കുരുത്തം കെട്ടവനെ, നശിച്ച കൊറോണാ, നിനക്ക് ഭ്രാന്താണോ?! സാത്താനേ, ലൂസിഫറിന്റെ സന്തതിയെ!
തകരക്ഷീറ്റിട്ടു മറച്ച കുടുസ്സു മുറിയിൽ പൊന്നിനെ ഉറക്കിക്കിടത്തി, തലയിണ കൂട്ടിനു അടുപ്പിച്ചു വെച്ചു അവൾ. റോസാപ്പൂക്കളുടെ ചെറിയ ഡിസൈനിൽ കടും ചന്ദന നിറത്തിലുള്ള ചുരിദാറും ക്രീം നിറമുള്ള സിൽക്ക് ദുപ്പട്ടയും ധരിച്ച് അവൾ ഒരുങ്ങി തുടങ്ങി.
നെടുകേ പൊട്ടിയ കണ്ണാടിയിൽ നോക്കി മുഖത്ത് ചായം തേച്ചു മിനുക്കി. ‘കുസ്ബൂ ബിന്ദി’യുടെ പുതിയ കൂടു പൊട്ടിച്ച് ഒന്ന് നെറ്റിയിൽ പതിപ്പിച്ചു. താനിപ്പോഴും ഒരു കൊച്ചു സുന്ദരിയാണ് എന്നതു കണ്ട് അവൾ മന്ദഹസിച്ചു.
തകര ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ‘വ്യാകുല മാതാ’വിന്റെ മുഖത്തേയ്ക്കു കടുപ്പിച്ചു നോക്കി കുറെ പരിഭവം പറഞ്ഞിട്ട് അവൾ പുറത്തിറങ്ങി. അമ്മയോട് തല്ലു കൂടി വീട്ടിൽ നിന്നും ചാടിപ്പോന്നപ്പോൾ എടുത്ത ഒരേ ഒരു മൊതല്. കൊന്ത പൊട്ടിച്ച് കിണറ്റിൽ എറിഞ്ഞിട്ടായിരുന്നു തീവണ്ടി കയറിയത്.
ജോച്ചായെന്റെ മോഹിപ്പിക്കുന്ന നീണ്ട പ്രണയ
കത്തുകൾ ആശ്വാസമായിരുന്നു. ‘കൽക്കത്തയെന്ന പറുദീസായിൽ നിലത്തു മുഴുവൻ ആപ്പിളും ഓറഞ്ചും വീണു കിടക്കുകയാ മോളേ. ചുമ്മ നടന്ന് പറക്കിയെടുത്താൽ മതീട്ടോ. ഇങ്ങോട്ട് പോരെ!..’ സ്വർണം വിളഞ്ഞു കിടക്കുന്ന മരത്തണലിൽ ദീദിയുടെ നുകത്തിൽ കെട്ടിയിട്ടിട്ട് അവൻ ഹൗറാ പാലം കടന്നു. ദീദിയിൽ നിന്നും വാങ്ങിക്കൊണ്ടു പോയ പ്രതിഫലം മാസങ്ങളെെടുത്താണ് വീട്ടിതീർത്തത്. കണ്ണിൽ ചോരയില്ലാതെ ദീദിയത് കണക്കു പറഞ്ഞു വാങ്ങിച്ചു.
പഴകി തുരുമ്പിച്ച വാതിലുകൾ ശബ്ദം കേൾക്കാതെ പതുക്കെ അടച്ചിട്ട് താഴിട്ടു പൂട്ടി. മോൾ ഉറക്കം പിടിച്ചു കഴിഞ്ഞത് ആശ്വാസമായീ. വാതിലിന്റെ കരകരാ ശബ്ദം കേട്ടാൽ അവൾ ഉണരും. പിന്നെ കഥ പറഞ്ഞു കൊടുക്കാൻ പറഞ്ഞു കെട്ടിപ്പിടിക്കും. കൊച്ചുകുട്ടിയാണെന്നാ ഇപ്പോഴും അവളുടെ വിചാരം.
