ഭാഗം 3, സ്ഥലനാമ ചരിത്രം.
നാടിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ല് എന്നു കണക്കാക്കാവുന്ന വ്യാപാര മേഖല തഴച്ചു വളരുന്ന കാലം. വ്യാപാര ബന്ധങ്ങള്‍ ദേശം വിട്ടും നില നിന്നിരുന്ന കാലം. അന്നു വ്യാപാരികള്‍ ആറു കുറുകെ കടക്കാന്‍ രണ്ടു കടത്തുകളെ ആശ്രയിച്ചിരുന്നു. ഒന്ന് പാലം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതിനും കുറച്ചു മുകളിലായും മറ്റൊന്ന് കുന്നം മാവേലിക്കര റോഡില്‍, ഏകദേശം 150 മീറ്ററുകള്‍ പിന്നിടുന്നിടത്തു നിന്നും ആയിരുന്നു. അച്ചന്‍കോവില്‍ ആറിനു കുറുകെ കടക്കുന്നതിനായി ഈ രണ്ടു കടത്തുകളില്‍ ആദ്യം വന്നത് പാലത്തിനു കുറച്ചും കൂടി കിഴക്കുണ്ടായിരുന്നതും കൊല്ലായി എന്ന കൃഷിയിടത്തോടു ചേര്‍ന്ന കടവില്‍ എത്തിച്ചേരുന്നതുമായിരുന്നു. അങ്ങനെ കൊല്ലായിക്കടവ് എന്ന താല്കാലിക സ്ഥലനാമത്തില്‍ നിന്നും കൊല്ലായിക്കടവും കൊല്ലാകടവും ഉണ്ടാവുകയും കാലക്രമേണയുള്ള ഉപയോഗത്താല്‍ പിന്നെയത് കൊല്ലകടവ് എന്നുമായി രൂപാന്തരപ്പെട്ടു എന്നു വാമൊഴിയായ് കിട്ടിയ വിവരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സ്ഥലത്തിനു പേരിടുകയല്ല, പകരം പേര് കാലക്രമേണ വന്നുചേരുകയാണ് ചെയ്യാറുള്ളത്. പെട്ടെന്നുള്ള തിരിച്ചറിവിനോ വാണിജ്യ ബന്ധങ്ങള്‍ക്കുള്ള എളുപ്പവഴിയായോ കരുതപ്പെട്ടിരുന്ന ചില അടയാളങ്ങളില്‍ നിന്നും കടംകൊണ്ട വാക്കുകള്‍ സ്ഥലനാമങ്ങളായി പരിണമിച്ച കഥകള്‍ എഴുതപ്പെട്ട ചരിത്രങ്ങളുടെ ഭാഗമാണ്.
കൊല്ലകടവ് എന്ന പേരിനു പിന്നലെ നിഗൂഢത തേടിയിറങ്ങിയപ്പോള്‍ വാസ്തവമേതെന്നു തിരിച്ചറിയാതെ കിടക്കുന്ന ഐതീഹ്യങ്ങളുടെ വിശാലമായ ലോകത്തേക്കാണ് സ്വാഗതം ചെയ്യപ്പെട്ടത്. ചരിത്രാന്വേഷികള്‍ തേരോട്ടം നടത്തുന്നത് കാലങ്ങള്‍ക്കും പിറകിലെ ചുരുളഴിയാതെ കിടന്നു വീര്‍പ്പുമുട്ടുന്ന ചില സത്യങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങളിലേക്കാണ്. പഴക്കമെത്രയെന്നു കൃത്യമായി നിര്‍വചിക്കാന്‍ കഴിയാത്ത കഥകളായി മാറിയ ചരിത്രസത്യങ്ങള്‍. നൂറ്റാണ്ടുകള്‍ക്കും മുമ്പ് ജലഗതാഗതം വാണിജ്യപരമായി പ്രാധാന്യം വഹിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകള്‍ നമുക്കു ലഭ്യമാണ്. പ്രസിദ്ധമായ ദിവസച്ചന്തയിലേക്ക് (അന്നത്തെ കാലങ്ങളില്‍ അന്തിച്ചന്തയ്ക്കായിരുന്നു പലയിടങ്ങളിലും സ്ഥാനം) കെട്ടുവള്ളത്തിലും ചങ്ങാടത്തിലുമായാണ് വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്നത്. കരമാര്ഗ്ഗത്തേക്കാള് സൌകര്യപ്രദമെന്നു തോന്നിയതുകൊണ്ടാവാം കിഴക്കന്‍ ദിക്കിലെ വ്യാപാരികള്‍ ജലഗതാഗതത്തെ തിരഞ്ഞെടുത്തത്. കാളവണ്ടിയെയും തലച്ചുമടിനെയും മാത്രം ആശ്രയിച്ചിരുന്ന കരമാര്‍ഗ്ഗ ഗതാഗതത്തെക്കാള് ജലഗതാഗതം എന്തുകൊണ്ടും സൌകര്യപ്രദമായിരുന്നു എന്നു മാത്രമല്ല, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മറവില്‍ കള്ളത്തടി വ്യാപാരവും നടന്നിരുന്നു. ഇന്നത്തെ പാലം നില്ക്കുന്നതിനോടു ചേര്‍ന്നുണ്ടായിരുന്ന കടവില്‍ വെച്ചായിരുന്നു ഇങ്ങനെ വരുന്ന തടികളും സാധനങ്ങളും കൈമാറ്റം ചെയ്തിരുന്നത്. കൈമാറ്റം ചെയ്യപ്പെടുന്നത് കള്ളത്തടിയാണ്, ചെയ്യുന്ന ജോലി കള്ളത്തരമാണ്. ഇങ്ങനെ കള്ളം മറ്റെന്തിന്റെയൊക്കെയോ മറവില്‍ നടന്നിരുന്ന കടവിനെ കള്ളക്കടവ് എന്നു പറഞ്ഞിരുന്നു എന്നും പിന്നീട് അതു ലോപിച്ച് കൊല്ലകടവായി മാറി എന്നും പറയപ്പെടുന്നു.
