പെസഹ അപ്പം ഉണ്ടാക്കുന്ന അമ്മയെയും അപ്പം മുറിച്ചു പങ്കിട്ടു തരുന്ന അപ്പനെയും കൈനീട്ടി വാങ്ങി ഭക്തിയോടെ ഒരുമിച്ചിരുന്നു കഴിച്ച സഹോദരങ്ങളെയും ഈ പെസഹയിൽ ഓർത്തുപോവുകയാണ്.
അന്ന് നിലത്തു തഴപ്പായയിൽ ഒന്നിച്ചിരുന്നപ്പോൾ ഞങ്ങളുടെ മനസ്സുകൾക്കിടയിൽ അതിർവരമ്പുകളും മതിൽക്കെട്ടുകളുമില്ലായിരുന്നു. തള്ളിപ്പറയുന്നവരും ഒറ്റിക്കൊടുക്കുന്നവരും ഞങ്ങൾക്കിടയിലില്ലായിരുന്നു.
അന്ത്യഅത്താഴത്തിനു മുൻപ് കർത്താവും ഗുരുവുമായ ക്രിസ്തു ശിഷ്യൻമാരുടെ കാലുകൾ കഴുകി പാദശുശ്രുഷ നൽകിയത് പിന്നീട് ‘കാൽകഴുകൽശുശ്രുഷ’യായി ആഘോഷമായി ലോകം മുഴുവൻ സെലിബ്രേറ്റ് ചെയ്യുന്നു. നല്ലത്.
ഗുരു പഠിപ്പിച്ച സ്നേഹശുശ്രുഷ അപ്പന്റെയും അമ്മയുടെയും ജീവിതത്തിൽ ഒരിക്കലല്ല നിരന്തരം തുടർന്നു:
ഡയപ്പറുകളില്ലാതിരുന്ന ആ കാലത്ത് രാത്രികളിൽ ഞങ്ങൾ അമ്മയെ നനച്ചിരുന്നു. ഞങ്ങളുടെ അസുഖങ്ങൾ അമ്മയുടെയും അപ്പന്റെയും രാത്രികളെ നിദ്രവിഹീനങ്ങളാക്കി. അവരുടെ വയ്യായ്മകളും ക്ഷീണവും ആരും അറിഞ്ഞില്ല, അവർ ആരെയും അറിയിച്ചുമില്ല.
അമ്മ കഴുകികെട്ടിയ വൃണങ്ങളും കഴുകിത്തുടച്ചു കളഞ്ഞ കന്മഷങ്ങളും കണ്ണിർകവിളിൽ നൽകിയ ചുംബനങ്ങളുമൊക്കെ ഹൃദയത്തിലുണ്ടാക്കിയ പ്രസാദനവും പ്രമോദങ്ങളും സങ്കലനം ചെയ്യുവാൻ സംഖ്യകൾക്കാവില്ല.
അമ്മയുടെ കരിപുരണ്ട അടുക്കള ജീവിതത്തിന് സിക്ക് ലീവുണ്ടായിരുന്നില്ല. പുകയിൽ കനലുകളുതി തെളിച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചപ്പോൾ രുചിക്കു കുറ്റം പറഞ്ഞ അപ്പനും ഞങ്ങളും അമ്മയുടെ അടുക്കളയിലെ നെടുവീർപ്പും സഹന നിശ്വാസങ്ങളും കേട്ടിട്ടുണ്ടാവില്ല.
ബാങ്കു ബാലൻസും ഓവർഡ്രാഫട്ന്റെ സാധ്യതകളും ഇല്ലാതിരുന്ന കാലത്തു പ്രാരാബ്ദങ്ങളുടെ തീപിടിച്ച മനസ്സുമായി കാര്യങ്ങൾ കൂട്ടിമുട്ടിക്കാൻ അപ്പൻ ഓടിയതും മനസ്സ് കത്തിയെയെരിഞ്ഞു മനമുരുകി പ്രാത്ഥിച്ചതും ഒന്നല്ല, ഒരായിരം തവണയുമല്ല. അതിന്റെ നന്മയും പുണ്യവുമാണ് ഞാനും തലമുറയും ഇന്നനുഭവിക്കുന്നത്.
ശിഷ്യൻമാരുടെ കാലുകൾ കഴുകി, ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യുവാൻ പറഞ്ഞ ക്രിസ്തുവിന്റെ ദിവ്യനിയോഗം പരാതിയും പരിഭവവുമില്ലാതെ, ആവർത്തന വിരസതയില്ലാതെ, ജീവിതം മുഴുവൻ നിർവഹിച്ച എല്ലാ മാതാപിതാക്കൾക്കും കോടി പ്രണാമം!
വാഴയിലകൊണ്ട് കുരിശിട്ട അപ്പവും തേങ്ങപ്പാലിൽ മധുരം ചേർത്ത പാനിയും ഓർമകളുടെ ഫയലിലെ ഗതകാല ഊഷ്മള സ്മരണകളാണ്.
സംഘർഷ പ്രതിസന്ധിയിലായിരിക്കുന്ന സർവ്വലോക സഹോദരങ്ങൾക്കും ‘പാസ് ഓവർ’ നേർന്നുകൊണ്ട്,
സ്നേഹത്തോടെ,
എ.പി. ജോർജച്ചന്