കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി
ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച “സുവർണ്ണം” പരിപാടിയിൽ കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച “ദമയന്തി” മോഹിനിയാട്ടം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.
വർണ്ണത്തിന്റെ രൂപഘടനയിൽ ചിട്ടപ്പെടുത്തിയ “ദമയന്തി”യുടെ രചന പ്രഷീജയുടെ ഭർത്താവ് അന്തരിച്ച കലാനിലയം ഗോപിനാഥനാണ് നിർവഹിച്ചത്.
സ്വയംവരത്തിനിടയിൽ അഞ്ചു നളന്മാരെ കണ്ട് പരിഭ്രമിച്ച ദമയന്തിയെ സരസ്വതിദേവി ദേവൻമാരുടെ പാദം ഭൂമിയിൽ പതിഞ്ഞിട്ടുണ്ടാകില്ല എന്ന് അറിയിക്കുന്നതും, അങ്ങിനെ യഥാർത്ഥ നളനെ മനസ്സിലാക്കി വിവാഹം കഴിക്കുന്നതും, ഇടക്ക് നളൻ ദമയന്തിയെ ഉപേക്ഷിക്കുന്നതും, തുടർന്ന് പെരുമ്പാമ്പ് ദമയന്തിയുടെ കാലിൽ ചുറ്റുന്നതും, കാട്ടാളൻ അതിനെ കൊല്ലുന്നതും, തന്നെ വിവാഹം കഴിക്കാൻ ബലപൂർവ്വം ശ്രമിക്കുന്ന കാട്ടാളനെ ദമയന്തി ശപിച്ച് തീയിൽ അയാൾ ഭസ്മമായി പോയതിനു ശേഷം കുണ്ടിനപുരത്തു എത്തിച്ചേർന്ന് ദമയന്തിയുടെ രണ്ടാം വിവാഹ വാർത്തയറിഞ്ഞ് ഋതുപർണ്ണ രാജാവ് തേരാളിയും രൂപത്തിൽ ബാഹുകനുമായ നളനെയും കൂട്ടി അവിടെ എത്തുന്നതും, തോഴി കേശിനി വഴി നളന്റെ അടുത്തേക്ക് എത്തിയ ദമയന്തി നളൻ അവളെ കണ്ട് ക്രൂദ്ധനായി കോപിച്ച് സംസാരിക്കുന്നതും, വായുദേവന്റെ അശരീരി കേട്ട് നളൻ ദമയന്തിയെ സ്വീകരിക്കുന്നതുമാണ് കഥയിലെ ഇതിവൃത്തം.
കലാമണ്ഡലം വിഷ്ണു വായ്പ്പാട്ടിലും, കലാമണ്ഡലം ഹരികൃഷ്ണൻ മൃദംഗത്തിലും, ആർ എൽ വി പ്രദീപ് നാട്ടുവാങ്കത്തിലും, സംഗീത് മോഹൻ വയലിനിലും പശ്ചാത്തല മേളമൊരുക്കി. കലാനിലയം രാജീവ് മേക്കപ്പും, ദീപ സുരേഷ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചു.
കടപ്പാട്