സൂസന്റെ കഥ കേൾക്കാം. പത്തൊമ്പത് വയസ്സിൽ, കോളേജിലെ രണ്ടാം കൊല്ലത്തിൽ ഇന്റേണ് ആയി വന്നതാണ് കമ്പനിയിൽ. പിന്നത്തെ രണ്ട് കൊല്ലത്തിനകം അണ്ടർ ഗ്രാഡ് കഴിഞ്ഞതോടെ ഫുൾ ടൈം ജോലിക്കാരിയായി. അടുത്ത മൂന്നു കൊല്ലത്തിനുള്ളിൽ രണ്ട് പ്രൊമോഷനൊക്കെ കിട്ടി മാനേജർ സീറ്റിലെത്തി. പിന്നെയും രണ്ടു കൊല്ലം കൂടി കഴിഞ്ഞപ്പോൾ മാനേജർ തസ്തികയിലെ അടുത്ത ലെവൽ. ഇതിനിടയിൽ ഹൈ സ്കൂൾ സ്വീറ്റ് ഹാർട്ടുമായി വിവാഹം. എല്ലാ ബഹളങ്ങൾക്കുമിടയിൽ അതീവ കഠിനമായ എല്ലാ പ്രൊഫഷണൽ പരീക്ഷകളും പാസായി. ഒന്നാമത്തെ കുട്ടിയെ പ്രസവിക്കുന്നതിന്റെ രണ്ട് ദിവസം മുൻപായിരുന്നു നീണ്ട ശൃംഖലയിലെ അവസാനത്തെ പ്രൊഫഷണൽ പരീക്ഷ അവളെഴുതിയത്. സിസേറിയനും കഴിഞ്ഞ് എട്ടാഴ്ചയുടെ അവധിയും കഴിഞ്ഞ് പോയതിലും മിടുക്കിയായാണ് വന്നത്. കുട്ടിയെ നോക്കാൻ ഭർത്താവ് ജോലിയിൽ പാർട്ട് ടൈം ആയി മാറിയത്രേ. ആദ്യത്തെ കുട്ടിക്ക് മൂന്ന് വയസ്സായപ്പോൾ അടുത്ത കുട്ടിയുമെത്തി. അതിനിടയിൽ എം ബി എ അടക്കം രണ്ട് മാസ്റ്റേഴ്സ് എടുത്തു അവർ. കമ്പൂട്ടറിൽ ഒരു ക്ലാസ്സ് പോലും എടുത്തിട്ടില്ല. കണക്കും ബിസിനസ്സുമൊക്കെയായിരുന്നു കോളേജിൽ അവരുടെ മേജർ. ഇന്നവർ ഐടി മേഖലയിലെ ഒരു വിഭാഗത്തിന്റെ ഡയറക്ടർ ആണ്. കംപ്യൂട്ടറിൽ ഡിഗ്രിയും ഉപരിപഠനവും നടത്തി പത്തിരുപത് വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്ന കുറേ മദ്ധ്യവയസ്കരൊക്കെ കൂടിയ വലിയൊരു യൂണിറ്റിന്റെ തലപ്പക്കാരിയാണ് മുപ്പതു വയസ്സ് തികയാത്ത അവരിന്ന്! ഇന്നലെ കണ്ടപ്പോൾ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന വിശേഷം പറഞ്ഞു. ഒന്നാമത്തെ കുട്ടി കെജിയിൽ പോകും അടുത്ത കൊല്ലം, ഭർത്താവ് ഇപ്പോഴും പാർട്ട് ടൈം ആണ്, ചില ദിവസങ്ങളിൽ കുട്ടികൾ ഡേകെയറിൽ പോകും. വീക്കെന്റുക ളിൽ ഇടക്ക് അദ്ദേഹം ബാസ്കറ്റ് ബോൾ കോച്ചിങ്ങിനു പോകും. അദ്ദേഹത്തിന്റെ മറ്റൊരു പാഷൻ ആണത്. ജീവിതം സുന്ദരം! ഭർത്താവും ഹാപ്പി, അവരും ഹാപ്പി.
വിദേശ രാജ്യങ്ങളിലും മറ്റും നഴ്സ് ആയി ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരെ കളിയാക്കുന്ന പലരേയും കണ്ടിട്ടുണ്ട്, തിരിച്ചറിവില്ലാതിരുന്ന കാലത്ത് അവരോടൊപ്പം കൂടിയിട്ടുമുണ്ട്. പെണ്ണൂഞ്ഞാലി, പെൺകോന്തൻ, പെണ്ണിന്റെ ചെലവിൽ കഴിയുന്നവൻ എന്നൊക്കെ എത്ര വിളികളും അടക്കം പറച്ചിലുകളും അവരെ അനുഗമിക്കുന്നുണ്ടാവും?