പി. റ്റി. കോശിയച്ചൻ.

1962 നവംബർ 4 ന് നൈജീരിയയിലെ ഇബാദാനിൽ ജാതം ചെയ്ത ‘ഫെമി ഒറ്റെഡോള’ ഒരു വലിയ കോടീശ്വരൻ ആയിത്തീർന്നു. ഒരിക്കൽ ഒരു റേഡിയോ അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “സർ, നിങ്ങളെ ഏറ്റവും സന്തുഷ്ടനാക്കിയത് എന്താണെന്ന് ഓർമ്മിക്കാമോ?” ഫെമി പറഞ്ഞു: “സന്തോഷത്തിന്റെ നാല് ഘട്ടങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കുന്നത് ആയിരുന്നു ആദ്യഘട്ടം. വിലയേറിയ വസ്തുക്കൾ ശേഖരിച്ചത് രണ്ടാം ഘട്ടം. വലിയ പ്രോജക്ടുകൾ ആരംഭിച്ചത് മൂന്നാം ഘട്ടം. അക്കാലം നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണം 95% വും നിർവ്വഹിച്ചിരുന്നത് ഞാൻ ആയിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവയൊന്നും ഞാൻ ആഗ്രഹിച്ച സന്തോഷം നൽകിയില്ല. നാലാം ഘട്ടത്തിലാണ് യഥാർത്ഥ സന്തോഷം ഞാൻ കണ്ടെത്തിയത്.” ശാരീരിക വെല്ലു വിളികൾ നേരിടുന്ന ചില കുട്ടികൾക്ക് വീൽചെയർ സ്പോൺസർ ചെയ്യാൻ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടു. ഏകദേശം 200 കുട്ടികൾ മാത്രം. സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി നൽകി. കുട്ടികൾക്ക് അത് നൽകുവാൻ സുഹൃത്ത് എന്നെയും കൂട്ടിക്കൊണ്ടു പോയി. എന്റെ സ്വന്തം കൈകൊണ്ട് ആ കുട്ടികൾ എല്ലാവർക്കും വീൽചെയർ നൽകാൻ ഇടയായി. അപ്പോൾ ആ കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന്റെ തിളക്കം എന്നെയും ആനന്ദ തുന്ദിലനാക്കി. അവർ വീൽചെയറിൽ ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും കണ്ട് എന്റെ ഹൃദയം സന്തോഷിച്ചു. ഞാൻ മടങ്ങി പോരാൻ സമയം ഒരു കുട്ടി എന്റെ കാലിൽ പിടിച്ച് താങ്കളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, താങ്കളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും എന്നും പറഞ്ഞു.” ആ വാക്കുകൾ എന്നെ ഒരു പുതിയ മനുഷ്യനാക്കുകയും ചെയ്തു. (ഗൂഗിൾ).
ഈ ലോകത്തിൽ ജീവിതത്തിന് സുഖം നൽകുന്നത് എന്താണ്? വെള്ളിയും പൊന്നും ധനസൗകര്യങ്ങളും ഉല്ലാസങ്ങളും ആഡംബരങ്ങളും പാണ്ഡിത്യവും അധികാരവും ഇവയൊന്നും നമ്മെ സന്തുഷ്ടരാക്കയില്ല. ഇവയൊന്നും നിലനിൽക്കുന്നവ അല്ലല്ലോ. അല്പകാലം മാത്രമെ ഇവയൊക്കെ നമ്മുടേത് ആയിരിക്കുള്ളൂ. ഇവയിലൂടെ ലഭിക്കുന്ന സന്തോഷം അവ നഷ്ടപ്പെടുമ്പോൾ നിരാശയായി മാറും. നമ്മുടെ യാതൊരു നേട്ടവും ആത്യന്തികമായ സന്തോഷം നൽകില്ല. എന്നാൽ നാം ഉള്ളത് പങ്കു വെക്കുന്നതിലൂടെയാണ് യഥാർത്ഥ സന്തോഷം ലഭ്യമാകുന്നത്. നേട്ടങ്ങൾ നഷ്ടപ്പെട്ടുപോകാം, നാം നൽകിയത്, നൽകിയതായി തന്നെ എന്നും നില നിൽക്കുന്നതിനാൽ അവ ഒരിക്കലും നഷ്ടമാവില്ല. നേട്ടങ്ങളിൽ സ്വാർത്ഥഭാവമുണ്ട്. ആത്മാർത്ഥമായി മറ്റുള്ളവർക്ക് നൽകുവാൻ കഴിയുന്നത് സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും ഫലമാണ്.
സ്വാർത്ഥത നമ്മെ ആർത്തി ഉള്ളവരാക്കുകയെ ഉള്ളൂ. ആർത്തി ഒരിക്കലും സന്തോഷം പ്രദാനം ചെയ്യില്ല. നിസ്വാർത്ഥത നമ്മെ ത്യാഗ സന്നദ്ധരാക്കി മാറ്റും. ആ ത്യാഗം സന്തോഷത്തിന് കാരണമാവും. നമ്മുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മറ്റുള്ളവർ നമുക്ക് അഭിമുഖമായി നിൽക്കുകയാണ്! അവരിൽ ദരിദ്രരും, ബലഹീനരും ശാരീരികമായും മാനസികവുമായ വെല്ലുവിളികളെ നേരിടുന്നവരും രോഗികളും ദുഃഖിതരും ഉണ്ടാവും. നമുക്ക് അഭിമുഖമായി നിൽക്കുന്ന ഇവരെ കാണുവാൻ നമ്മുടെ സ്വാർത്ഥതയും ആർത്തിയും തടസ്സമായിരിക്കും. എന്നാൽ അവരിലേക്ക് ഇറങ്ങിചെല്ലുന്നതിലൂടെ സിദ്ധിക്കുന്ന ആനന്ദം ഒരിക്കലും നഷ്ടപ്പെടുന്നതല്ല. അതാണ് യഥാർത്ഥ സന്തോഷം. മറ്റുള്ളവർക്കായി നമുക്കും ജീവിക്കാം യഥാർത്ഥ സന്തോഷം അനുഭവിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953