അമനകരയിലെ ആശാരി  (കഥ) -പി. ടി. പൗലോസ് 

Date:

”ജാനൂ……ജാനുവേ…….എടീ ജാൻസി…..”

അടുക്കളയിൽനിന്നും ഷീലാമ്മചേച്ചി തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു. സന്ധ്യക്ക്‌ മുറ്റമടിക്കുകയായിരുന്ന ജാനു ചൂല് നിലത്തിട്ട്‌ ദേഷ്യത്തോടെ 

”എന്താ ഷീലാമ്മച്ചി”

”നമ്മുടെ തള്ളക്കോഴി ഇന്നലെമുതൽ കൂട്ടിൽ കേറുന്നില്ല. ആ പൂവൻചെകുത്താനെ പേടിച്ച് താഴത്തെ പറങ്കിമാവിൻതൊട്ടിയിലെങ്ങാനും കാണും. ഒന്ന് നോക്ക് കൊച്ചെ”

ജാനു എന്തോ പിറുപിറുത്തുകൊണ്ട് താഴെ പറങ്കിമാവിൻപറമ്പിലേക്ക് പോയി.

ജാനു എന്ന് വിളിപ്പേരുള്ള ജാൻസി മാത്യു കൂത്താട്ടുകുളം സി. എസ്. ഐ.
പള്ളി  നടത്തിപ്പുകാരനും പ്രധാന  ശിശ്രൂഷകനും ഒക്കെയായ മത്തായി ഉപദേശിയുടെയും ഷീലാമ്മയുടെയും 
ഒറ്റമോൾ. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ജാനുവിന് അല്പം കുറുമ്പുണ്ടെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടവൾ. പള്ളിയോട്‌ ചേർന്നുള്ള ബംഗ്ളാവിൽ ഉപദേശിയും 
കുടുംബവും താമസം. തൊട്ടപ്പുറത്തെ പള്ളിയുടെതന്നെ പഴയ രണ്ടുമുറി വീട് ടൗണിലെ ഒരു ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായ എനിക്ക് താമസിക്കാൻ വാടകക്ക് തന്നിരിക്കുന്നു. ജാനുവിന് ഇംഗ്ലീഷ്, മാത്ത്സ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതുകൊണ്ട് ഉപദേശി വാടക എന്നോട് വാങ്ങാറില്ല. 

അന്നൊരു ഞായറാഴ്ച. വൈകുന്നേരങ്ങളിൽ ടൗണിലൂടെ ഒരു നടത്തവും പരിചയക്കാരോട് അല്പം സൊറപറച്ചിലും എനിക്ക് ഒരു പതിവ് ശീലമായിരുന്നു. ഇറങ്ങുവാൻ ഒരുങ്ങുമ്പോൾ മുൻവശത്തെ വാതിലിൽ ആരോ ശക്തിയോടെ നിറുത്താതെ മുട്ടുന്നു. ഞാൻ വാതിൽ തുറന്നപ്പോൾ ജാനുവാണ്. മുഖത്ത് വല്ലാത്ത പരിഭ്രമം. കുട്ടി വല്ലാതെ വിയർത്തിട്ടുണ്ട്. ഞാൻ ചോദിച്ചു ”എന്ത് പറ്റി മോളെ” അവളുടെ കാലുകൾ നിലത്തുറക്കുന്നില്ല. ജാനു എന്റെ കൈകളിലേക്ക് വീഴുകയായിരുന്നു. ഞാനവളെ കട്ടിലിൽ ഇരുത്തി. നനഞ്ഞ തുണികൊണ്ട് മുഖം തുടച്ചു. കുടിക്കാൻ തണുത്ത വെള്ളവും കൊടുത്തു. അല്പം കഴിഞ്ഞ് അവൾ സംസാരിച്ചുതുടങ്ങി. 

”താഴെ പറങ്കിപ്പറമ്പിലെ കാട് കയറിയ ഭാഗത്ത് ഒരു പൊട്ടക്കിണർ ഉണ്ട്. സാർ അതിൽ ചെന്നൊന്നു നോക്കണം. കിണറ്റിലെ വെള്ളത്തിൽ ആരോ കിടക്കുന്നതുപോലെ. ഒരു ചീഞ്ഞ നാറ്റം വന്നതുകൊണ്ട് ഞങ്ങളുടെ തള്ളക്കോഴി ചത്തുകിടക്കുന്നതാണോ എന്ന് നോക്കിയതാ. പക്ഷെ, ഇതൊരു മനുഷ്യൻ….”  

