അലക്സ് കണിയാമ്പറമ്പില്‍
1977-ല്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബേണിന്‍റെ പ്രാന്തപ്രദേശത്തുള്ള ആര്‍ബെര്‍ഗ് (Aarberg) എന്ന സ്ഥലത്ത് ഞാനും മകളും എത്തി. അതിനൊരു മാസം മുമ്പേതന്നെ ഭാര്യ ഓസ്ട്രിയയില്‍ നിന്നും അവിടെയുള്ള ഒരു ഹോസ്പിറ്റലില്‍ ജോലി കിട്ടി അവിടെ എത്തിയിരുന്നു.
ഞങ്ങള്‍ അവിടെ എത്തുന്നതിനു കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വിയന്നയില്‍നിന്നും അല്‍പ്പസ്വല്‍പ്പം ജര്‍മ്മന്‍ പഠിക്കാന്‍ ശ്രമിക്കുകയുണ്ടായി. താമസിയാതെതന്നെ ആ ശ്രമം ഉപേക്ഷിച്ചു; ആയുധം വച്ചു കീഴടങ്ങി.. ഇല്ല, യാതൊരു കാരണവശാലും ഈ ഭാഷ എന്‍റെ തലയില്‍ കയറുകയില്ല. അധികം താമസിയാതെ ഞാന്‍ നാട്ടിലുംപോയി. അതുംകഴിഞ്ഞ് ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് “ഭൂമിയിലെ പറുദീസ” എന്നു വിളിക്കപ്പെടുന്ന സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തുന്നത്. അവിടെ ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളുണ്ട്. (മറ്റൊരു അപ്രധാന ഭാഷയുമുണ്ട്, അതു വിട്ടുകളയുന്നു). ഞങ്ങള്‍ ചെന്നെത്തിയത് ജര്‍മ്മന്‍ സംസാരിക്കുന്ന പ്രദേശത്തായിരുന്നു. .
പിറ്റേന്നുകാലത്ത് ജോലിയ്ക്കു പോകുന്നതിനു മുമ്പ് ഭാര്യ കടയില്‍ പോകാനുള്ള വഴി പറഞ്ഞുതന്നു. വാങ്ങാനുള്ള കുറെ സാധനങ്ങളുടെ ലിസ്റ്റും. ഞാനും മകളുംകൂടി കടയില്‍ പോയി സാധനങ്ങളെല്ലാം വാങ്ങിവന്നു. കടയില്‍ കൌണ്ടറില്‍ ഞാന്‍ എന്തൊക്കെയോ ജര്‍മ്മനില്‍ തപ്പിത്തടഞ്ഞ് പറയുന്നതുകേട്ടപ്പോള്‍ മകള്‍ക്ക് അത്ഭുതം, അഭിമാനം.. – “പപ്പാ പച്ചവെള്ളം പോലെയാണല്ലോ ജര്‍മ്മന്‍ പറയുന്നത്!”
ഞാന്‍ പറയുന്നത് പൊട്ടത്തെറ്റാണെന്ന് അവള്‍ക്കെങ്ങനെ മനസിലാകും.. പാവം, ഞാനാ സുഖകരമായ തെറ്റിദ്ധാരണ തിരുത്താന്‍ പോയില്ല.
യുക്കെയില്‍ വന്നുകഴിഞ്ഞ് എന്നോടു പലരും ചോദിച്ചിട്ടുണ്ട് – സ്വിറ്റ്സര്‍ലന്‍ഡില്‍ എവിടെയൊക്കെയാണ് കാണേണ്ടത്?
ചോദിച്ച എല്ലാവരോടും ഞാന്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു..”അങ്ങനെ ഒരു പ്രത്യേക സ്ഥലമില്ല. ആ രാജ്യത്തിന്‍റെ ഓരോ മുക്കുംമൂലയും ടൂറിസ്റ്റ് അറ്റ്റാക്ഷനാണ്.”
ഞങ്ങള്‍ ചെന്നെത്തിയ ആര്‍ബെര്‍ഗ് “പട്ടിക്കാടാ പട്ടണമാ, രണ്ടും കെട്ട ലച്ചണമാ” എന്ന പഴയൊരു തമിഴ് പാട്ടിനെയാണ് ഓര്‍മ്മിപ്പിച്ചത്.. പട്ടണമല്ല, എന്നാല്‍ ഗ്രാമവുമല്ല. കാണാന്‍ കാര്യമായിട്ടൊന്നുമില്ല. പക്ഷെ ഉള്ളതെല്ലാം അതിമനോഹരം. താമസസ്ഥലത്തു നിന്നാല്‍ ഒരു വീഞ്ഞുഫാക്ടറി കാണാം.. അവിടെ നിന്നും എപ്പോഴും നല്ല സുഗന്ധം. ചെറിയൊരു മാര്ക്കറ്റ്. അവിടെയുമുണ്ട് ഒരു മിനി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍. തടിയില്‍ പണിത പ്രാചീനമായ ഒരു പാലമാണ് അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത്. കുഞ്ഞൊരു റെയില്‍വേ സ്റ്റേഷന്‍, അതിന്‍റെ മുന്നില്‍ പോസ്റ്റ് ഓഫീസ്, ബസ് സ്റ്റോപ്പ്. പിന്നെ വലിയൊരു പഞ്ചസാര ഫാക്ടറി. അത്രയൊക്കെതന്നെ. പക്ഷെ ഉള്ളതെല്ലാം ഒരു പെയിന്‍റിംഗ് പോലെ മനോഹരം. ക്രിസ്തമസ് കാര്ഡി ലെ ഭംഗിയുള്ള പടംപോലെ ചേതോഹരമായ ഗ്രാമം.