യാഥാര്ത്ഥ്യത്തോടോ യുക്തിചിന്തയോടോ പൊരുത്തപ്പെടാത്ത കഥകളുമുണ്ട് സ്ഥലനാമ ലബ്ധിക്കു പിന്നില്‍. അക്കാലത്ത് പാലം പണിയുന്ന വേളയില്‍ പാലത്തിന്റെ ഉറപ്പിനുവേണ്ടി പണിക്കാരില്‍ ഒരാളെ ബലി കൊടുത്തുവെന്നും, അങ്ങനെ കൊലപാതകം നടന്ന കടവാണ് പിന്നീട് കൊല്ലകടവായത് എന്നത് മറ്റൊരു അവിശ്വസനീയമായ കഥ. അവിശ്വസനീയമെന്നു പറയുവാനും കാരണമുണ്ട്. പാലം പണി തുടങ്ങുന്നതു മുതല്‍ ഇങ്ങോട്ടുള്ള സംഭവങ്ങള്‍ക്കു വ്യക്തമായതും എഴുതപ്പെട്ടതുമായ തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ നരബലിയായിരുന്നില്ല കൊല്ലകടവ് എന്ന സ്ഥലനാമത്തിന്റെ പിന്നാമ്പുറ രഹസ്യം. അതു തന്നെയുമല്ല പാലത്തിന്റെ വരവിനും മുന്‍പ് തന്നെ കൊല്ലകടവ് എന്ന പേര് പ്രചുരപ്രചാരം നേടിയിരുന്നു. ഏറെക്കുറെ യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്ന ചില സത്യങ്ങള്‍ വായ്മൊഴിയായി കിട്ടിയിട്ടുണ്ട്. വിശ്വസനീയതയുടെ നിറച്ചാര്‍ത്തുകള്‍ നല്കി അതും സത്യങ്ങളില്‍ ഒന്നാവാം എന്നു നമുക്കനുമാനിക്കാം. എഴുതപ്പെട്ട രേഖകളില്ലാത്തതിനെ കേവലം അനുമാനങ്ങള്‍ കൊണ്ടു ചിത്രീകരിയ്ക്കാനേ എനിയ്ക്കു സാധിക്കുകയുള്ളൂ.
മുകളില്‍ പറഞ്ഞ സത്യമെന്നു കരുതാവുന്ന കഥ കടവിനു മുകളിലായ് പണ്ടുമുതല്ക്കേ നിലനിന്നിരുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇരുമ്പുപണി കുലത്തൊഴിലായി ചെയ്തുപോന്ന ഒരു കൊല്ലക്കുടിയായിരുന്നു അത്. അനുമാനങ്ങള്‍ അധികമൊന്നും ആവശ്യമില്ലാത്തതും ഒരുപക്ഷേ നിര്‍ഭാഗ്യവശാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതെ പോയതുമായ ഏടിനെ നമുക്കൊരിയ്ക്കല്ക്കൂടി വായിക്കാം. യാഥാര്‍ത്ഥ്യത്തോടു വളരെ പൊരുത്തപ്പെടുന്ന ആ കഥകളിലെ പിന്മുറക്കാര് 1980 കളില്‍ ആണ് ഇവിട്ടം വിട്ടുപോയതെന്നു വളരെ വ്യക്തവുമാണ്. അതുകൊണ്ടുതന്നെ വിശ്വാസ്യതയ്ക്കു ഭംഗം വരില്ല എന്നും കരുതുന്നു. അന്നുണ്ടായിരുന്ന കടത്തുകളില്‍ ഒന്ന് ഇവരുടെ വീടിനും ഇരുമ്പുപണികള്‍ നടത്തിയിരുന്ന ആലയ്ക്കും താഴെയായിരുന്നു. അന്നത്തെ നാട് വാണിജ്യ മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരുന്ന കാലമായതു കൊണ്ട് തന്നെ ഈ കടവ് വളരെ പെരുമ നേടിയിരുന്നു. അതിനോടൊപ്പം കൂട്ടിവായിക്കേണ്ട വസ്തുത എന്തെന്നാല്‍ കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയ ഒരു ജനതയ്ക്കിടയില്‍ ഒരു കൊല്ലനുള്ള പ്രാധാന്യമായിരുന്നു. യന്ത്രവല്‍കൃത