അവൾക്ക്‌ പിന്നെ ഒന്നും പറയാൻ പറ്റാത്തതുപോലെ. കണ്ടകാര്യം ഷീലാമ്മച്ചിയോട് പറയണ്ട എന്നുപറഞ് ഞാൻ ജാനുവിനെ ബംഗ്ളാവിന്റെ പിറകുവശത്തൂടെ വീട്ടിലേക്ക്‌ കയറ്റിവിട്ടു. കണ്ടകാര്യം അമ്മയോട് പറയാതെ എന്നോട് പറഞ്ഞ ആ കുട്ടിയുടെ പ്രായത്തിൽക്കവിഞ്ഞ പക്വതയെ ഞാൻ മനസാ അഭിനന്ദിച്ചു. ഞാനൊരു ടോർച്ചെടുത്തു പുറത്തേക്കിറങ്ങി. നേരം സന്ധ്യ കഴിഞ്ഞ് ഇരുൾ വ്യാപിച്ചുതുടങ്ങി. നടയിറങ്ങി ഏറ്റവും താഴ്‌ഭാഗത്തുള്ള പറങ്കിപ്പറമ്പിലെത്തി.കമ്മ്യൂണിസ്റ്റ് പച്ചയും ചൊറികണ്ണനുംകൊണ്ട് പറമ്പിന്റെ തെക്കുഭാഗം മൂടിക്കിടന്നു. കാട് വകഞ്ഞുമാറ്റി പൊട്ടക്കിണറിനടുത്ത് എത്തിയപ്പോൾ  അസഹ്യമായ നാറ്റം. മൂക്കുപൊത്തി കിണറ്റിലേക്ക് ടോർച്ചടിച്ചപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടു. വെള്ളയുടുപ്പിട്ട ഒരാൾ വെള്ളത്തിൽ പൊങ്ങി കമഴ്ന്നു കിടക്കുന്നു. ഞാൻ നടകയറി മുകളിലെത്തി പള്ളിമുറ്റത്തെ വാകമരച്ചോട്ടിൽ എവിടെയോ സുവിശേഷവേലക്കുപോയ മത്തായി ഉപദേശിയെ കാത്തിരിപ്പായി. 

