്ധൻ പട്ടണത്തിൽ വന്നിട്ടുണ്ടെന്ന കാര്യം ശശാങ്കൻ അറിഞ്ഞത്. പെട്ടെന്ന് അയാൾ പട്ടണത്തിലേക്ക് ഓടി പൂവ് ശ്രീബുദ്ധന്റെ കാൽക്കൽ അർപ്പിച്ചു.
ജ്ഞാനദൃഷ്ടികൊണ്ട് എല്ലാം മനസ്സിലാക്കിയ ബുദ്ധൻ അയാളോട് ചോദിച്ചു: “വത്സാ, ഒരു ധനികൻ ഈ പൂവിന് രണ്ട് സ്വർണ്ണനാണയങ്ങൾ വാഗ്ദാനം ചെയ്തിട്ടും എന്തു കൊണ്ട് നീ ഇത് കൊടുത്തില്ല? അങ്ങനെയെങ്കിലും ഈ പൂവ് എനിക്കുതന്നെ കിട്ടുമായിരുന്നു, നിന്റെ കഷ്ടപ്പാടും മാറുമായിരുന്നു!” ചെരുപ്പുകുത്തി പറഞ്ഞു: “പ്രഭോ, അങ്ങയെ കാണാൻ കഴിയുമെന്നു കേട്ട നിമിഷം ഞാൻ പണത്തെ ക്കുറിച്ച് എല്ലാം മറന്നു. എന്റെ കഷ്ടപ്പാടോ വിശപ്പോ ഒന്നും ഓർത്തില്ല.” മന്ദഹസിച്ചു കൊണ്ട് ബുദ്ധൻ എല്ലാവരോടുമായി പറഞ്ഞു: “ശരിയാണ്. ധനത്തിന് ഒരിക്കലും സ്നേഹത്തേക്കാൾ വലുതാവാൻ കഴിയില്ല. ദരിദ്രൻ എങ്കിലും നല്ല മനസ്സുണ്ടെങ്കിൽ നമുക്ക് എന്തു ത്യാഗവും ചെയ്യുവാൻ കഴിയുമെന്ന് ഈ ചെരുപ്പുകുത്തി നമ്മെ പഠിപ്പിച്ചു”. (ഗൂഗിൾ).
ജീവിതത്തെ തകർക്കുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് ദാരിദ്ര്യത്തെ മിക്കവരും കണക്കാക്കുന്നത്. എന്നാൽ പല വിധത്തിൽ ദാരിദ്ര്യം എന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാവും. പക്ഷേ ദൈവിക ചിന്തയില്ലാത്ത അവസ്ഥ ദാരിദ്ര്യത്തെക്കാൾ വലിയ പ്രശ്നമാണ്. അത് ജീവിതത്തിന്റെ തകർച്ചയ്ക്ക് തന്നെ കാരണമാകും. ദൈവിക വിശ്വാസവും ആശ്രയവും ആണ് ജീവിതത്തെ ശക്തമാക്കുന്ന ഘടകങ്ങൾ. ദൈവിക ധ്യാനങ്ങളിൽ ഏർപ്പെടുന്നവർക്ക് വിശപ്പും ദാഹവും അറിയാതെ അനേക ദിവസങ്ങൾ കഴിച്ചുകൂട്ടാൻ ആവും. അതുകൊണ്ടാണ് ഉപവാസം ആധ്യാത്മികതയുടെ ഒരു പ്രധാന ഭാഗമായിരിക്കുന്നത്. അതിനാൽ മനുഷ്യജീവിതത്തിൽ ഭക്ഷണത്തേ ക്കാൾ പ്രധാനമാണ് ദൈവികധ്യാനം. ധനത്തിന് നൽകുവാൻ കഴിയാത്ത നിരവധി അനുഗ്രഹങ്ങൾ നമുക്ക് നൽകുവാൻ ദൈവകൃപ മതിയായതാണ്. എന്നാൽ ദൈവകൃപ കൂടാതെ ധനത്തിന് യാതൊരു അനുഗ്രഹവും നൽകുവാൻ കഴിയില്ല എന്നു മാത്രമല്ല, അത് ജീവിതത്തെ ദുരിത പൂർണ്ണമാക്കുകയും ചെയ്യും. ദൈവിക ചിന്തകൾ കാരണം ആരും ഒരിക്കലും നശിച്ചു പോയിട്ടില്ല. എന്നാൽ ദ്രവ്യാഗ്രഹം നിമിത്തം തകർന്നു പോയിട്ടുള്ള എത്രയോ ആളുകൾ നമ്മുടെ കൺമുമ്പിൽ ഉണ്ട്. ധനത്തിനുവേണ്ടി തട്ടിപ്പും വെട്ടിപ്പും നടത്തി അനേകരുടെ ജീവിതത്തെ തകർക്കുകയും പിന്നീട് സ്വയം തകരുകയും ചെയ്തിട്ടുള്ള എത്ര സംഭവങ്ങൾ ഇന്ന് നാം കേട്ടുകൊണ്ടിരിക്കുന്നു! എന്നാൽ യഥാർത്ഥമായ ദൈവിക ചിന്ത എത്ര വലിയ ശക്തിയാണ്!
+ 91 9495913953
—————-
* വി.ലൂക്കോസ് 21:2
**ഫിലിപ്പിയർ 4:19