സ്വാതി ശശിധരൻ, അയർലൻഡ്
~~~~~~~~~~~~~~~~~~~~~~~
കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് എന്റെ ഉള്ളിൽ ആഴത്തിൽ തറച്ച രണ്ട് സംഭാഷണ ശകലങ്ങൾ ഉണ്ട്. ഒരേ കാര്യം തന്നെ രണ്ട് പേരുടെ വീക്ഷണ കോണിലൂടെ പറഞ്ഞപ്പോൾ ഉണ്ടായ അഭിപ്രായ വൈരുദ്ധ്യം . അത് എന്നെ ഒത്തിരി ചിന്തിപ്പിച്ചു.
കറേ നാൾ മുമ്പ്, വളരെ പ്രശസ്തയായ ഒരു മീഡിയ പേഴ്സൺ എന്നോട് ചോദിച്ചു.
“നിങ്ങൾ എന്തിനാണ് നിങ്ങളുടെ ആത്മകഥാംശം നിറഞ്ഞ അനുഭവങ്ങൾ, മക്കളുടെ കാര്യങ്ങൾ ഇവയൊക്കെ എഴുതുന്നത്?. ഇതൊന്നുമല്ല ആളുകൾക്ക് വേണ്ടത്.
ഒരു സെലിബ്രിറ്റിയുടെ ആത്മകഥ വായിക്കാനാണ് ആളുകൾ ഇഷ്ടപ്പെടുക , അല്ലാതെ ഒരു സാധാരണക്കാരിയുടേതല്ല.”
അന്ന് ഞാൻ അവരോട് പറഞ്ഞത് നിങ്ങൾ മീഡിയ പേഴ്സൺ ആണ്. ഞാൻ ക്രിയേറ്റീവ് പേഴ്സണും . എഴുതണം എന്ന് തോന്നിയാൽ രാത്രി രണ്ടര മുതൽ രാവിലെ എട്ട് വരെ അനങ്ങാതെ ഇരുന്ന് എഴുതാൻ എനിക്ക് പറ്റും. നിങ്ങൾക്ക് പറ്റുമോ? ഇല്ല എന്നവർ പറഞ്ഞു.
അവർക്ക് കൂടുതൽ ഓഡിയൽസിലേക്ക് കാര്യങ്ങൾ എത്തിക്കുക, അതാണ് ലക്ഷ്യം. പരമാവധി റീഡർഷിപ്പ് കൂട്ടുക. അന്നന്നത്തെ ട്രെൻഡി ടോപ്പിക്കുകൾ മാത്രം എഴുതുക. കാലാവധി തീർന്ന മരുന്നുകൾ പോലെ മറ്റുള്ളവയെ പുറന്തള്ളുക.
എനിക്ക് ആകട്ടെ, എഴുത്ത് എന്നത് എന്റെ സ്വത്വത്തിനോട് സംവദിക്കുക എന്നതും.
ഒടുവിൽ, ഞങ്ങൾ ഒരിക്കലും അടുക്കാൻ പറ്റാത്തവരാണ് എന്ന് മനസ്സിലാക്കി, എന്നാൽ പരസ്പര ബഹുമാനത്തോടെ തന്നെ പിരിഞ്ഞു.(പരസ്പരം എന്നത് ഒരു ഊഹത്തിൽ പറഞ്ഞതാണ്.) എനിക്ക് അവരുടെ രീതി പറ്റില്ലെങ്കിലും , ആ ബിസിനസ്സ് ബുദ്ധിയെ മാനിച്ചു. തിരിച്ച് എന്നോട് അങ്ങനെ ബഹുമാനം ഉണ്ടോ എന്ന് ഉറപ്പില്ല. സാധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്) . പിന്നീട് ഞങ്ങൾ ഒരിക്കലും സംസാരിച്ചിട്ടില്ല.