അറുപത്തേഴിലെ നിയമസഭാ തെരഞ്ഞെടുപ്പുകാലം. അന്ന് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടൗണിലെ സമാപനറാലിയായിരുന്നു. ഉത്തരവാദഭരണ പ്രക്ഷോപത്തിന്റെ ഓർമ്മകൾ അലതല്ലുന്ന, ഒരുകാലത്ത് സമരതീഷ്ണമായിരുന്ന   രാഷ്ട്രീയഭൂപടത്തിലെ രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളം അന്ന് അക്ഷരാർത്ഥത്തിൽ ചെങ്കടലായി. പകൽ മുഴുവനും ഇൻക്വിലാബ് വിളിച്ചു നഷ്ടമായ ഊർജ്ജം വീണ്ടെടുക്കുന്നതിന് ഗ്രാമങ്ങളിൽനിന്നെത്തിയ സഖാക്കളിൽ ചിലർ കൂട്ടമായും അല്ലാതെയും ടൌൺ കള്ളുഷാപ്പിലേക്ക്‌ എം. സി. റോഡിലെ വഴിവിളക്കുകളുടെ അരണ്ട വെളിച്ചത്തിലൂടെ പോകുന്നത് എനിക്കിവിടെ ഇരുന്നും കാണാമായിരുന്നു. കൂത്താട്ടുകുളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ടൌൺ കള്ളുഷാപ്പിനും ഇടമുണ്ട്. വിപ്ലവനാടക ചിന്തകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ടൗൺഷാപ്പ്‌ വേദിയായിരുന്നു. എല്ലാ ചിന്തകൾക്കും ചൂടുപകരാൻ മാങ്കുളം കീലറും ദാസപ്പന്‍മേരിയും വൈകുന്നേരങ്ങളിൽ എത്തുമായിരുന്നു. കിഴക്കൻ മലകളിലെ മാങ്കുളം എസ്റ്റേറ്റിൽ കീലർ സായിപ്പിന് അരിവെക്കാൻ പോയ മാട്ടേൽ കൊച്ചേലി തിരിച്ചുവന്നത് മാങ്കുളം കീലറായി .  ഭാര്യ സിനിമയിൽ സത്യന്റെ അംബാസഡർ കാർ തുടച്ചു എന്നവകാശപ്പെട്ട് കൂത്താട്ടുകുളത്തെ ആദ്യ സിനിമാനടനായി വാളായിക്കുന്ന് മുഷിയൻ  ബാർബറിന്റെ രണ്ടുമക്കളിൽ മൂത്തവൻ ദാസപ്പൻ. വാളായിക്കുന്നിലെ ഒരു പാർട്ടി മീറ്റിങ്ങിൽ ദാസപ്പനും കൊളമ്പാടം തിരുകല്ലേൽ ദേവസ്യയുടെ മകൾ മേരിയും ഒരു വിപ്ലവയുഗ്മഗാനം പാടി. അതോടെ കൂത്താട്ടുകുളത്തെ ആദ്യ സിനിമാക്കാരനിൽ മേരി അനുരക്തയായി. യോഗം കഴിഞ്ഞ് എല്ലാവരും പോയപ്പോൾ മലഞ്ചെരുവിലെ കുറ്റിക്കാട്ടിൽ കമ്മ്യൂണിസ്റ്റ് പച്ചകളെ സാക്ഷി നിറുത്തി ദാസപ്പനുവേണ്ടി മേരി അവളുടെ സ്വര്‍ഗ്ഗകവാടം തുറന്നു. സ്വര്‍ഗ്ഗം കണ്ടു നാണിച്ചുപോയ ദാസപ്പനെ പിന്നീടാരും കണ്ടിട്ടുമില്ല. ആദ്യമായി പുരുഷനെ അറിഞ്ഞ മേരിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടു. അവളെ അപ്പൻ ദേവസ്യ വടക്കെവിടെയോ ഒരു സിദ്ധന്‍റെ അടുത്തുകൊണ്ടുപോയി .  തിരികെവന്നിട്ടും ദാസപ്പന്റെ പ്രേമം പ്രേതമായി അവളിലുടക്കികിടന്നു. അവൾക്കു കാണുന്ന പുരുഷന്മാരെല്ലാം ദാസപ്പന്മാരായി തോന്നി. അങ്ങനെ അവൾ ദാസപ്പന്‍മേരിയായി പുതിയ തൊഴിൽ സ്വീകരിച്ചു. ടൗൺഷാപ്പിന്റെ കവാടത്തിൽ കറിക്കച്ചവടം നടത്തുന്ന പുതിയപറമ്പിൽ ശങ്കരൻ തന്റെ കടയോട് ചേർന്ന് ഒരു മരബെഞ്ച്‌ ഇട്ടിട്ടുണ്ട്. അതാണ് മേരിയുടെയും കീലറിന്റെയും സായാഹ്നങ്ങളിലെ വിലപേശലിനുള്ള ഇരിപ്പിടം. 

