ശ്രീകുമാര്‍ കൊല്ലകടവ്
ഒരിക്കലും വിട്ടുപോകില്ലെന്നുറപ്പുള്ള ഓർമ്മകളുടെ ഭാരമില്ലാത്ത ഭാണ്ഡം ചുമക്കുന്ന നമ്മുടെയെല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഉണ്ടാവും മാനം കാണാത്ത മയിൽപ്പീലിത്തുണ്ടു പോലെ കരുതിവെച്ച കുറെ സ്മരണകൾ. കാലം കുറെയേറെ ചെല്ലുമ്പോൾ ഓര്‍മ്മകള്‍ അയവിറക്കി ഗൃഹാതുരതയുടെ നേർത്ത നൊമ്പരം ആസ്വദിക്കുന്നതിന്റെ സുഖം അക്കാദമി അവാർഡുകൾ ഏറെക്കിട്ടിയ ഒരു പുസ്തകം വായിച്ചാലോ അഭ്രപാളികളിൽ അത്ഭുതം തീർത്ത് ഉപഹാരങ്ങൾ വാരിക്കൂട്ടിയ ചലച്ചിത്രം കണ്ടാലോ നമുക്കു കിട്ടുമോ? ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്, നഷ്ടപ്രതാപത്തിന്റെ നൊമ്പരമൂറുന്ന സുഖം.
അനുഭവിച്ച സുഖം വരും തലമുറയ്ക്കു വാമൊഴിയായോ വരമൊഴിയായോ കൈമാറുമ്പോൾ അതിലേറെ ആനന്ദം മറ്റെന്തിനാണുള്ളത്? ജനിച്ച നാടിനെപ്പറ്റി കുറിക്കുവാൻ ആരാലോ നിയുക്തനാവുക, അല്ലെങ്കിൽ സ്വയം തീർത്ത താളുകളിൽ തൂലിക ചലിപ്പിച്ചു കോറിയിട്ട അക്ഷരങ്ങളിൽക്കൂടി നാടിന്റെ ചരിത്രം പകർത്താൻ നോക്കുക, അതുമല്ലെങ്കിൽ മറവിയിലേക്കാണ്ടുപോയേക്കാവുന്ന നിരവധിയനവധി അസുലഭ മുഹൂർത്തങ്ങളെ കോർത്തിണക്കി, സൗഹൃദമെന്ന കൂടാരത്തിനുള്ളില്‍ കാതോർത്തിരിക്കുന്ന ചങ്ങാതികളുമായ് പങ്കുവെയ്ക്കുവാൻ കഴിയുക എന്നൊക്കെ പറയുന്നത് ഒരനുഗ്രഹം തന്നെയല്ലേ! കുറിയ്ക്കുവാൻ പോകുന്നത് ഒരു ചരിത്രമാണ്. ഭൂതകാലങ്ങളെ വർത്തമാനകാലത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്തു, ഭാവിയുടെ കാലങ്ങളിൽ നമ്മുടെ ഇന്നലകളെയോർത്തു വരുംതലമുറയ്ക്കു പുളകം കൊള്ളാൻ പോരുന്ന നാടിന്റെ നേർചിത്രം.
എന്റെ നാട് കൊല്ലകടവ് എന്നു പറയുമ്പോൾ ഉള്ളിലുയർന്നുവരുന്ന ഒരു സന്തോഷം നമുക്കു മാത്രമല്ല, ഓരോരുത്തർക്കും അവരവരുടെ നാടിനെ പറ്റി ഓർക്കുമ്പോൾ കിട്ടുന്ന ഒരു വികാരമാണ്. സ്വന്തം നാട് എന്നത് നമുക്കന്യമാവുന്നത് നമ്മുടെ പ്രവാസങ്ങളില്‍ മാത്രമാണ്. പ്രവാസം നമ്മള് ക്ഷണിച്ചിട്ടു വരുന്ന സുഹൃത്തല്ലല്ലോ! ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്ക് പ്രവാസമൊരു പരിഹാരമാവുമ്പോള്‍ മാത്രമല്ലേ നമ്മള് നമ്മുടെ നാട്ടില്‍ നിന്നും അകന്നു നില്ക്കുകയുള്ളൂ? അല്ലെങ്കില്‍ത്തന്നെ നാട്ടില്‍ നിന്നും മാറിനില്ക്കുമ്പോള് ഒരിക്കലെങ്കിലും നമ്മള് നമ്മുടെ മനസ്സു കൂടി നമ്മുടെ പ്രവാസത്തിലേക്കു സ്ഥിരപ്രതിഷ്ഠ നടത്തില്ലല്ലോ! ആ അകലത്തോട് മനസ്സിനു പൊരുത്തപ്പെടാനും ആവില്ല. നമുക്കിനി നമ്മുടെ നാട്ടിലേക്കു വരാം.