കൃഷിരീതികള്‍ തലയെത്തിനോക്കുന്നതിനും മുന്‍പുള്ള കാലഘട്ടത്തില്‍ കര്‍ഷകര്‍ ഏറെ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ കൊല്ലക്കുടി തന്നെയായിരുന്നു വിശ്വസ്തമായ സ്ഥാപനം. അതുകൊണ്ടു തന്നെ കൊല്ലനും കടവും തമ്മില്‍ അദൃശ്യമായൊരു ബന്ധമുണ്ടാവുകയും ആ രണ്ടു ബിംബങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത പ്രാധാന്യം ജനമനസ്സുകളില്‍ വരികയും ചെയ്തതോടെ കൊല്ലന്റെ കടവ് കൊല്ലകടവായി പരിണമിച്ചു എന്നും പൂര്‍വികരുടെ വായ്ത്താരികള്‍ നമുക്കു സാക്ഷ്യം തരുന്നു. കാലവും കാലം തന്ന അടയാളങ്ങളും ചേര്‍ത്തുവെച്ചു നോക്കിയാല്‍ കിട്ടുന്ന വിശ്വാസയോഗ്യമെന്നു കരുതാവുന്ന കഥകളില്‍ ഒന്നായി നമുക്കിതിനെ കരുതാം.
കടവുമായി ബന്ധപ്പെട്ടു കിടക്കുന്നു കഥകള്‍ ഏറെയും. തൊട്ടടുത്ത പട്ടണങ്ങളിലേക്കുള്ള ദൂരം നാടിനെ കുറച്ചൊന്നുമല്ല വാണിജ്യരംഗത്തു സഹായിച്ചത്. ജലഗതാഗതവും ആ വഴിയുള്ള വ്യാപാരവും ഏറെ പച്ച പിടിച്ചത് ഇവിടെയായിരുന്നു എന്നു കരുതപ്പെടുന്നു. കിഴക്കന്‍ മേഖലകളില്‍ നിന്നും പടിഞ്ഞാറന്‍ കായല്‍ത്തീരങ്ങളില്‍ നിന്നും വരുന്ന ഉല്‍പ്പന്നങ്ങള്‍ ഈ കടവത്തായിരുന്നു എത്തപ്പെട്ടിരുന്നത്. കിഴക്കന്‍ ദിക്കില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളും പടിഞ്ഞാറ് നിന്നും കയറും കയറുല്‍പ്പന്നങ്ങളും മറ്റുമായിരുന്നു പ്രധാനമായും വന്നുകൊണ്ടിരുന്നത്. ഇതൊക്കെത്തന്നെയും തൊട്ടടുത്ത അങ്ങാടിയില്‍ എത്തിക്കുകയും വില്ക്കപ്പെടുകയും ചെയ്യുമായിരുന്നു. ലാഭം നേടിയ കച്ചവടക്കാര്‍ തങ്ങളുടെ നാട്ടില്‍ ദൌര്‍ലഭ്യത നേരിടുന്നതും അങ്ങാടിയില്‍ കിട്ടാവുന്നതുമായ ഉല്‍പ്പന്നങ്ങളും വാങ്ങി ഇരട്ടിലാഭം കൊയ്യുവാന്‍ തങ്ങളുടെ നാട്ടിലേക്കു മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. ഈ അങ്ങാടി പിന്നീടൊരു വാണിജ്യകേന്ദ്രമായി രാമപുരം ചന്ത എന്നറിയപ്പെടുകയും കൊല്ലകടവിന്റെ ഹൃദയഭാഗത്തെക്കു മാറ്റപ്പെടുകയും ചെയ്തു. അതിനെക്കുറിച്ചു വരും ഭാഗങ്ങളില്‍ പ്രതിപാദിക്കുന്നതായിരിയ്ക്കും ഉത്തമം.
എഴുതപ്പെടാത്ത ചരിത്രസത്യങ്ങള്‍ വേണ്ടിവന്നാല്‍ ഒരു പൊളിച്ചെഴുത്തിനു വഴിവെച്ചുകൊണ്ട് അനാവരണം ചെയ്യുകയാണ്. സ്ഥലനാമങ്ങളുടെ പേരില്‍ കെട്ടുകഥകള്‍ ഏറെയുണ്ടെങ്കിലും വിശ്വാസയോഗ്യമായതിനെ അംഗീകരിച്ചുകൊണ്ട് നമുക്കു മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. (തുടരും)