പി. റ്റി. കോശിയച്ചൻ.

ഒരു മനുഷ്യൻ വളരെ ദുഃഖിതനായി ഒരു പാർക്കിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് മറ്റൊരു മനുഷ്യൻ വന്നിരുന്ന് അയാളുടെ സങ്കടത്തിന്റെ കാര്യം അന്വേഷിച്ചു. അപ്പോൾ അയാൾ പറഞ്ഞു, ”ഞാൻ ഒന്നുമില്ലാത്ത ഒരു ദരിദ്രൻ ആണ്, എനിക്ക് ഈ ദാരിദ്ര്യത്തിൽ ജീവിക്കാനാണ് വിധി”. ഇത് കേട്ട മറ്റേ മനുഷ്യൻ ചോദിച്ചു: “നിങ്ങൾക്ക് രണ്ടു കൈകളില്ലേ, രണ്ടു കാലുകളില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ ആശ്ചര്യകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എത്രയെത്ര അവയവങ്ങൾ! അദ്‌ഭുതപ്പെടുത്തുന്ന, എത്രെയോ നാഡി ഞരമ്പുകൾ! ഇങ്ങനെ എല്ലാം ഉള്ള താങ്കൾ എങ്ങനെയാണ് ഒന്നുമില്ലാത്ത ദരിദ്രൻ ആകുന്നതു? ഇവയെക്കാൾ വിലപിടിപ്പുള്ള എന്ത് കാര്യം ആണ് ഈ ലോകത്തിലുള്ളത്?” (ഗൂഗിൾ).
നാം ദരിദ്രരാണോ സമ്പന്നരാണോ? എന്താണ് ഇതിനൊരു ഉത്തരം പറയുക? ചില കാര്യങ്ങളിൽ സമ്പന്നരും മറ്റു ചില കാര്യങ്ങളിൽ ദരിദ്രരും എന്നു പറയുന്നതല്ലേ ശരി? പക്ഷേ സാധാരണയായി നാം ദരിദ്രർ എന്ന് പറയുന്നത് സാമ്പത്തിക ദാരിദ്ര്യത്തെ ഉദ്ദേശിച്ചു മാത്രമാണ്. അതുതന്നെ നമ്മുടെ വികലമായ ഒരു കാഴ്ചപ്പാടിന്റെ ഫലമല്ലേ? ഇത് നമ്മുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഒരു പ്രശ്നമാണ്. പണമുണ്ടോ? അവർക്ക് എല്ലായിടത്തും സ്ഥാനം കൽപ്പിക്കും, സമ്പന്നരായി അംഗീകരിക്കും. “പണമില്ലാത്തവൻ പിണം.” എന്ന ചൊല്ല് നമുക്ക് പരിചിതമാണല്ലോ. എന്നാൽ നാം സമ്പന്നർ എന്ന് വിളിക്കുന്ന പണക്കാർ ഏതെല്ലാം വിധത്തിൽ ദരിദ്രരാണ്! പല പണക്കാർക്കും സമാധാനമില്ല, സ്നേഹവും കരുണയും ഇല്ല. അങ്ങനെയുള്ളവർ സമ്പന്നരാണോ? ദരിദ്രർ എന്ന് നാം വിളിക്കുന്ന, സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആളുകൾ ഏതെല്ലാം കാര്യങ്ങളിൽ സമ്പന്നരാണ്! സ്നേഹിക്കുവാനും ക്ഷമിക്കുവാനും ശുശ്രൂഷിക്കുവാനും മനസ്സലിവോടെ പ്രവർത്തിപ്പാനും അവരിൽ അനേകർക്കും സാധിക്കുന്നില്ലേ?
നാം ജീവിതത്തിൽ എന്തിനാണ് മൂല്യം കൽപ്പിക്കുന്നത് എന്നതിന്റെ വെളിച്ചത്തിലാണ്, നമ്മെത്തന്നെയും മറ്റുള്ളവരെയും സമ്പന്നരോ ദരിദ്രരോ ആയി കാണുന്നത്. സ്നേഹനിധികളായ അനേകയാളുകൾ സാമ്പത്തിക്ലേശം അനുഭവിക്കുന്നു എന്നതിനാൽ അവരെ ദരിദ്രരെന്ന് വിധിക്കുന്നത് വലിയ അപരാധമല്ലേ? ഇവിടെ എന്താണ് ആവശ്യം? മറ്റുള്ളവരിലെ സാധ്യതകളെ കണ്ടെത്തി അതിന്റെ പൂർണ്ണതയിലേക്ക് അവരെ നയിക്കുന്ന ശുശ്രൂഷയിൽ പങ്കാളികളാകുവാൻ നമുക്ക് സാധിക്കുമെങ്കിൽ നാം എത്ര സമ്പന്നരാണ്! അതിനാൽ യഥാർത്ഥമായ ദാരിദ്ര്യം ധനത്തിന്റെ കുറവല്ല, മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്ന സ്വഭാവ വൈശിഷ്ട്യങ്ങളുടെ അഭാവമാണ്.

പണത്തിന്റെ ആധിക്യം ആരെയും സമ്പന്നരാക്കുകയില്ല. സ്നേഹാധിഷ്ഠിതമായ ഒരു ജീവിതമാണ് സമ്പന്നതയുടെ അടിത്തറ. ആകയാൽ മറ്റുള്ളവരെ സമ്പന്നരായി കാണുവാൻ തക്കവിധം സമ്പന്നരായി ജീവിക്കുന്നതിന് നമുക്ക് സാധ്യമായി തീരട്ടെ! അങ്ങനെ ജീവിപ്പാൻ ആവശ്യമായ ദൈവകൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953