Home Literatureആത്മാക്കൾ

ആത്മാക്കൾ

by admin
0 comments

ഉമ  

പലജന്മമാത്മാവായാകാശ ദൂരങ്ങൾ
താണ്ടി നാമീജന്മം കണ്ടുമുട്ടി
ഹൃദയത്തിൽ ഹൃദയത്തിൻ മന്ത്രണം
ചേർത്തു നാമിരുവരുമൊന്നായി തീർന്നജന്മം

ഇലഞ്ഞികൾ പൂക്കുന്ന കാവുകൾക്കുള്ളിൽ
ഇരുളും വെളിച്ചവുമിഴനെയ്ത വഴിയിൽ
വള്ളികൾക്കുള്ളിൽ നേർത്ത സംഗീതമായി
പൊരുളറിയാതെ നാമെത്രജന്മം

നീഹാരമുതിരുന്ന യാമങ്ങളിൽ നാമറിയാതെ
നാം പ്രണയത്തിൻ കമ്പളം തീർത്തിരുന്നു
സ്മൃതികൾ പൂക്കളായാകാശമുറ്റത്തു
പൊന്നിൻ വെളിച്ചം പകർന്നിരുന്നു

വസന്തം മിഴിചേർത്ത പൂക്കളിൽ നമ്മൾ
ശലഭങ്ങളായി പാറിപ്പറന്നിരുന്നു
ഒറ്റമരത്തിന്റെയിലയില്ലാ ചില്ലയിൽ
പ്രണയപുഷ്പങ്ങൾ വിരിയിച്ചിരുന്നു

കളംകളം പൊഴിക്കുന്ന പുഴകളിൽ നാം
മീനുകളായി നീന്തിത്തുടിച്ചിരുന്നു
കണ്ണാരം തുമ്പികളായി പറന്നൊരു
പുൽനാമ്പിൻ തുഷാരം രുചിച്ചിരുന്നു

മഴമേഘമിരുളും പുലർവേളകളിൽ
കളിയോടം തീർത്തു നാംകാത്തിരുന്നു
വറ്റിവരളുന്ന ഭൂമിക്കു കുറുകെ വേരോടി
നീർച്ചാലായി മണ്ണിലേക്കൂർന്നിറങ്ങാൻ

പവിഴം വിളയുന്ന നെല്ലോലത്തലപ്പിൽ
ഇളംകാറ്റായി മുരളിക ചേർത്തുപാടി
കുടമുല്ല പൂക്കുന്ന തണുവുള്ള സന്ധ്യയിൽ
ഇലകളിൽ കാറ്റായൊളിച്ചിരുന്നു

ഇരുകരം ചേർത്തൊന്നായി മറുകരയെത്തുവാൻ
ഇനിയെത്രകാതം നാം താണ്ടിടേണം
മൗനത്തിൻ വല്ക്കലം നീളെ പുതച്ചിനിയും
ആത്മാക്കളായെത്ര ജന്മങ്ങൾ തിരഞ്ഞിടേണം

You may also like

Leave a Comment