സജി പൂത്തൃക്കയിൽ
അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ചിക്കാഗോ മലയാളികൾക്ക് പ്രിയങ്കരനായ , നീണ്ടൂരിന്റെ പുത്രൻ ജോയ് ചെമ്മാച്ചേൽ വിടവാങ്ങി . ജോയിച്ചനുമായി അടുത്ത് ഇടപഴകിയിട്ടുള്ള ഏവർക്കും ജോയിച്ചനെപറ്റി പറയുവാൻ നൂറു നാവാണ് . അവരിൽ ഒരു പ്രതിനിധിയായി ഏതാനും വാക്കുകൾ കുറിക്കട്ടെ . 1998 ൽ ചിക്കാഗോ ക്നാനായ കാത്തോലിക് സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജോയിച്ചൻ എന്ന ബഹുമുഖ പ്രതിഭയുടെ വ്യക്തിപ്രഭാവത്തിൽ ഞാൻ ആകൃഷ്ടനാകുന്നത് . തുടർന്ന് ഏതാനും വർഷക്കാലം പല മേഖലകളിലും ഒരുമിച്ചു പ്രവർത്തിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് . ഇക്കാലത്താണ് ജോയിച്ചനിലെ അസാധാരണ വ്യക്തിത്വത്തെ ആഴത്തിൽ അടുത്തറിയുവാൻ സാധിച്ചത് . 55 വർഷക്കാലത്തെ ധന്യ ജീവിതത്തിൽ ജോയിച്ചന്റെ കൈയൊപ്പ് പതിയാത്ത മേഖലകൾ ചുരുക്കമാണ് . വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി , ക്നാനായ സംഘടനാ പ്രവർത്തനത്തിലേക്ക് കടന്നുവന്ന ജോയിച്ചൻ ചിക്കാഗോ kcyl ന്റെ പ്രഥമ പ്രസിഡന്റ് ആയി . തുടർന്ന് ഇല്ലിനോയി മലയാളി അസോസിയേഷ ന്റെ സ്ഥാപക പ്രസിഡന്റ് ആയ ജോയിച്ചൻ രണ്ടായിരം ആണ്ടിൽ ചിക്കാഗോ ക്നാനായ കാത്തോലിക് സൊസൈറ്റിയുടെ അമരക്കാരനായി. തുടർന്നങ്ങോട്ട് സംഘടനാ പ്രവത്തന രംഗത്തും കലാരംഗത്തും കാർഷിക രംഗത്തും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചു . ഇക്കാലങ്ങളിൽ അനവധി അവാർഡുകളും പുരസ്കാരങ്ങളും അംഗീകാരങ്ങളും ജോയിച്ചനെ തേടിയെത്തി. എന്നാൽ ഭൗതികമായ ഈ നേട്ടങ്ങളെക്കാളും പ്രവർത്തനങ്ങളെക്കാളും എല്ലാം ഉപരിയായി ജോയിച്ചനെ വ്യത്യസ്തന് ആക്കിയിരുന്നത് ജോയിച്ചനിൽ ചെറുപ്പം മുതൽ രൂപപ്പെട്ടിരുന്ന നന്മകൾ നിറഞ്ഞ സ്വഭാവ ഗുണ വിശേഷങ്ങൾ ആയിരുന്നു . തികഞ്ഞ ഈശ്വരവിശ്വാസി ആയിരുന്ന ജോയിച്ചന്റെ മറ്റുള്ളവരെ അംഗീകരിക്കുവാനും സഹായിക്കുവാനും ഉള്ള കഴിവ് അനിതരസാധാരണമായിരുന്നു . പലരെയും ‘സാർ ‘ ‘ ചേട്ടാ ‘ ചേർത്തുള്ള വിളിയും മറ്റുള്ളവരുടെ ദീർഘമായ സംസാരങ്ങൾ കേട്ടിരിക്കാനുള്ള ജോയിച്ചന്റെ മനസും വലുതായിരുന്നു . രാത്രിയുടെ ഏതു യാമങ്ങളിൽ പോലും ഏതു പ്രതികൂല കാലാവസ്ഥയിലും ജോയിച്ചനെ വിളിച്ചു ഒരു പ്രശ്നം ഉണ്ട് എന്നറിയിച്ചാൽ ‘അരമണിക്കൂറിനകം ഞാനവിടെ എത്തിക്കൊള്ളാം’ എന്ന ജോയിച്ചന്റെ മറുപടി ചിക്കാഗോ മലയാളികൾ പലരും നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ് . ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജോയിച്ചൻ എന്നും മുൻപന്തിയിൽ ആയിരുന്നു. ജോയിച്ചനിലെ നന്മയുടെ വറ്റാത്ത ഉറവ നീണ്ടൂർ എന്ന തന്റെ കൊച്ചുഗ്രാമത്തിൽ പലർക്കും അനുഭവിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്.