‘ഒന്നു രണ്ടു ഇടപാടുകാരെ കിട്ടാതെ നാളെ എങ്ങിനെ മോക്കടെ പിറന്നാളിന് മധുരം വാങ്ങും! രണ്ടാഴ്ചയായി വെറും കൈയ്യാലെ ആണ് തിരികെ പോരേണ്ടി വന്നത്.
‘ടാ നശിച്ച കൊറോണാ! എന്റെ മോക്കടെ പിറന്നാളു നാളെ. എടാ പിശാചേ, ചതിക്കരുത് ട്ടോ ടാ… ‘ നടപ്പിന്റെ വേഗം കൂട്ടുന്നതിനിടയിൽ അവൾ ഉറക്കെ ശപിച്ചു.
വഴികൾ വിജനമാണ്. നേരം ഇരുട്ടി കഴിഞ്ഞു. ഇരുട്ടിനു മുൻപ് ചെന്നില്ലങ്കിൽ കനമുള്ള മടിശീലക്കാരെ മിടുക്കി പെണ്ണുങ്ങൾ കൊത്തി കൊണ്ടു പോകും. സ്ഥിരം പറ്റുകാരെ വിളിച്ചിട്ടും ഒരു മറുപടിയില്ല. പേടിയാണു പോലും. ഇതിലും വലിയ അണുവിനെ പേടിയില്ലാത്തവരാ ഇവറ്റകൾ! എത്ര നിർബന്ധിച്ചാലാ ‘ഡ്യൂറെക്സ്’ തൊടുന്നത് തന്നെ.
ചുരിദാറിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നോക്കിയാ ഫോൺ എടുത്തു സുബ്രത്ത ഭായിയെ അവൾ വിളിച്ചു.
“റേറ്റ് ഇത്തിരി താത്തിക്കോ, ഭായീ. കഴിഞ്ഞ രണ്ടു മൂന്നാഴ്ച ആയിട്ട് ആരേം കിട്ടണില്ല. ഉടനെ ഞാനെത്തിക്കോളാം.. ഹൗറായുടെ പകുതി കഴിഞ്ഞു “
“പകുതി ആക്കേണ്ടി വരും. പ്ക്ഷെ, എന്റെ വീതം കുറവില്ല. നോക്കണോ?”
കൂർത്ത പല്ലുകൾ കഴുത്തിൽ താഴ്തി ഭായിയുടെ ചോദ്യം.
“ശരി, ഭായീ”
എല്ലാ പ്രതിസന്ധി സമയത്തും ഭായീയാണ് അവസാനം
അവൾക്കൊരാശ്വാസം. കണക്കു പറഞ്ഞു പകുതിയും തട്ടിപ്പറച്ചു കൊണ്ടു പോകും. എങ്കിലെന്ത്? ഒന്നും ഇല്ലാത്തതിലും ഭേതമല്ലെ!
ഹൗറാ കടന്ന് രബീദ്ര റോഡിൽ എത്തി അവൾ. നേരം വൈകിയിരിക്കുന്നു. നെറ്റിയിൽ നിന്നും വിയർപ്പു കവിളിലേക്കു ഒഴുകി വന്നത് ദുപ്പട്ടയെടുത്ത് തുടച്ചു. മാർച്ചു മാസം കഠിനമാണ് കൽക്കത്ത. മഴയോ കാറ്റോ ഇല്ലാതെ കൽക്കത്ത മുഖം കറുപ്പിച്ചു നിൽക്കും. കിച്ചുവിന്റെ ദൂക്കാനിൽ നിന്നും ഒരു പാൻ മസാല വാങ്ങി ചവച്ചു കൊണ്ട് അവൾ നടന്നു.
മിർബഹാറിലേ പച്ചമുഖി ഹനുമാൻ അമ്പലത്തിന്റെ മുമ്പിൽ അവൾ നിന്നു. നട അടച്ചിട്ടിരിക്കുന്നു. ദേവന്മാരും ഈ നശിച്ച വസന്തയെ ഭയക്കുന്നുവോ?
തലകുനിച്ച് തൊഴുത്തിട്ട് അവൾ നേതാജി റോഡിലേക്ക് നടന്നു.