കൊല്ലകടവ്…. ചെങ്ങന്നൂർ, മാവേലിക്കര എന്നീ പട്ടണങ്ങൾക്കിടയിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവുട്ടിക്കയറി ഇല്ലായ്മകളുടെ നാളുകളിൽ നിന്നും പാഠം പഠിച്ചു വരുംനാളുകളിൽ എന്തൊക്കെയോ ആയി മാറണമെന്നോർത്തു തളരാത്ത കുളമ്പടികളുമായി മുന്നോട്ടു കുതിയ്ക്കുന്ന കൊച്ചു ഗ്രാമം. പാടിപ്പതിഞ്ഞ ഈരടികളിലോക്കെ നാട്ടിന്‍പുറത്തെ പറ്റിയുള്ള ഗൃഹാതുരസ്മരണകളില്‍ ഒരുവേളയെങ്കിലും കടന്നുവരാറുള്ള മരതകപ്പച്ചയും മലരണിക്കാടുകളുമുള്ള എന്റെ, അല്ല നമ്മുടെ കൊല്ലകടവ്. ഗ്രാമത്തിന്റെ പച്ചപ്പും വളര്‍ച്ചയുടെ പകിട്ടും കൊണ്ടു നമ്മെയൊക്കെ പുളകിതയാക്കുന്ന അച്ഛന്കോവിലിന്റെ റാണി.
ഏഷ്യാ വൻകരയിൽ ഇന്ത്യക്കു സ്ഥാനം തെക്കാണ്. ഇന്ത്യയിൽ നമ്മുടെ കൊച്ചുകേരളത്തിനും സ്ഥാനം തെക്കു തന്നെ. അതിൽ ഏതാണ്ടു തെക്കൻ കേരളത്തിൽ ആലപ്പുഴ എന്ന കാർഷിക മേഖലയിൽ ജില്ലയുടെ തെക്കൻ അതിർത്തിയോട് അടുത്തുളള ചെങ്ങന്നൂർ താലൂക്കിന്റെ തെക്കേയറ്റത്തു ചെറിയനാട് എന്ന ചെറിയ പഞ്ചായത്തിന്റെയും തെക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലകടവ്, എല്ലാംകൊണ്ടും ഒരു തെക്കൻ കാറ്റിന്റെ താരാട്ടുപാട്ടിൽ മതിമറന്നുല്ലസിക്കുന്നു. സ്ഥാനം രണ്ടു പട്ടണങ്ങൾക്കും നടുവിൽ എന്നതുകൊണ്ടു തന്നെ വ്യാപാരരംഗത്തു തന്റെതായ സംഭാവനകൾ നൽകി നാടിനെ നാളിതുവരെ താങ്ങിനിർത്താൻ കെൽപ്പുള്ള കഠിനാധ്വാനികൾ നിരവധിയുള്ള കൊല്ലകടവ്. ഇനിയുമെന്തൊക്കെയോ ആയി മാറണമെന്നുള്ള സ്ഥിരോത്സാഹികളുള്ള നാട്.