എന്നെ അവരുടെ വാക്കുകൾ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
പിന്നെയാണ് .ഏതാണ്ട് ഒരു മാസത്തിന് ശേഷം, ‘അങ്ങനെ ഒരു മാമ്പഴക്കാല’ ത്തിന്റെ, എട്ടാം പേജ്, ഞാനായിരുന്നു ശരി എന്ന് എന്നെ മനസ്സിലാക്കിച്ചത്. അത് ഇപ്രകാരം:
“സാധാരണ ഗതിയിൽ ബാല്യകാല സ്മരണകളും ആത്മകഥയുമൊക്കെ എഴുതുന്നത് ജീവിതത്തിൽ വിജയിച്ചവരും നേട്ടങ്ങൾ കൈവരിച്ചവരുമായ ആൾക്കാരായിരിക്കും. ഒരു സാധാരണക്കാരന്റെ ഓർമ്മക്കുറിപ്പുകൾക്ക് എന്ത് പ്രസക്തി?” എന്ന് Ajoy Kumarഎഴുതിയിടത്തു നിന്നും ഞാൻ മനസ്സിലാക്കിയതാണ് , സാധാരണക്കാരനെയാണ് ഒരു പക്ഷേ ആളുകൾ സെലിബ്രിറ്റി ആക്കുന്നത്.
ആരും സെലിബ്രിറ്റിയായി ജനിക്കുന്നില്ല ( സെലിബ്രിറ്റികളുടെ മക്കൾ ഒഴികെ) .
അന്ന് എന്റെ ജീവിതാനുഭവങ്ങളുടെ വില ഞാൻ മനസ്സിലാക്കി . ഒരു പക്ഷേ ഭാവിയിൽ ഞാൻ എന്ന വെറും ഒരു സാധാരണക്കാരിയുടെ ആത്മകഥയും ആളുകൾക്ക് ഇഷ്ടപ്പെട്ടേക്കാം. അനുഭവങ്ങളുടെ വ്യത്യസ്തത കൊണ്ട്, മാത്രം.
ഈ ലോകത്ത് ഓരോ മനുഷ്യനും, സ്വന്തം ജീവിതമെന്ന കഥ എഴുതിയാൽ നമ്മളൊക്കെ എത്ര നന്നായേനേ.
*****************
ഞാൻ ആദ്യം വായിച്ച നോവൽ എസ്.കെ യുടെ , ‘ഒരു ദേശത്തിന്റെ കഥ’യാണ്. ഏഴോ, എട്ടോ വയസ്സുണ്ട് അപ്പോൾ. ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ലാലു ലീലയും ഒന്നും പോരാതെ വന്നപ്പോൾ , കിട്ടിയത് എടുത്ത് വെച്ച് വായിച്ച് തുടങ്ങിയതാണ്. എന്റെ കൊച്ചച്ചന്റെ അഭിപ്രായത്തിൽ ഞാൻ അത് ഒരു ഇരുന്നൂറ് തവണയെങ്കിലും വായിച്ചു കാണും.
അതിലെ ശ്രീധരൻ എന്ന നായകൻ , എവിടെ ,എപ്പോൾ, എന്തു ചെയ്തു എന്നുള്ളത്, ഏത് പേജിൽ, ഏതു ലൈനിൽ എന്നു ചോദിക്കുക കൊച്ചച്ചന്റെ നേരം പോക്കായിരുന്നു.
എന്നാലും വലിയവർ സംസാരിക്കമ്പോൾ ഉടനെ , “എടീ, സ്വാതി, ആ പുസ്തകത്തിൽ എവിടെയായിരുന്നു അമ്മുക്കുട്ടി ടീച്ചറിന്റെ കുടയെ പറ്റി പറയുന്നത് ?” എന്ന് ചോദിച്ച്,
ഞാൻ ഉത്തരം പറയുമ്പോൾ, “ഇവൾ അത് അരച്ചുകലക്കി കുടിച്ചിരിക്കയാണ് “എന്ന് സുഹൃത്തുക്കളോട് ഒരു പറച്ചിലുണ്ട് .