ഒരു വഴിപാടിലെ ഇനി ശരണമുള്ളൂ. അവസാന കൈയ്യായീ അമ്മയും അതു തന്നെയാണ് ചെയ്യാറ് എന്നവൾ ഓർത്തു..
നസ്രായാ, ‘എന്റെ പൊന്നു മോക്കടെ പിറന്നാൾ! തകരക്കുടിൽ പുറത്തുന്ന് പൂട്ടി കാത്ത എന്റെ പൂമൊട്ടിന്റെ പിറന്നാൾ… പിതാവേതെന്നറിയാത്ത ബാല്യം, പെണ്ണായ ആദ്യ പിറന്നാൾ, സോനാഗച്ചിയിലെ അവളുടെ കൂട്ടുകാർ, പന്ത്രണ്ട് മെഴുതിരികൾ ഊതിക്കെടുത്താൻ, അവളുടെ പേരെഴുതിയ ചെറിയൊരു പ്ലം കേയ്ക്ക് !
കല്ലേറിനു ഞങ്ങടെ കവചമായി, കല്ലെടുത്തവരെ തലകുനിപ്പിച്ച അങ്ങ്. എന്തിനു ഇന്നീ വിഷ വിത്തു വിതപ്പിച്ചു? ഈ നശിച്ച കൊറോണാ! മഗ്ദലന!, എന്റെ പൊന്നുമോക്കടെ പിറന്നാൾ! പന്ത്രണ്ടു നാളിലെ കന്യക! ഒരിടപാടുകാരനേം വഴിയിൽ കാണുന്നില്ല!..
“‘ഒരു ചുവന്ന ചുരിദാറും ഒരു പ്ലം കേക്കും .. പിന്നെ മ്മാ, മോക്കടെ രസഗുള .. കുറേ വേണേ !! പൊന്നാമ്മാ… അതുമതി പിറന്നാളിന്…..”
നെടിവീർപ്പുകൾ എന്നെ മൗനിയാക്കിെ. ചുട്ടു പൊട്ടിച്ചു ചുരത്തിയ പൊള്ളുന്ന കണ്ണീർ ഉള്ളിൽ തളച്ചു.
ഹെന്റെ ഈശോ മറിയം ഔസേപ്പു പുണ്യാളാ… രണ്ടു മെഴുതിരി കൂടുതൽ കത്തിച്ചേക്കാമേ….
ചുവന്ന ചുരിദാർ….. ഹെന്റെ ഈശോ, അവൾക്കും ചുവന്ന ചുരിദാറോ!
”അമ്മ.. മോക്ക് ശാസ്ത്രജ്ഞ ആയാ മതി ട്ടോ… ഈ കൊറോണയെ മോള് തളക്കും, മ്മാ…. മോള് തളക്കും…”
അവളുടെ കണ്ണുകൾ ജ്വലിക്കുന്നതും മുഖം ചുവക്കുന്നതും കണ്ടു കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു. തളം കെട്ടഴിച്ചു വന്ന കണ്ണീർ അവരുടെ കവിളുകൾ നനയിച്ചു.
മുഖം മിനുക്കി കണ്ണെഴുതി, ചുണ്ടു ചുമപ്പിച്ച്… മമ്മക്ക് പോകാറായീ..
“മമ്മക്ക് നൈറ്റ് ഡ്യൂട്ടിയാ മോളോ, പ്രാർത്ഥിച്ചുറങ്ങണേ..
‘അന്നന്നു ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ…
ആമേൻ ….ആമേൻ …ആമേൻ …’
‘കൃപ നിറഞ്ഞ മറിയമേ, ശുദ്ധമുള്ള കനൃക മ൪ത്ത മറിയമേ,
തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി …’
പൊന്നോ… പൊന്നുമോളോ, മൂന്നുവട്ടം പ്രാർത്ഥിച്ചിട്ടു ഉറങ്ങീക്കോളൂട്ടോ… കാലേ കാണാം.. പൊന്നുമ്മ…”
മഹർഷി റോഡിൽ നിന്ന് മണ്ഡല റോഡിലേക്ക്. കിതക്കുന്നുണ്ട്. റിക്ഷാക്കാർ ആരും വഴിയിൽ ഇല്ല.