പാടങ്ങളും പാടവരമ്പത്തെ പഴമ്പാട്ടും തെളിനീരൊഴുകുന്ന തോടും തോട്ടിലെ പരൽമീനിനായ് പരതും പൈതങ്ങളും നന്മ നിറഞ്ഞ നാട്ടാരും നൈർമ്മല്യത തുളുമ്പുന്ന നാട്ടിൻപുറവും തേവരെ ഉണർത്തുന്ന പ്രഭാതഗീതവും നിസ്കാര നേരമോതുന്ന ബാങ്കുവിളികളും പള്ളിമണിയൊച്ചയും ചേർന്നു നനുത്ത പുലർകാലത്തെ വരവേറ്റു മതമൈത്രിയുടെ കേളീരംഗമൊരുക്കുന്ന കൊച്ചുഗ്രാമം. നെറുകയിലൊഴുകുന്ന അച്ഛൻകോവിലാറിൽ കുഞ്ഞലകൾ തീർത്തു വരുന്ന മന്ദമാരുതന്റെ മൃദുലചുംബനമേറ്റുവാങ്ങി സുഖസുഷുപ്തിയുടെയും നിറസമൃദ്ധിയുടെയും മൂർത്തീഭാവമായ് വിലസുന്ന നമ്മുടെ സ്വന്തം നാട്.
കാല്‍പ്പനികത തുളുമ്പുന്ന വരികള്‍ കുറിയ്ക്കുവാന്‍ ഏറെ നല്ലത് സ്വന്തം ഗ്രാമത്തിന്റെ പച്ചപ്പിനെ പറ്റിയുള്ള ഓര്‍മ്മകളാണ്. നഷ്ടമാവുകയാണ് പലയിടങ്ങങ്ങളിലും നമുക്കു നമ്മുടെ ഗ്രാമ്യത. വരികളില്‍ മാത്രമവശേഷിയ്ക്കുമോ നമ്മുടെ ഗ്രാമഭംഗി? അപ്പോഴും നമ്മുടെ ഓര്‍മ്മകളിലെങ്കിലും നാടുണ്ടാവും എന്നോര്‍ത്തു നമുക്കു സംത്രിപ്തിയടയാം.
ഞാന്‍ പറഞ്ഞത് കൊല്ലകടവ് എന്നാ ഗ്രാമത്തിന്റെ മാത്രം കാര്യമല്ല. ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്നത് കലര്‍പ്പു തീരെയില്ലാത്ത ആ ഗ്രാമഭംഗി തന്നെ. നഷ്ടങ്ങളുടെ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്താനൊന്നും നമുക്കാവില്ല എന്നറിയാമെങ്കിലും കവി പാടിയതുപോലെ മോഹങ്ങള്‍ പിന്നെയും തികട്ടി വരുന്ന മനസ്സിനെ എങ്ങനെയാണ് ഒന്നു തൃപ്തിപ്പെടുത്തുക. എന്റെ നാട് ഇങ്ങനെയായിരുന്നു എന്നു നമുക്കോര്‍ത്തു നീണ്ട ദീര്‍ഘനിശ്വാസങ്ങള്‍ വിടാനും നമ്മുടെ വരുംതലമുറയ്ക്ക് നമ്മുടെ നാടിന്റെ പഴമയോര്ത്തു തെല്ലു കൌതുകം തോന്നുവാനും മാത്രമാണ് എന്റെയീ ശ്രമം. ആരും കയറിച്ചെല്ലാതിരുന്നൊരു മേഖലയില്‍ എത്തിപ്പെട്ടപ്പോള്‍ ഇങ്ങോട്ടേക്കു തിരിയ്ക്കുവാന്‍ എന്റെ മനസ്സിനു തോന്നിയ ആ വികാരത്തള്ളലിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഉദാത്തമെന്ന ഒരവകാശവാദവുമില്ലാതെ ഞാന്‍ കുറിയ്ക്കുന്നത്. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന വിവരങ്ങള്‍ എന്റെ മാത്രം കണ്ടുപിടിത്തങ്ങളല്ല. എന്നെ അതിനു സഹായിച്ച സുമനസ്സുകള്‍ക്കുള്ള നന്ദി ആദ്യമേ അറിയിച്ചുകൊണ്ട് നമുക്ക് നമ്മുടെ യാത്ര തുടങ്ങാം.
ഈ നാടിന്റെ ചരിത്രവഴികളിലൂടെ പഴമക്കാരുടെ പാദമുദ്ര പിന്തുടര്ന്നൊരു യാത്ര.
(തുടരും)
2 comments
ശ്രീ ….തുടക്കം ഗംഭീരം …. തുടർച്ചയും അങ്ങനെ തന്നെയാവട്ടെ …..
വളരെ നന്നായി ശ്രീകുമാർ. അഭിനന്ദനങ്ങൾ, ആശംസകൾ !!