റിസ്കുകൾ ഏറിയതും പലരും ചെയ്യാൻ മടിക്കുന്നതും എന്നാൽ അനിവാര്യവും ആയ പല ജോലികളും സ്വയം ഏറ്റെടുത്തു ചെയ്യുവാൻ ജോയിച്ചൻ ഒരിക്കലും മടികാണിച്ചില്ല . മഞ്ഞു പെയ്തുകിടക്കുന്ന ചിക്കാഗോ തെരുവീഥികളിൽ സ്റ്റാർട്ടാകാതെ കിടന്ന എത്രയോ കാറുകൾ ജോയിച്ചൻ സ്വന്തം വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചു വർക്ക് ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട് . മഞ്ഞുകാലങ്ങളിൽ മറ്റുള്ളവരുടെ സുഗമമായ യാത്രക്കുവേണ്ടി സ്നോ മാറ്റിക്കൊടുക്കുന്നതിൽ ജോയിച്ചൻ സന്തോഷം കണ്ടെത്തിയിരുന്നു . ചിക്കാഗോ സേക്രട്ട് ഹാർട് ദേവാലയത്തിലെ പാർക്കിംഗ് ലോട്ടിലെ സെക്യൂരിറ്റി ആയി സേവനം ചെയ്തത് ഇടവകാംഗങ്ങൾക്ക് മറക്കാൻ ആകില്ല . സെമിത്തേരിയിലും തിരുന്നാളുകൾക്കും സ്വന്തം വാഹനത്തിൽ മൈക്ക് വച്ചുകെട്ടി സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കുവാൻ ഇനി ജോയിച്ചൻ ഉണ്ടാകില്ലെന്നുള്ളത് വിശ്വസിക്കാൻ പ്രയാസം. കുടുംബ – സഹോദര- സുഹൃത് ബന്ധങ്ങൾക്ക് ജോയിച്ചൻ നൽകിയിരുന്ന വില അത്ഭുതാവഹം ആയിരുന്നു. തിരക്കേറിയ സംഘടനാപ്രവർത്തന കാലത്തും പ്രിയ പത്നിക്കും മക്കൾക്കും കുടുംബങ്ങൾക്കുമൊക്കെ പ്രത്യേക പരിലാളന നൽകുവാൻ ജോയിച്ചൻ എന്ന മിഖായേൽ മാലാഖ ഭക്തന് കഴിഞ്ഞിരുന്നു . നീണ്ടൂർ പള്ളിയുടെ തിരുമുറ്റത്തിന് സമീപത്തായുള്ള തന്റെ ഭാവനത്തോട് ചേർന്നുള്ള കാർഷിക ഫാമിലേക്കു ‘ പ്രവേശനം സൗജന്യം ‘ എന്ന ബോർഡ് വച്ച് ആയിരക്കണക്കിന് സ്കൂൾ കുട്ടികളെ ആകർഷിച്ചിരുന്നതു ജോയിച്ചന്റെ കരുണയുടെ വറ്റാത്ത ഹൃദയത്തെ വെളിവാക്കുന്നു . നാട്ടിൽ എത്തുമ്പോഴെല്ലാം ഈ ഫാമിൽ പത്തരമാറ്റുള്ള കർഷകനായി പശുവിനെ കുളിപ്പിച്ചും അടയ്ക്കാ പറിച്ചും തൂമ്പയെടുത്തു പണി ചെയ്തും തൊഴിലാളികളിൽ ഒരാളായി ജോയിച്ചൻ മാറിയിരുന്നു . ജോയിച്ചന്റെ സംഭവ ബഹുലമായ പുണ്യം നിറഞ്ഞ ജീവിതത്തിന്റെ അവസാന നാളുകൾ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ കൈക്കാരൻ എന്ന നിലയിൽ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. മതബോധന സ്കൂളിലെ കുട്ടികൾ വിശാലവും ഭംഗിയുള്ളതുമായ ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് സ്കൂളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ മറ്റു കൈക്കാരന്മാരോടൊപ്പം വ്യാപൃതനായിരുന്ന ജോയിച്ചന്റെ അവസാനകാലത്തെ പ്രവർത്തനങ്ങൾക്ക് മുന്നിൽ സെന്റ് മേരീസ് മതബോധന സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും വരും തലമുറയ്ക്ക് വേണ്ടിയും ഞാൻ തലകുനിക്കുന്നു. ജോയിച്ചന് പകരം വെക്കുവാൻ ജോയിച്ചൻ മാത്രം . ……..സ്നേഹപൂർവ്വം സുഹൃത്തുക്കൾക്കുവേണ്ടി സജി പൂത്തൃക്കയിൽ