നസ്രായാ………. *’കാഞ്ചന പൂമര’ത്തിലെ സ്വപ്നഗലികളിൽ ഒരൊറ്റ ആണതരി ഇല്ല. റാഫി റോഡിൽ അങ്ങിന്റെ നാമത്തിലെ കുരിസ്സുതൊട്ടി, കവലയിലെ വല്യ ഭണ്ണാരം. ഞാനെന്നും ദശാംശം തരുന്ന വല്യ ഭണ്ണാരം! തിരികെ പോകുമ്പോഴും ഇരിപ്പതു തരാറില്ലേ?!
ഉള്ളതു മുഴുവൻ തന്നിട്ടാ ഇന്ന് ഇവളിങ്ങു പോന്നത്… മുട്ടു കുമ്പിട്ട്, മൂന്നു കുമ്പിട്ട്… ഒരു നല്ല കസ്റ്റമറിനായി മൂന്നു മെഴുതിരി കത്തിച്ചു, ചുറ്റുവിളക്കിൽ എണ്ണയൊഴിച്ചു. പോരെ അങ്ങിന്?! ഇവളെ നിരാശപ്പെടുത്തരുതേ. മഗ്ദലനാമ്മ അങ്ങിനോട് കെഞ്ചി പറഞ്ഞു കാണുമല്ലോ… ഈ കുഞ്ഞനുജത്തിയുട് കരുണ തോന്നണമേ, മഗ്ദലനാമ്മേ…
അബിനാഷിലെ അവളുടെ മുറിയിലേക്ക് ദുർഗ്ഗാചരണിൽ നിന്നും കുറച്ചേ ഉള്ളു.
നീല കമലവും ശൂന്യം. പ്രേം കമലിന്റെ മുന്നിലും ആരുമില്ല… !
ദീദി മുഖം ചുവപ്പിച്ച് തിളച്ചു കൊണ്ട് വാതിൽക്കൽ നിൽപ്പുണ്ട്. ഇടപാടുകാർക്കു തന്നെ കാട്ടിയാണ് വില പേശാറുള്ളത് എന്നത് അവൾക്കറിയാം. ആരൊക്കയോ
പിണങ്ങി പോയിരിക്കണം.
“രണ്ടാഴ്ച്ച നിന്നേ കൊണ്ട് ഒരു ഗുണോം ഉണ്ടായില്ല, കിഴങ്ങി ശവമേ. മുറി വാടക രണ്ടാഴ്ച കിട്ടിയില്ല. തൈയ്ത്തും ഇല്ലാ.. ദീദിയിതു നടത്തണതേ നിന്നെ ഒന്നും ഗുണം പിടിപ്പിക്കാനല്ല, മദ്രാസി മൂധേവി…”
ഒപ്പം ബിസിനസിന്റെ കുറേ തന്ത്രങ്ങളും, അവരുടെ നാൽപ്പതു വർഷത്തെ സോനാഗച്ചിയിൽ പിടിച്ചു നിന്നതിന്റെ അടവുകളും സൂത്രങ്ങളും കുടിപ്പള്ളികൂടത്തിലെ കൊച്ചുങ്ങൾക്കു നിലത്തെഴുത്തു പോലെ ഇന്നലേയും ക്ലാസ്സ്!
“എടീ പൊട്ടികളേ… ദീദിയെ കണ്ടു പഠിക്കടീ.. എടപാടുകാർക്കു ഇപ്പോഴും ദീദിയെ മതിയെടീ. ഒരു പ്രാവശ്യം ദീദിയുടെ ചൂടേറ്റാൽ പിന്നെ വിട്ടുപോകില്ലടീ അവരാരും! അതാ ഈ ബിസിനസിൽ പിടിച്ചു നിൽക്കാൻ വേണ്ട മിടുക്ക്.. പറഞ്ഞത് മനസ്സിലായോ കഴുതകളെ!?”