അവരൊക്കെ “ഈ നരുന്തോ?” എന്ന ഭാവത്തിൽ, ചെറിയ ഒരു ബഹുമാനത്തോടെ എന്നെ നോക്കിയിരുന്നു. അന്നൊക്കെ മാത്രമാണ് എനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്ന് തോന്നിയിരുന്ന ദിവസങ്ങൾ.
എന്തായാലും നിരന്തര വായനയുടെ ഫലമായി, ആ പുസ്തകം, കുത്തിക്കെട്ടൊക്കെ ഇളകി ഒരഞ്ച് കഷ്ണങ്ങളായി. പിന്നീട് അച്ഛൻ പ്രസ്സിൽ കൊടുത്ത് ബയന്റ് ചെയ്യിച്ചപ്പോഴും കുറച്ചു ചേജുകൾ കാണാൻ ഇല്ലായിരിന്നു.
ഒരു ബ്രൗൺ കളർ പേൾ പെറ്റ് കുപ്പി നിറയെ നാരങ്ങാവെള്ളവുമായി ആ പുസ്തകം വായിക്കാനിറങ്ങി, കിണറ്റിൻകരയിൽ പോയാൽ പിന്നെ എന്നെ കാണാൻ കിട്ടില്ല.
കിണറിന്റെ മറവിൽ മാതള ചെടിയോട് ചേർന്ന് ഇരുന്നാൽ ആർക്കും എന്നെ കാണാൻ കഴിയില്ല. അമ്മ എത്ര തവണ കിണറ്റിൽ നോക്കുന്നത് കണ്ട് ഞാൻ വാ പൊത്തി ചിരിച്ചിട്ടുണ്ട്.
ഇത് കാരണം മിക്കപ്പോഴും വീട്ടുകാർക്ക് പുസ്തകങ്ങൾ ഒളിപ്പിക്കേണ്ടി വന്നു.
അക്കാലത്ത് പാരമ്പര്യമായി കിട്ടിയ കടുത്ത ആസ്തമ ഉണ്ടായിരുന്ന എനിക്ക് സന്ധ്യക്ക് ശേഷം സ്ഥിരം പ്രാണവേദനയാണ്.
ജീവിതത്തിൽ എല്ലാ വൈകന്നേരങ്ങളിലും മരണത്തെ കാണുക എന്നത് ഭീതിജനകമാണ്. അതും മരണം എന്താണ് എന്നറിയാത്ത ഏഴ് വയസ്സിൽ.
പ്രാണവായുവിനുവേണ്ടി ഏങ്ങി വലിച്ച് ഞാൻ പിടച്ചടിക്കുമ്പോൾ നോക്കിക്കൊണ്ട് നിൽക്കാനേ എന്റെ അച്ഛനമ്മമാർക്ക് കഴിഞ്ഞിരുന്നുള്ളൂ. അന്ന് ഏഴ് വയസ്സുകാർക്ക് ഡെറിഫിലിൻ ഇൻഹേലർ കൊടുത്തിരുന്നില്ല. ഓക്സിജൻ കൊടുക്കാനുള്ള സൗകര്യം 60കി.മീ. ദൂരമുള്ള മെഡിക്കൽ കോളേജിൽ മാത്രം .ബസ്സില്ല ,ടാക്സിയില്ല .പിന്നെ എങ്ങനെയാണ് ഒരാൾക്ക് എന്നും ഓക്സിജൻ കൊടുക്കുക.
ഫലം , എന്നും വൈകുന്നേരം രണ്ട് മണിക്കൂറോളം പ്രാണവായു കിട്ടാതെ ഞാൻ മരണവെപ്രാളം നേരിട്ട് അനുഭവിച്ചു.