കടയില്നിയന്നും തിരിച്ചെത്തി ഭക്ഷണവും കഴിച്ച് മകളെയുംകൂട്ടി നടക്കാനിറങ്ങി. യുറോപ്പ് ആദ്യമായി കാണുന്ന മകള്ക്ക്യ കാണുന്നതെല്ലാം അത്ഭുതം. സ്വിസ്സ് ഗ്രാമീണസൌന്ദര്യം നുകര്ന്നുണ ഞാനും.
പെട്ടെന്ന്‍ പ്രാം (Stroller) ഉന്തി എതിരെ വന്ന ഒരു സ്ത്രീ മകളെ ചൂണ്ടിക്കാണിച്ച് എന്നോടു ജര്‍മന്‍ ഭാഷയില്‍ ചോദിച്ചു..
“ഇത് ലൂസിയുടെ മകളല്ലേ?”
മകള്‍ക്ക് അവളുടെ അമ്മയുടെ പേരുമാത്രം മനസിലായി.. എനിക്ക് കാര്യംപിടികിട്ടി.. ഞാന്‍ ആംഗലേയത്തില്‍ത്തന്നെ “യെസ്” എന്നു മറുപടി പറഞ്ഞു.
ജര്മ്മപന്‍ അധികം എന്റെ കൈവശം സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് ഞാന്‍ പെട്ടെന്നു ചോദിച്ചു – “ഡു യു സ്പീക്ക് ഇംഗ്ലീഷ്?”
ഇല്ല എന്നായിരുന്നു അവളുടെ മറുപടി.. എന്‍റെ പഴയ ജര്‍മന്‍ ഭാഷ കുറച്ചൊക്കെ തിരിച്ചെത്തി.. പരദൈവങ്ങളോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു…
“വീ ഹൈസന്‍ സീ?”
എന്നുവച്ചാല്‍.. – വാട്ടീസ് യുവര്‍ നെയിം..
അവള്‍ പേര് പറഞ്ഞു. യഥാര്ത്ഥ പേര് ഇവിടെ എഴുതുന്നില്ല. നമുക്കവളെ തല്ക്കാലം മോണിക്ക എന്നു വിളിക്കാം.
ഭാര്യ ജോലി കഴിഞ്ഞുവന്നപ്പോള്‍ മകള്‍ പറഞ്ഞു.. “മമ്മി ഇവിടെ വലിയ ഫേമസ് ആണല്ലോ.. ഞാനും പപ്പയുംകൂടി നടക്കാനിറങ്ങിയപ്പോള്‍ ഒരു മാദാമ്മ ഞാന്‍ ലൂസിയുടെ മോളാണോ എന്നു ചോദിച്ചു..”
“അപ്പോള്‍, നിങ്ങള്‍ അതിനിടയില്‍ തെണ്ടാനും പോയി, അല്ലെ? ആരായിരുന്നു മാദാമ്മ?”
ഞാന്‍ മാദാമ്മയെ വര്ണ്ണിച്ചു.
“ഏതാണ്ട് ഇരുപത്തിയെട്ടു വയസ്. ഒത്ത ശരീരം, നല്ല ഉയരം. ചടുപടാലിറ്റിയുള്ള പ്രസന്നവദന. സുന്ദരി ആണോ എന്നു ചോദിച്ചാല്‍, ആണെന്നും അല്ലെന്നും പറയാം. ഇംഗ്ലീഷ് അറിയില്ല..”
“അവളുടെ പേര് ചോദിച്ചോ?”
“ചോദിച്ചല്ലോ… മോണിക്ക.”
‘ഓ.. മോണിക്കാ. അവള്‍ എന്റെ ബോസിന്റെ ഭാര്യയാ..പാവം, നല്ല പെണ്ണാ.. എന്നോടു ഭയങ്കര സ്നേഹമാ.. അവള്‍ ആ കാലമാടനെ എന്തിനു കെട്ടിയെന്നുമാത്രം മനസിലാകുന്നില്ല..”
ബോസുമാരെല്ലാം (അവര്‍ ലോകത്തെവിടെയായാലും) കാലമാടന്മാരാണല്ലോ..