മുഖത്തെ പൗഡർ വിയർപ്പിൽ ഒഴുകിപ്പോയിരുന്നു. കുട്ടിക്കുറയിൽ മുഖം മിനുക്കി, ചുണ്ടു ചുമപ്പിച്ചു്, കണ്ണെഴുതി, വാതിൽ പടിയിൽ തിരിച്ചെത്തി. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ കാത്ത്, കാത്തു കാത്തു നില്പു്. കാണുന്നില്ല, ഒരൊറ്റ ഇടപാടുകാരേം, തെരുവിൽ തിരിഞ്ഞു നോക്കുന്നില്ല!
‘പന്ത്രണ്ടു നാളിലെ കന്യക’എന്ന് നെറ്റിയിൽ എഴുതി പതിച്ചിട്ടും, തിരിഞ്ഞു നോക്കാത്ത ദുഷ്ടർ! ശുംഭർ … പരബോറന്മാർ… ഷണ്ണന്മാർ…. കശ്മലർ!!! ഈ ആണുങ്ങൾക്ക് തന്നെ വേണ്ടേ? ഇവറ്റകൾ അറിയുന്നുണ്ടോ, കഴിഞ്ഞ മൂന്നാഴ്ച ആയീ ഒരാളും ഇവളെ തൊട്ടട്ടില്ല ന്ന്! ദീദി തന്റെ വില കൂട്ടുന്നത് ഇതു പറഞ്ഞാണ് എന്നത് അവൾ ഓർത്തു. അത് കേൾക്കുമ്പോളെ പിന്നയോന്നും പേശാതെ ഇവർ മുകളിലത്തെ മുറിയിലേക്ക് കൂടെ പോരും. പക്ഷേ, ഇന്നിത് സത്യമാണെന്നത് ആരറിയാൻ!
ഫുൾസ് … ഇഡിയറ്റ്സ് … താനൊരു ആണായീ പിറക്കണാർന്നൂ..
*’കാഞ്ചന പൂമര’ത്തണലുകൾ ഇടപാടുകാരില്ലാതെ നിർജ്ജീവം… നിശ്ചലം,.. മഗ്ദലനമാരായ ഞങ്ങടെ മടിശീല കാലിയും!!….
കുരുത്തം കെട്ട കൊറോണാ, എന്റെ കുഞ്ഞിന്റെ പിറന്നാളാ. പെണ്ണായ ആദ്യ പിറന്നാൾ! വിട്ടു പോകുന്നതാ നിനക്കു നല്ലത്. ഞങ്ങൾ ദാവീദിന്റെ പരമ്പര. എത്രയോ ഗോലിയാത്തുകൾ ഞങ്ങടെ ഒറ്റ കടാക്ഷത്തിൽ അടിപതറി വീണിരിക്കുന്നു! ചെങ്കോലും കിരീടവും വലിച്ചെറിഞ്ഞു, സിംഹാസനങ്ങൾ വെടിഞ്ഞിട്ടു, പെണ്ണിന്റെ ചൂടിൽ സാഷ്ടാഗം പ്രണമിച്ചെത്രയോ വീര ചക്രവർത്തിമാർ, അറിയോ നിനക്ക്, വിഡ്ഡി..!
നിസ്സാരാ കോവിടെ, ഇത്തിരി ഇല്ലാത്ത നീ, ഒറ്റ കോശം പോലുമില്ലാത്ത നീയോ, പെണ്ണിനോട് ദ്വന്ദയുദ്ധത്തിനു വരുന്നൂ?!
മഹാഭോഷാ… സ്ഥലം കാലിയാക്കുന്നതാ നിനക്കു നല്ലത്. നിന്നെക്കാൾ വല്യ അണുക്കളെ എന്നും കയ്യിലിട്ട് അമ്മാനമാടുന്നവരാ ടാ സോനാഗാച്ചിയിലെ കാന്താരികൾ!…
ഭീമസേനനെപ്പോലും കൽഹാരപുഷ്പം തേടുവാൻ പ്രപഞ്ചം മുഴുവൻ പറഞ്ഞയച്ച പെണ്ണിനോടാണോ ടാ നീ മല്പിടത്തത്തിനു വരുന്നത്.. മൂഢനോടെന്തു വേദമോദാൻ! ‘നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ ! നീയങ്ങു മാറിക്കിട ശഠാ !’
