Home Motivational Messagesഒരു വിഗ്രഹവില്പനക്കാരൻ​.

ഒരു വിഗ്രഹവില്പനക്കാരൻ​.

by admin
0 comments
പി. റ്റി. കോശിയച്ചൻ.
 
വിഗ്രഹവില്പനക്കാരൻ ദേവന്റെ മരരൂപം വില്പ്പനക്കായി കൊണ്ടു നടക്കുകയായിരുന്നു. ആരും വാങ്ങുന്നില്ല എന്നു കണ്ടപ്പോൾ അയാൾ വിഗ്രഹത്തിന്റെ ഗുണഗണങ്ങൾ വർണ്ണിക്കാൻ തുടങ്ങി: “ഈ ദേവൻ അതിനെ വാങ്ങുന്നയാൾക്ക് സർവ്വൈശ്വര്യവും സമ്പത്തും നൽകും.” ഇത് കേട്ട ഒരാൾ ചോദിച്ചു: “സമ്പത്തും ധനവും നൽകുന്ന വിഗ്രഹമാണെങ്കിൽ നീ എന്തിന് അത് മറ്റൊരാൾക്ക് വിൽക്കുന്നു? നിനക്ക് ആ ഐശ്വര്യങ്ങൾ നേടികൂടേ?” വില്പനക്കാരൻ മറുപടി പറഞ്ഞു: “എനിക്ക് ഇപ്പോൾ പണത്തിന്റെ അത്യാവശ്യമുണ്ട്. ദേവൻ എഐശ്വര്യം തരാൻ പലപ്പോഴും കാലതാമസം വരുത്താറുണ്ട്”. (ഗൂഗിൾ).
 
ഈ വിൽപ്പനക്കാരുടെ വിശ്വാസമാണ് അനേകർക്കും ദേവനെക്കുറിച്ചുള്ളത്. ദേവൻ (ദൈവം)ഗുണമുള്ളവനാണ്, പക്ഷേ പണത്തിന്റെ ഗുണം അതിനേക്കാൾ ഏറെയാണ്. പണം ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിനായി ദേവനെ വിറ്റാലും സാരമില്ല. പണം ലഭിക്കുമെങ്കിൽ, ദേവനെ വേണമെങ്കിലും വിശ്വാസം വേണമെങ്കിലും വിൽക്കാം. “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ അനേകരുടെയും പ്രമാണമാണത്. പലരും ദൈവത്തിന്റെ മഹിമ പുകഴ്ത്തുന്നതും പണത്തിനു വേണ്ടി തന്നെയാണ്. പണം ലഭിക്കുവാനുള്ള വ്യഗ്രത തന്നെ വിനാശകരമാണ്.
 
എന്തിനാണ് പണം? ഇന്നത്തെ ലോകത്തിൽ ഭൗതിക ആവശ്യങ്ങൾ നിറവേറുന്നതിന് പണം ആവശ്യമാണ്. എന്നാൽ ആവശ്യങ്ങൾ നിറവേറുക എന്നതിലുപരി പണസമ്പാദനം അനേകർക്കും ഒരു വ്യഗ്രതയാണ്, അഥവാ ഒരു ദാഹമാണ്! അതുകൊണ്ടാണ് അനേകരും ആവശ്യത്തിൽ വളരെയധികം സ്വരൂപിക്കുന്നത്! എത്ര കഷ്ടപ്പെട്ടാണ് അനേകരും പണം സ്വരൂപിക്കുന്നത്. അതുപോലെ വ്യാജ മാർഗ്ഗങ്ങളിൽ സ്വരൂപിക്കുന്നവർ ധാരാളം. എന്നാൽ ഈ പണം എല്ലാം പലപ്പോഴും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടാറില്ല. പല കോടീശ്വരന്മാരും, ജീവിതത്തിന്റെ നിർണായക നിമിഷങ്ങളിൽ തങ്ങൾക്കുള്ള പണം പ്രയോജനപ്പെടാതെ മരണത്തിന് വിധേയരായിട്ടുണ്ട്. അനേക മോഷ്ടാക്കളും അക്രമികളും അമ്മാതിരി പ്രവർത്തനങ്ങളിലൂടെ വളരെ ധനം സമ്പാദിച്ചിട്ടുണ്ട്. ഇപ്രകാരം ചെയ്യുന്നത് ആർഭാട ജീവിതത്തിനു വേണ്ടി മാത്രമാണ്. എന്നാൽ അങ്ങനെയുള്ള ജീവിതം ആർക്കും വളർച്ചക്കോ മഹത്വത്തിനോ മുഖാന്തരം ആവില്ല. അവയെല്ലാം വിനാശകരമാവുകയേ യുള്ളൂ. ലഭിച്ചിട്ടുള്ള ധനം സ്വന്തം ആവശ്യങ്ങൾക്കും സഹോദരങ്ങളുടെ ആവശ്യങ്ങൾക്കും ഉപയുക്തമാകുമ്പോൾ മാത്രമേ പ്രയോജനകരമായി തീരുകയുള്ളൂ.
 
ആവശ്യങ്ങൾക്ക് ഉപയുക്തമാവാത്തതൊന്നും സമ്പാദ്യമല്ല. കേവലം ആർത്തിയുടെ ഭാഗം മാത്രം. ആർത്തി ഉപേക്ഷിച്ച്, കാര്യമാത്ര പ്രസക്തമായി ജീവിക്കുവാൻ ഏവർക്കും സാധ്യമാകേണ്ടതല്ലേ? അപ്പോഴാണ് ധനം അനുഗ്രഹമാകുന്നത്. അങ്ങനെ അനുഗ്രഹകരമായ ജീവിതത്തിനായി നാം നേടിയിട്ടുള്ള ധനം വിനിയോഗിക്കുന്നതിനു നമുക്ക് സാധിക്കണം. നമ്മുടെ ധനം അനേകർക്ക് അനുഗ്രഹമാവുകയും വേണം. അതിനായി നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-
 

You may also like

Leave a Comment