എസ് രമേശൻ
ഹനാൻ നീയെന്റെ മകളാണ്
എനിക്കു പിറക്കാതെ പോയവൾ
നീ യെന്റെ യുദരത്തിനുള്ളിൽ മുളക്കെ
ഓപ്പറേഷൻ തിയേറ്ററിൽ
കൂർത്ത കത്തിയാൽ
നീചം ചുരണ്ടിത്തകർത്തു
തരിപ്പണമാക്കിക്കശക്കിയെറിഞ്ഞ
ജന്മത്തിന്റെ,
നീതിതൻ, പുസ്തകമാണ്
ഹനാൻ നീയെന്റെ മകളാണ്-
എന്നറിയുന്നു ഞാൻ!
ചന്തയിൽ പൂവിറ്റുനിൽക്കുന്ന
നിന്നെയൊരിക്കൽ
ഒരു മൂവന്തിചായുമ്പോൾ
കണ്ടു നടുങ്ങി വിറച്ചതാണ്
നീയെന്റെ രക്തം
നീയെന്റെ മാംസം
മാസം തികഞ്ഞു പുറത്തേക്കു നീവന്നു പോകാതിരിക്കാൻ
നിന്നെയില്ലാതെയാക്കിയ
താ,ണെന്റെ കുറ്റം!
നീ വീണ്ടുമെങ്ങനെ വന്നൂ പുലരിയായ്
ഈ മൂവന്തിയിൽ
പൂക്കൾവിൽക്കുവാൻ ചന്തയിൽ?
അന്നേനടുങ്ങിയതാണു ഞാൻ
പിന്നെയുമോർത്തു പോയ്,
നീയായിരിക്കാനിടയില്ല
നീ മറ്റൊരാളായിരിക്കാം
ഏതോ കടിഞ്ഞൂൽക്കിടാവ്
വിശപ്പിന്റെ
ദേഹം നിറഞ്ഞ ചിരിയുമായ് ചന്തകൾ
തോറുമേ
പൂ വിറ്റു കാലം കഴിക്കും
ഒരു വെറും കാട്ടു പൂവ്..!
പക്ഷേ യാത്മാവിന്റെ
അന്തരാളങ്ങളിൽ
നീ വന്നു പോയിരുന്നെന്നും
ഓർമ്മിപ്പു ഞാൻ!
നമ്മുടെ കുഞ്ഞു മരിച്ചതില്ലെന്നുഞാൻ
ചന്തയിൽ പൂവിറ്റു നില്ക്കുന്ന
നിൻ കണ്ണുനീരോർത്തു-
ഓർത്തു പറഞ്ഞിരുന്നൂ!
ഇന്നലെ വീണ്ടും
കാറിൽ വന്നിറങ്ങുമ്പോൾ
മീൻ ചന്തയിൽ
തിങ്ങും മനുഷ്യ പ്രയാണ വേഗങ്ങളിൽ
നിന്നെ ഞാൻ കണ്ടൂ………
പൂവല്ല-
മീൻ വിറ്റു നിൽക്കുന്ന നീ….
നിന്നെയവർ ക്രൂരം
ചീന്തിയെറിയുകയായിരുന്നു….!
പള്ളിക്കൂടത്തിൽ
പോയപോലെ
മീൻ ചന്തയിൽ
വന്നു യൂണിഫോമിൽത്തന്നെ
നിന്നു മീൻ വിൽക്കുന്ന
കുഞ്ഞൊരുത്തി,
പിഞ്ചു മീൻ കാരി…..
കണ്ണുനീരിൽ ക്കുളിച്ചു
നീ കേണുപറയുന്നു
എന്നെ ജീവിക്കുവാൻ
വെറുതെ വിടേണമേ…..
നീ എന്റെ മകൾ തന്നെ
എന്നിൽ കുരുത്ത ദിവാസ്വപ്നം
പെണ്ണെന്നറിഞ്ഞു ,ഞങ്ങൾ-
കൊന്നെറിഞ്ഞ
എൻ നിത്യ നൊമ്പരം.!
ആരോടു ചൊല്ലു മീ സത്യം ,:അരുതേ
എന്നിൽ നിന്നും
ആ കുരുന്നിനെ
ഞാൻ വേരോടെ ചീന്തിയെറിഞ്ഞതാണെങ്കിലും
അതു ജീവിച്ചു കൊള്ളട്ടേ…
അരുത്
അവളെന്റെ മകളാണ്….
ആരോടു ചൊല്ലുമീ സത്യം?
ഹനാൻ നീയെന്റെ മകളാണ്
എനിക്കു പിറക്കാതെ പോയ
എന്റെ മകൾ,എന്റെ ആത്മസഖി..!
ഹനാൻ നീയെന്റെ മകളാണ്
(ഫൊക്കാനയുടെ 2018 ചങ്ങമ്പുഴ കവിതാ പുരസ്കാരം ലഭിച്ച പ്രശസ്ത കവിയാണ് എസ് രമേശൻ)