ഹേ… കൊറോണ… കൊച്ചു കേമാ… എനിക്ക് നിന്നോട് കടുത്ത പ്രണയം…. നീയാ ഡ ആൺകുട്ടി… നിന്നെ പ്രണയിച്ചു പോയി ഇവൾ… നീയാ ശരിക്കും ഉശിരുള്ള
പുരുഷൻ… ഒരു മിടുക്കൻ പുരുഷനെ കിട്ടാൻ എന്നും സോനാഗച്ചിയിലെ പെണ്ണുങ്ങൾ എത്ര ദാഹിക്കുന്നു എന്ന് നിനക്കറിയ്യോ !! വരുന്നവരെല്ലാം വെറും ഷണ്ഡന്മാർ… ബ് ഫൂ.. കഴുത കോമരങ്ങൾ!… കെട്ടിയ പെണ്ണിന്റെ കുറ്റം പറഞ്ഞു വരുന്നു കഴുതകൾ… പെണ്ണിൻറെ ജൈവശാസ്ത്രം ഒന്നും അറിയാത്ത പമ്പര വിഡ്ഢി കോമരങ്ങൾ!!!
കൊച്ചനേ, ഇതാ പിടിച്ചോ അഡ്വാൻസ്!!! എപ്പോ വേണമെങ്കിലും വന്നോളൂ… രാവും പകലും നിനക്കുള്ളത്… അല്ല, വേണ്ട, ഞാനങ്ങു വന്നോളാം.
തീരെ ക്ഷമയില്ല ഇവൾക്ക്. വുഹാനിൽ നിന്നും കാമുകിയുടെ ചിറകിൽ തൂങ്ങി നീയിങ്ങു പോരെ
വിഹായസ്സിൽ നമുക്കൊരുമിച്ച് പ്രണയ കവിതകൾ രചിക്കാം. പെണ്ണിന്റെ ശൂരു നീ അറിഞ്ഞിട്ടുണ്ടാകില്ല! ഞാൻ അറിയിച്ചു തരാം. (സോനാഗച്ചിയിലെ കാന്താരികൾ എല്ലാം കൂടി ഇവനെ കടിച്ചു പറിച്ച് കത്തിച്ചു ചാമ്പലാക്കി ഭസ്മം ഹൗറായിൽ നിന്നും വലിച്ചെറിയും എന്നീ പാവത്തിന് ഒരു പിടിയും ഇല്ല. ഇവന്റെ താണ്ഡവം ശമിപ്പിക്കാൻ പെണ്ണൊരുമ്പെടണം,)
എത്ര കപട സന്യാസി മുനി വര്യരുടെ ഉടുപുടവ അഴിപ്പിച്ചവളാ ഇവൾ എന്ന് നിനക്കറിയില്ല. ഇവളൊന്നു ഞൊടിച്ചാൽ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങൾ.
ഹേയ് … എനിക്ക് നിന്നോട് വല്ലാത്ത പ്രേമം. നീയാ യഥാർത്ഥ പുരുഷൻ…..
എന്തഡേയ് .. നിനക്കു എന്നോട് പ്രണയം തോന്നുന്നില്ലേ ടാ?! എടേ.. മിടുക്കി പെണ്ണാടെ ഇവൾ!
എന്റെ പൊന്നു മോക്കടെ പിറന്നാൾ.. ! നേരത്തെ ക്ഷണിക്കുന്നു! അകലെ അകലെ മാറി നിന്നോളണം. പ്രണയമൊക്കെ പടിക്കു പുറത്തു, ഡേയ് , കാമുകാ….
** **
ഹാ ..നസ്രായ… രാവു പുലരുന്നു… മോളുണരും…….
ഇതാ ഒരു ഡീൽ… ഫിഫ്റ്റി ഫിഫ്റ്റി! എന്താ പോരേ? അയ്യോ! നേരം പാതിരാ കഴിഞ്ഞല്ലോ! പപ്പാതി നമുക്ക് പകുക്കാം!