രാത്രി പത്തോടടുത്തുകാണും. മത്തായി  ഉപദേശി ടോർച്ചു മിന്നിച്ച് താഴെനിന്നും നടകയറിവരുന്നത് ഞാൻ കണ്ടു.പള്ളിമുറ്റത്ത് എത്തിയപ്പോൾ വീട്ടിലേക്കു പോകാതെ ഞാൻ തടഞ്ഞുനിറുത്തി .  പറങ്കിപ്പറമ്പിലെ കിണറ്റിൽകണ്ട കാര്യം ചുരുക്കിപറഞ്ഞു. ഉപദേശി 
ജാനുവിനെക്കാൾ കഷ്ടമായി. ശരീരം തളർന്നു വീഴാൻ തുടങ്ങി.  ഞാൻ പിടിച്ചു പള്ളിവരാന്തയിൽ ഇരുത്തി. അല്പം കഴിഞ്ഞ് ഞാൻ ഉപദേശിയോട് ചോദിച്ചു. 
”നമുക്ക് പോലീസിൽ അറിയിക്കണ്ടേ ?”
”വേണം”
”എന്നാൽ നമുക്ക് സ്റ്റേഷനിലേക്ക് പോകാം. ഷീലച്ചേച്ചിയോട് ഇപ്പോൾ പറയണ്ട” 
ഞങ്ങൾ രണ്ടാളും ടൌൺ പോലീസ് സ്റ്റേഷനിൽ എത്തി. തല നരച്ച ‘ഏഡ് മൂത്ത’ എസ് . ഐ. രാത്രിയിലും സ്റ്റേഷനിൽ ഉണ്ട്. വരാന്തയിൽ പാറാവു പോലീസും ഉള്ളിലൊരു റൈറ്ററും. അതാണ് സ്റ്റേഷനിലെ ആ സമയത്തെ സ്റ്റാഫ്. ഞാൻ കിണറ്റിൽ കണ്ട കാര്യം എസ് .ഐ യോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിസ്സാരമായ മറുപടി ഇങ്ങനെ. 

”എനിക്ക് റിട്ടയർ ആകാൻ മൂന്നുമാസമേയുള്ളു. അതുകൊണ്ട്‌ കൂടുതൽ പുലിവാല് പിടിക്കാൻ ഞാനില്ല. പ്രേതത്തിന്‌ കാവലിരിക്കാൻ ഇവിടെയിപ്പോൾ പോലീസുകാരുമില്ല. നിങ്ങൾ ഇപ്പോൾ പറഞ്ഞകാര്യം നാളെ രാവിലെ അറിഞ്ഞതായിട്ട് ഞാനിവിടെ രേഖപ്പെടുത്തും. അപ്പോൾ പ്രേതത്തിന്‌ രാത്രിയിൽ കാവലിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം” 

എസ് .ഐ. എഴുന്നേറ്റ് പാറാവുകാരനോട് എന്തോ പറഞ്ഞ് റൈറ്ററുടെ മുറിയിലേക്ക് പോയി. ഞങ്ങൾ നിരാശരായി തിരികെപോന്നു. ഉപദേശി വളരെ ക്ഷീണിതനായിരുന്നു. എന്നെ കാര്യങ്ങൾ ഏല്പിച്ച് ഉപദേശി വീടിനുള്ളിലേക്ക് പോയി. ഞാൻ രാത്രി മുഴുവനും പറങ്കിപ്പറമ്പിലെ പൊട്ടക്കിണറിന്‌ കാവലായി പള്ളിനടയിൽ ഇരുന്നു. കൊതുകുകൾ കൂട്ടംകൂട്ടമായി കൂട്ടിന് വന്നുകൊണ്ടേയിരുന്നു. 