അതിനുശേഷം മോണിക്ക പലവട്ടം ഞങ്ങളുടെ വീട്ടില്‍ വന്നു. പ്രാമിലുണ്ടായിരുന്ന ആണ്‍കുട്ടിയ്ക്ക് രണ്ടര വയസ്. ഡാനിലോ. മകള്ക്ക് അവനെ ഭയങ്കര ഇഷ്ടം. മോണിക്കയ്ക്ക് അന്ന് പന്ത്രണ്ടു വയസുണ്ടായിരുന്ന മകളെയും ഇഷ്ടമായിരുന്നു. മകള്‍ താമസിയാതെ സ്കൂളില്‍ ചേരും. അവള്‍ അല്‍പ്പമെങ്കിലും ഭാഷ കേള്‍ക്കുകയെങ്കിലും ചെയ്യട്ടെ എന്നുകരുതി ഞങ്ങള്‍ മോണിക്ക വീട്ടില്‍ വരുമ്പോള്‍ എന്തെങ്കിലും ഇന്ത്യന്‍ ഭക്ഷണം നല്‍കും . സന്തോഷത്തോടെ അവള്‍ അതുമുഴുവന്‍ കഴിക്കും.
ഞാന്‍ എന്‍റെ ഭാഷയും ഒന്നു മിനുക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. അതില്ലാതെ നിവൃത്തിയില്ലല്ലോ.. അവള്‍ നേഴ്സ് ആണെങ്കിലും ജോലി ചെയ്യുന്നില്ല. സമയം ഇഷ്ടംപോലെ. അങ്ങനെ ഞങ്ങള്‍ അടുത്ത പരിചയക്കാരായി. എന്‍റെ ഭാഷ കുറെയൊക്കെ മെച്ചപ്പെട്ടു.
മോണിക്ക ഒരു കുലീനസ്ത്രീ ആണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും യാതൊരു സംശയവും ഇല്ലായിരുന്നു. വരുമ്പോഴൊക്കെ മകള്‍ക്കു കൊടുക്കാന്‍ ചോക്ലേറ്റ് കൈയിലുണ്ടാവും. തുറന്ന സംസാരം. “എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്” എന്ന് എപ്പോഴും പറയും. ഞങ്ങള്‍ അവരുടെ വീട്ടിലും കുറെ പ്രാവശ്യം പോയി. ഭര്‍ത്താവിന്‍റെ കാര്യം പറയുമ്പോള്‍ സ്നേഹം വഴിഞ്ഞൊഴുകും. മകന്‍ അവള്‍ക്കു പ്രാണനുതുല്യം..
ഈ നാട്ടിലും ഇത്ര നല്ല പെണ്കുട്ടികള്‍ ഉണ്ടല്ലോ എന്ന് ഞാനും ഭാര്യയും പലപ്പോഴും തമ്മില്‍ പറയാറുണ്ടായിരുന്നു.
ഒരു ദിവസം ഞാന്‍ അവളുടെ മാതാപിതാക്കളെക്കുറിച്ചു ചോദിച്ചു..
യാതൊരു ഭാവവ്യത്യാസവും ഇല്ലാതായിരുന്നു അവളുടെ മറുപടി.
“എന്റെ അപ്പന്‍ ആരാണെന്ന് എനിക്കറിയില്ല..”
ഞാനും ഭാര്യയും ഒരേ സ്വരത്തില്‍ ചോദിച്ചു – “വറൂം?” (Why?)
വളരെ ശാന്തമായി അവള്‍ മൊഴിഞ്ഞു..
“എന്‍റെ അമ്മ ഒരു വേശ്യയായിരുന്നു. അതുകൊണ്ട് ഞാന്‍ ആരുടെ മകള്‍ ആണെന്ന് അവര്‍ക്കറിയില്ല..”
എനിക്കും ഭാര്യയ്ക്കും കുറെ സമയത്തേയ്ക്ക് സംസാരശേഷി നഷ്ടമായി. അവള്‍ സന്തോഷവതിയായിതന്നെ സംസാരം തുടര്ന്നു.
ആര്‍ബെര്‍ഗ് വിടുന്നതുവരെ മോണിക്കയുമായുള്ള ഞങ്ങളുടെ ബന്ധം തുടര്ന്നു . പിന്നീട് അവളെ കാണുമ്പോള്‍ എനിക്കെന്തോ ഒരു ചമ്മല്‍.. പക്ഷെ മോണിക്ക എന്നും സന്തോഷത്തിന്‍റെ ആള്‍ രൂപം.
ഇതിനെയൊക്കെയാണോ ഈ “കള്‍ച്ചറല്‍ ഷോക്ക്” എന്നു പറയുന്നത്?
അതിനൊക്കെശേഷമാണ് നമ്മള്‍ “ബാസ്റ്റാര്ഡ്‍” എന്നുവിളിക്കുന്ന കുട്ടികളെ സായിപ്പ് ലവ് ചൈല്‍ഡ് എന്നും വിളിക്കും എന്നറിഞ്ഞത്.
അലക്സ് കണിയാംപറമ്പില്‍..