ഹാ… സുബ്രത്ത ഭായി ഒരിടപാടുകാരനുമായി വരുന്നുണ്ട്. ചുണ്ടത്ത് എരിയുന്ന സിഗരറ്റും, കാവി നിറത്തിലുള്ള നീളൻ കുർത്ത. നീണ്ട താടി. എരിപിരിയൻ മീശ, ആറടിലേറെ പൊക്കം. വിരിഞ്ഞ മാറ്. ബലിഷ്ടങ്ങളായ കയ്യുകൾ. ചെറിയ കഷണ്ടി. കയ്യിൽ റോസാപ്പൂക്കളുടെ ചിത്രമുള്ള വർണ്ണക്കടലാസ്സു ചുറ്റിയ ഒരു പൊതിയും.
അവളുടെ ഉഉള്ളൊന്നു കാളി. ഒരു ചെക്കനെ കിട്ടിയിട്ട് ആഴ്ച രണ്ടിന് മേലെയായീ. ഇവനെ വീഴ്ത്തണം. ഇവൻ വീഴും. എന്നിട്ട് ഇരയെ ഇട്ടു തട്ടിക്കളിക്കുന്ന പൂച്ച കുട്ടിയെ പോലെ ഒന്ന് കറക്കണം.
ഇത്തവണ പേശണില്ല. തരുന്നത് തരട്ടെ. പിരിച്ചു വെച്ച കപ്പടാ മീശയിൽ അവളുടെ കണ്ണുകൾ ഉടക്കി.
പുഞ്ചിരിച്ചു, കുണുങ്ങി കുണുങ്ങി, നാണിച്ചു മുഖം കുനിച്ചു, കണ്ണിറുക്കി, ചുരിദാറൊന്നനക്കി അവൾ ഇടം കണ്ണിട്ടു അവനെ നോക്കി.
അവന്റെ ചുണ്ടത്തെറിയുന്ന സിഗരറ്റ് എടുത്തിട്ടു പറഞ്ഞു,
“വിൽസ് നേവി കട്ട്! കൊള്ളാം, എന്റെയും ഇഷ്ട്ട തോഴൻ”
ഒരു പുക എടുത്തിട്ട് അവന്റെ ചുണ്ടിൽ തിരികെ വെച്ചു കൊടുത്തു.
അവൻ പുഞ്ചിരിച്ചു. ഹാ.. വീണവൻ! എന്റെ കാണപ്പെട്ട ദൈവം ഇതാ മുന്നിൽ. ഉറപ്പിച്ചു ഡീൽ!
വെറും പാവം, ഒന്നും ചോദിക്കാതെ തന്നെ
കാവി കുർത്തയുടെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു തന്നു.
“ആവശ്യത്തിനു വേണ്ടത് എടുത്തോളൂ. കോവിടിന്റെ ദണ്ഡനം, ല്ലേ.”
സിഗരറ്റ് നീട്ടി വലിച്ചിട്ട് വായുവിൽ ഗോളങ്ങളായി വിട്ടിട്ടു പറഞ്ഞു.
ഭൂമിയിലെ കാണപ്പെട്ട ദേവന് അമ്പലത്തിൽ പുഷ്പാഞ്ജലി. സഹസ്രനാമ പുഷ്പാഞ്ജലി. രക്ത പുഷ്പാഞ്ജലി. പുരുഷസൂക്ത പുഷ്പാഞ്ജലി.
പുറത്തു് ഇടി വെട്ടി വേനൽ മഴ തകർത്തു പെയ്യുന്നു.
സപ്തസ്വര ശ്രുതി താള ലയ രാഗ വിസ്മയം.. തില്ലാന…
തണുത്ത കാറ്റ് മുറിയിലേക്ക് അടിച്ചു വന്നു.
നേരം വെളുത്തത് അവർ അറിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ട് അവർ ചാടി എഴുന്നേറ്റു. ദീദിയുടെ തിളക്കുന്ന കണ്ണുകൾ അവരെ സ്വാഗതം ചെയ്തു.
അവന്റെ കൈപിടിച്ച് അവൾ കോണിപ്പടികൾ ഇറങ്ങി
മുറ്റത്തെത്തി.