രാവിലെ എസ് .ഐ യും രണ്ടു പോലീസുകാരും പറങ്കിപ്പറമ്പിലെത്തി 
നടപടികൾക്ക് തുടക്കമിട്ടു. നാട്ടുകാരുടെ സഹായത്തോടെ പ്രേതത്തെ കിണറ്റിൽനിന്നും പൊക്കി 
കരക്കിട്ടു. മാംസഭാഗങ്ങൾ വിട്ടുമാറിയ 
ഒരസ്ഥിപഞ്ജരമായിരുന്നു. മുഖം 
വ്യക്തമല്ല. വെള്ളയോ മഞ്ഞയോ എന്ന് തിട്ടമല്ലാത്ത ഒരു ഉടുപ്പും ചുറ്റിമുറുക്കിക്കെട്ടിയ കൈലിയുമാണ്  വേഷം. അസഹ്യമായ ദുർഗന്ധം. പ്രേതം കാണാൻ വന്ന പാലാ ബസ്സിലെ കണ്ടക്ടർ പറഞ്ഞു. രണ്ടാഴ്ചയായി അമനകരയിൽനിന്നും ഒരു നാണപ്പനാശാരിയെ കാണാനില്ല എന്ന്. അയാളുടെ വീട്ടുപേരറിയില്ലെന്നും ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി അന്വേഷിച്ചാല്‍ അറിയാൻ പറ്റുമെന്നും. ഇതുകേട്ട് ഉപദേശി എന്റെ പിന്നാലെ കൂടി. ഉപദേശിയുടെ ദയനീയാവസ്ഥ മനസ്സിലാക്കി ഞാൻ അമനകരക്കു ബസ്സ് കയറി. സ്റ്റോപ്പിലിറങ്ങി അന്വേഷിച്ചപ്പോള്‍ നാണപ്പൻ ആശാരിയുടെ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. വൈയ്ക്കോല്‍ മേഞ്ഞ ഒരൊറ്റമുറി വീട്. മരപ്പലകയടിച്ച ഭിത്തി. ചാണകം മെഴുകിയ തറയിൽ എട്ടോ പത്തോ വയസ്സുള്ള ഒരു പയ്യൻ മൂട് കീറിയ കാക്കിനിക്കറുമിട്ട് നാല് കാലിൽ ആന നടക്കുന്നതുപോലെ നടക്കുന്നു. എന്തോ ഒരുതരം കളിയാണ്. മുറ്റത്തു നിൽക്കുന്ന ഉയരമുള്ള മാവിൽ നിറയെ മാങ്ങയുണ്ട്. അത് എറിഞ്ഞുവീഴ്ത്താൻ കൈയിൽ കല്ലുമായി ഒരു ടീനേജുകാരൻ. അവനും കാക്കിനിക്കറും കയ്യില്ലാത്ത പിഞ്ചിയ ബനിയനും വേഷം. നടുമുറ്റത്ത് നാല്പത്തിയഞ്ചോളം വയസ്സ് തോന്നിക്കുന്ന മുട്ടോളം വച്ച് കൈലിമുണ്ടുടുത് പൊക്കിളുകാണുന്ന ബ്ലൗസുമിട്ട്‌ തലയിൽ അവിടവിടെ നരകയറിയ ഒരു സ്ത്രീ കൂട്ടിയിട്ട തെങ്ങിൻമടല് വെട്ടി വിറകാക്കുന്നു. ആ സ്ത്രീ ആശാരിയുടെ ഭാര്യ ആണെന്നും മാവേലേറുകാരനും ആനകളിക്കാരനും മക്കളാണെന്നും ഊഹിച്ചുകൊണ്ട്‌ ഞാനാ സ്ത്രീയോട് ചോദിച്ചു. 

”ഇത് നാണപ്പനാശാരിയുടെ വീടല്ലേ ?”
”ആണെങ്കിൽ….”
”ആശാരിയെ ഒന്നുകാണാൻ വന്നതാ ”
”ഇവിടില്ല” മുഖത്തടിച്ച പോലത്തെ മറുപടി. ഞാൻ ചോദിച്ചു.
”എവിടെ പോയി?”
”അറിയില്ല. പോയാൽ രണ്ടുമൂന്നാഴ്ച കഴിഞ്ഞൊക്കെയേ വരൂള്ളൂ ” എന്ന് നിസ്സാരമായി പറഞ്ഞ് ആ സ്ത്രീ വീടിന്റെ മറുഭാഗത്തേക്ക്‌ നടന്നു. 

ഞാൻ മാവേലെറിയുന്ന കക്ഷിയെ വിളിച്ചു. ഇതിനോടകം അവൻ കുറെ മാങ്ങ എറിഞ്ഞുകൂട്ടിയിരുന്നു. ഞാൻ ചോദിച്ചപ്പോൾ അവന്റെ പേര് ഗംഗാധരൻ എന്നും വീട്ടിൽ വിളിക്കുന്നത് ഗംഗയെന്നും ഉഴവൂർ കോളേജിൽ ഒന്നാംവർഷ പ്രീഡിഗ്രിക്ക്‌ ആറുമാസം പോയി പഠിത്തം നിറുത്തിയെന്നും പറഞ്ഞു. അവനും പറഞ്ഞു അച്ഛൻ ഇങ്ങനെ ആഴ്ചകളായി മാറിനിൽക്കാറുണ്ടെന്നും ഇപ്രാവശ്യം കാണിച്ചുകുളങ്ങര അമ്പലത്തിൽ ഉത്സവത്തിനോ മറ്റൊ പോയതായിരിക്കും എന്നൊരു ഊഹമുണ്ടെന്നും. ഒരനാഥശവം കൂത്താട്ടുകുളത്ത് കിട്ടിയിട്ടുണ്ട്. അതൊന്നു കാണാൻ വരുമോ എന്ന് ചോദിച്ചപ്പോൾ അവനാദ്യം പറഞ്ഞു അത് അച്ഛൻ ആയിരിക്കില്ല, അവൻ വരുന്നില്ല. അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി അമ്മയോട് സമ്മതം വാങ്ങി എന്റെ കൂടെ പോന്നു .  