ആസ്തമയുടെ ശബ്ദവും , ശ്വാസം കിട്ടാതെ തള്ളി വരുന്ന എന്റെ കണ്ണകളും അവരെ എത്ര വിഷമിപ്പിച്ചിരിക്കാം എന്ന് എനിക്ക് ഇന്നറിയാം. (പത്താം മാസത്തിൽ എന്റെ കുഞ്ഞിത് ആസ്ത്മ വന്ന് ഒക്ലിജൻ 60% ആയപ്പോൾ )
അന്നൊക്കെ എന്റെ ശ്രദ്ധ തിരിക്കാൻ (കാരണം അറിയില്ല, ശ്രദ്ധ മാറിയത് കൊണ്ട് ഒരിക്കലും എനിക്ക് പ്രാണവായു കൂടുതൽ കിട്ടിയിരുന്നില്ല) അപ്പോഴാണ് ഒളിച്ചു വച്ചിരിക്കുന്ന പുസ്തകങ്ങൾ പുറത്ത് വരിക.
പുതിയ ബാലരമയും പൂമ്പാറ്റയും, അമ്പിളി അമ്മാവനും ഒക്കെ കിട്ടുന്നതിലും വേഗത്തിൽ ഒരേറാണ്. മനുഷ്യന് ജീവശ്വാസമാണ്, മറ്റെന്തിനെക്കാളും വലുത് എന്ന് അപ്പോഴേ ഞാൻ മനസ്സിലാക്കി.
പിന്നെ പന്ത്രണ്ട് വയസ്സ് വരെ, ഒരോ ദിവസവും ഇടവിട്ട് ,കൈയ്യിൽ മാറി മാറി ഇഞ്ചക്ഷൻ ആയിരുന്നു. വേദനിച്ച് എഴുതാൻ പറ്റാതായി. അമ്മ സ്കൂളിൽ വന്ന് എന്റെ നോട്ട് എഴുതി തുടങ്ങി.
ഒരിക്കൽ സുപ്രഭ ആശുപത്രിയിലെ, ആ നഴ്സിന്റെ സൂചി എന്റെ വലത്തേ കൈയ്യിലെ എല്ലിൽ തട്ടിയപ്പോൾ. വേദനിക്കുന്നു എന്ന് പറഞ്ഞിട്ടും ആരും കാര്യമാക്കിയില്ല പതുക്കെ വലതു കൈയ്യിൽ പഴുപ്പ് ബാധിച്ചു. രണ്ടിൽ പഠിക്കുന്ന സൂസൻ തടി സ്കെയിൽ വച്ച് അടിച്ചപ്പോൾ വലതു കൈയ്യിലെ നീര് പഴുത്തത് പുറത്ത് കാണാൻ പാകത്തിലായി.
എന്റെ നിലവിളി കാരണം മെഡിക്കൽ കോളേജിൽ കൊണ്ട് പോയി. അര മണിക്കൂറിനുള്ളിൽ തണുപ്പുള്ള ഇരുമ്പ് മേശയിൽ കിടത്തി അവർ എന്റെ വലത്തേ കൈ കീറി, പഴുപ്പ് എടുത്തു. സ്റ്റിച്ച് ചെയ്തില്ല.
ഒരു കാര്യം അന്നാണ് മനസ്സിലായത്. സൂസന്റെ തടി സ്കെയിൽ കൊണ്ടുള്ള അടി കാരണം രക്ഷപ്പെട്ടത് തളർന്നു പോവേണ്ടിയിരുന്ന എന്റെ വലതുകൈയ്യാണ്.
ഇപ്പോഴും ബലക്ഷയം ഉള്ള എന്റെ വലതുകൈ . മൂന്നാഴ്ച മുമ്പ് വരെ തോളെല്ല് തിരിഞ്ഞു പോയ എന്റെ വലത് കൈ. ദൈവം എത്ര മഹാനാണ്. ഇന്ന് ഇത് എഴുതുന്നതും ആ കൈ വച്ചാണല്ലോ!
(2018 ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്കാരം കിട്ടിയ എഴുത്തുകാരി. ലയാളത്തിലും ഇംഗ്ലീഷിലും ഒരേ പ്രാവീണ്യത്തോടെ എഴുതിക്കൊണ്ടിരിക്കുന്നു)