പോക്കറ്റിൽ നിന്നും വിൽസിന്റെ പാക്കറ്റ് എടുത്തു ഒരു സിഗരറ്റ് കത്തിച്ചിട്ട്, പാക്കറ്റ് അവൾക്കു കൊടിത്തിട്ടു പറഞ്ഞു.
“വെച്ചോളൂ. പുറത്ത് കടകൾ തുറക്കില്ല…”
തോൾ സഞ്ചിയിൽ നിന്നും റോസാപ്പൂക്കളുടെ ചിത്രമുള്ള വർണ്ണക്കടലാസ്സു ചുറ്റിയ പൊതി എടുത്തു കൊടിത്തിട്ട് അവൻ പറഞ്ഞു.
“ഇതുകൂടി വെച്ചോളൂ. മോൾക്ക് ഒരു സമ്മാനം.
നേരം വെളുത്തു പോയി. പോകട്ടെ. പിന്നെ വരാം.”
“വരില്ലേ?…”
അവളുടെ കവിൾത്തടം തലോടിക്കൊണ്ട് അവൻ പറഞ്ഞു..
“വരും…”
പേഴ്സ് തുറന്നു അതിനുള്ളിലെ നോട്ടുകൾ മുഴുവൻ അവളുടെ കൈയ്യിൽ വെച്ചു കൊടുത്തിട്ട് അവൻ റോഡിലേക്കിറങ്ങി.
അവളാ നോട്ടുകളിലേക്കു മിഴിച്ചു നോക്കി.
വരും, വരാതിരിക്കില്ല എന്ന് അവൾക്കറിയാം.
അഭിനാഷ് സ്ട്രീറ്റിൽ നിന്ന് ഗുരുചരണിലേക്ക് തിരിയുന്നുവരെ അവളുടെ കണ്ണുകൾ അവന്റെ ചുറ്റും വട്ടമിട്ടു പറന്നു.
നോട്ടുകൾ ചുരിദാറിന്റെ ഉള്ളിലെ രഹസ്യ അറയിൽ
അവൾ ഒളിപ്പിച്ചു. ദീദി കണ്ടാൽ അതും പിടിച്ചു പറിച്ചു കൊണ്ട് പോകും. എത്ര കൊടുത്താലും അത്യാഗ്രഹം തീരാത്ത മൂധേവി. പല പ്രാവശ്യം ഓടിപ്പോയതാണ് ഇവിടന്ന്. എങ്കിലും ഒന്നു രണ്ട് മാസം കഴിഞ്ഞു തിരികെ വന്ന് ഇവരെ ശരണപ്പെടും.
നസ്രായാ…. നന്ദി ..നന്ദി
ഫിഫിറ്റി ഫിഫിറ്റി ഡീൽ! ഇതാ, ഇപ്പോഴേ പിടിച്ചോളൂ, വാക്കു മാറാത്തവളാ ഇവൾ! ‘വ്യാകുല മാതാ’വിന്റെ കുരിശ്ശ് തൊട്ടിയിൽ രണ്ടു മെഴുതിരി കൂടുതൽ. മൂന്നു കുമ്പിടീൽ….
എന്റെ പ്രാണ പ്രിയനെ, എന്റെ പ്രിയ കൽക്കത്തേ.. നീയെന്നെ ഒരിക്കലും നിരാശയാക്കിയിട്ടില്ല.
നന്ദി, കൽക്കട്ട, നന്ദി!!!
*സോനാഗച്ചി
(COVID-19 ഏറ്റവും കൂടുതൽ സാമ്പത്തികമായി ബാധിച്ചിരിക്കുന്നതു ലൈംഗീക തൊഴിലാളികളെ ആണ് എന്ന വാർത്തയോട് പ്രതികരിച്ച് എഴുതിയത്)
*സോനാഗച്ചി
(COVID-19 ഏറ്റവും കൂടുതൽ സാമ്പത്തികമായി ബാധിച്ചിരിക്കു ന്നതു ലൈംഗീക തൊഴിലാളികളെ ആണ് എന്ന വാർത്തയോട് പ്രതികരിച്ച് എഴുതിയത്. )