കൊയ്തൊഴിഞ്ഞ പാടം; ഈ വരവിന് പുതുമയായി നിന്നത് അതായിരുന്നു. പണ്ടും പാടം വിതച്ചിട്ടുമുണ്ട് കൊയ്തിട്ടുമുണ്ട്; എന്നാൽ ആ ഭേദങ്ങളൊന്നും തന്നെ എന്നെ ബാധിച്ചിരുന്നില്ല. കാരണം, ഞാനുമതിൻറെയൊരു ഭാഗമായിരുന്നു. എന്നാൽ കൊയ്തെടുത്ത വൈക്കോലിനെയും പാടത്ത് മേയ്യാൻ വരുന്ന പശുക്കളെയും കാണാൻ വരുന്ന അതിഥി മാത്രമായി പോയി ഞാൻ. നെല്ലിൻറെ പൊടിയും വൈക്കോലിൻറെ ചൂടും ചൊറിച്ചിലും വിശാലമായ പാടവും എങ്ങോട്ടാണ്ടൊക്കെ എന്നെ കൊണ്ടുപോയി.
പണ്ട് പരീക്ഷയുടെ സമയത്തായിരുന്നു നടീലും കൊയ്ത്തുമെല്ലാം. പാടവരമ്പത്ത് കാറ്റുകൊണ്ടിരുന്ന് ചുറ്റുമുള്ള മരങ്ങളെയും ചെടികളെയും വിളഞ്ഞ പാടത്ത് നെല്ലുതിന്നാനെത്തുന്ന കോഴികളെയും പഠിപ്പിച്ച് ഞാൻ പഠിച്ചുകൊണ്ടിരുന്ന ഒരു കാലം. എനിക്കറിയാവുന്നത് അവർക്കും അറിയാമായിരുന്നു. അവർക്കെന്നെയും അറിയാമായിരുന്നു. കൊയ്യാൻ വരുന്ന പണിക്കാരോട് നാക്കിട്ടടിക്കുകയും ചേറിൽ പണിതിട്ട് നേരേചൊവ്വേ കൈകഴുകാതെ ചോറുണ്ണുന്ന അവരെ നോക്കി കൗതുകത്തോടെ നോക്കിനിക്കുകയും പോത്തനട്ടെയെ പേടിച്ചുനിക്കുകയും ചെയ്ത ഒരു കുട്ടിയുണ്ടായിരുന്നു .ചിണുങ്ങുകയും കൊതികുത്തുകയും വൈക്കോലിൻമേൽ കയറിയതിന് പപ്പയുടെ കയ്യിൽ നിന്ന് തല്ലുവാങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയും അവിടെയുണ്ടായിരുന്നു.
പക്ഷേ ആ കുട്ടിയും ഞാനും തമ്മിലുള്ള ദൂരം ഇപ്പോൾ അധികമാണ് . ഇന്നലെയും ഞാൻ പണിക്കാർക്ക് വെള്ളം കൊടുക്കാൻ പോയി;
കണ്ടവർക്കെല്ലാം ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ: എപ്പളാ പോണെ?
ആ പാടത്തുനിന്നും പറിച്ച് മറ്റെങ്ങോട്ടോ നടപ്പെട്ട ഒരു ഞാറാണു ഞാൻ. അസ്തിത്വം തിരികേ ലഭിക്കാൻ വല്ലപ്പോഴും മാത്രം അവിടെ എത്തുന്ന ആ പാടത്തിൻറേതല്ലാത്ത അതിഥിയാണു ഞാനിപ്പോൾ. ……
അനഘ ആനി ജോസ് Ist Year Computer Engineering, TKM Collge of Engineering, Kerala.