ഞങ്ങളെത്തിയപ്പോൾ അനാഥപ്രേതമെന്ന പേരിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസുകാർ പോകാൻ ഒരുങ്ങുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചതുകൊണ്ട്‌ തിരക്കുണ്ടെങ്കിലും സർക്കാർ ആശുപത്രിയിൽ നിന്നും ഡോക്ടർ എത്തി പറങ്കിപ്പറമ്പിൽ വച്ചുതന്നെ പോസ്റ്റുമാർട്ടവും നടത്തി. പ്രേതത്തിന്‌ ഏതാണ്ട് രണ്ടാഴ്ച പഴക്കമുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തൽ. ഞാൻ പ്രേതത്തെ മൂടിയ തുണി മാറ്റി ഗംഗാധരനെ കാണിച്ചു. അവൻ മൂക്കുപൊത്തി അടുത്തുവന്നു. വലതുകാലിന്റെ വിരലുകളിൽ ശ്രദ്ധിച്ചുകൊണ്ട് അവൻ പറഞ്ഞു. ഇത് അച്ഛനാണ്. അച്ഛന്റെ  വലതുകാലിന്റെ പെരുവിരൽ  ഇതുപോലെ വലതുവശത്തേക്ക് വളഞ്ഞാണ് ഇരുന്നത്. പോലീസുകാർ ഉടുപ്പും കൈലിമുണ്ടും കാണിച്ചുകൊടുത്തു. അതും അച്ഛന്റെ ആണെന്ന് അവൻ സമ്മതിച്ചു. ഉടുപ്പ് രാമപുരം സ്റ്റൈലോ ടെയിലേഴ്സില്‍ തയ്പ്പിച്ചതാണെന്നും അവൻ പറഞ്ഞു. നോക്കിയപ്പോൾ കോളറിൽ ‘സ്റ്റൈലോ’ സ്റ്റിക്കറും തയ്ച്ചുപിടിപ്പിച്ചിട്ടുണ്ട്. പോലീസുകാർ ഉടനെ കോട്ടയം ജില്ലയിൽ രാമപുരം അമനകര ഇല്ലിപ്പറമ്പിൽ കേശവനാശാരി മകൻ നാണപ്പൻ ആശാരി അമ്പതു വയസ്സ് എന്ന് ഇന്‍ക്വസ്റ്റിലും മഹസ്സറിലും വേണ്ട തിരുത്തുകൾ നടത്തി അനാഥ പ്രേതത്തെ നാഥനുള്ള പ്രേതമാക്കി എന്നെയും ഉപദേശിയെയും മഹസ്സർ സാക്ഷികളാക്കി ഒപ്പിടുവിച്ച് പോലീസുകാർ സ്ഥലം വിട്ടു. പ്രേതത്തിന്‌ ഉടമസ്ഥനുണ്ടായതിൽ എനിക്കും ഉപദേശിക്കും ആശ്വാസം. ഞാൻ ഗംഗയോട് ചോദിച്ചു. 

”അച്ഛനെ എങ്ങനെയാണ് വീട്ടിൽ കൊണ്ടുപോകുന്നത്. ഞാനൊരു വണ്ടി വിളിക്കട്ടെ ?”
അവന്റെ മറുപടി 
”ഞാൻ അച്ഛനെ എങ്ങും കൊണ്ടുപോകുന്നില്ല. നിങ്ങളെന്തെങ്കിലും ചെയ്‌തോ. ഞാനീ ചീഞ്ഞുനാറുന്ന ശവത്തെ വീട്ടിൽ കൊണ്ടുചെന്നാൽ അമ്മ എന്നെയോടിക്കും ”  

എന്നുപറഞ്ഞ് ഗംഗാധരൻ പള്ളിനടയിറങ്ങി ഓടിമറഞ്ഞു. അവൻ പറഞ്ഞതുകേട്ടപ്പോൾ ഞാനും ഉപദേശിയും ഞെട്ടിപ്പോയി. അച്ഛനെ വേണ്ടാത്ത മകൻ! എല്ലാവരും പോയി. ഞാനും ഉപദേശിയും പിന്നെ പ്രേതവും മാത്രം പറങ്കിപ്പറമ്പിൽ. ഇനിയെന്തു ചെയ്യും? ഉപദേശി എന്നോട്.  ഞാനും തിരിച്ചു ചോദിച്ചു ഇനിയെന്തു ചെയ്യും. എന്തോ ആലോചിട്ട് ഉപദേശി പോയി. അല്പം കഴിഞ്ഞ്  ഉപദേശി ഒരു വാക്കത്തിയുമായി തിരികെ വന്നു. ഒരു കയ്യിൽ തൂമ്പയും മറുകയ്യിൽ മൺവെട്ടിയുമായി പള്ളിയിലെ പുറംപണിക്കാരൻ കൊച്ചുതൊമ്മനും കൂടെയുണ്ട്. ഉപദേശിയുടെ നിർദ്ദേശം അനുസരിച്ച് ഞാനും കൊച്ചുതൊമ്മനും കൂടി പ്രേതം മുകളിലെ പള്ളി ശവക്കോട്ടയിലേക്ക് എടുത്തു. ഉപദേശി ശവക്കോട്ടയിൽനിന്നും പോകുന്നതിനുമുമ്പ് ചൂണ്ടിക്കാണിച്ച തെക്കുപടിഞ്ഞാറേക്കോണിലെ കാടുകൾ വെട്ടിത്തെളിച് ഞാനും കൊച്ചുതൊമ്മനും കുഴിയെടുക്കാൻ തുടങ്ങി. തൊമ്മന് അന്തിക്കളള് ഒരു ശീലമാണ്. ഇന്നലെ കള്ളുഷാപ്പിൽ വച്ച് കൊച്ചുതൊമ്മൻ ഒരു കഥ കേട്ടത് കുഴിയെടുക്കന്നതിനിടയിൽ എന്നോട് പറഞ്ഞു. രണ്ടാഴ്ചമുമ്പ് ശങ്കരന്റെ കറിക്കടക്കുള്ളിൽ മദ്യലഹരിയിൽ ദാസപ്പന്‍മേരിക്ക് വേണ്ടിയുള്ള ഇടപാടുകാരുടെ പിടിവലിയിൽ ശ്വാസംനിലച്ച ഒരു വരത്തന്റെ കഥ. ഞാൻ തൂമ്പ നിലത്തിട്ട്‌ തൊമ്മനെ ഒന്നുനോക്കി. അവൻ പിന്നെ മിണ്ടിയില്ല. കുഴിതീര്‍ത്ത് ആശാരിയെ അതിലിട്ടു മൂടി. 

സംഭവബഹുലമായ ഒരു പകലിന് സാക്ഷിയായ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങി. ഞാനും കൊച്ചുതൊമ്മനും പണി തീര്‍ത്ത് പള്ളിമുറ്റത്തെത്തിയപ്പോൾ ആവി പറക്കുന്ന രണ്ടുകപ്പ് കട്ടൻ കാപ്പിയുമായി ജാനു നിൽപ്പുണ്ടായിയുന്നു. പോയ ഒരുദിവസം ഒരു യുഗംപോലെ തോന്നി. കാലികപ്പ് ജാനുവിന് തിരികെ കൊടുത്ത് ഞാൻ ഇരുൾ വ്യാപിച്ച നടകളിറങ്ങി തൊട്ടുതാഴെയുള്ള ക്ഷേത്രക്കുളത്തിലേക്ക് നടന്നു, ഇനിയും ഒരു പരോപകാരത്തിന് അവസരം കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ…

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...