വിദ്യാഭ്യാസ ലോണിനെപ്പറ്റിയായിരുന്നു ഞങ്ങൾ അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്.
“രണ്ടെണ്ണത്തിനെ പഠിപ്പിക്കാൻ ചിലവാക്കിയ പണം ഉണ്ടായിരുന്നെങ്കിൽ ഒരു തുണ്ടു ഭൂമി വാങ്ങിയിടാമായിരുന്നു കടമെല്ലാം ബാക്കിയുള്ളവന്റെ തലയിൽ .നല്ല നേരം നോക്കിയാണ് രണ്ടും വല്ലതും അയക്കുക അത് പലിശക്ക് പോലും തികയുന്നില്ല”
പടി കടന്നു വന്നത് മകന്റെ സ്നേഹിതൻ സതീർഥ്യൻ.
“പെങ്ങളുടെ കല്യാണം”
മുറ്റത്തുനിന്നേ അവൻ വിളിച്ചുപറഞ്ഞു പിന്നെ അരികിൽ വന്നു അരപ്ലേസിൽ ചമ്രം പടിഞ്ഞിരുന്നു.
“അച്ഛൻ മരിക്കുന്നതിനുമുമ്പേ ഉറപ്പിച്ചതാണ്. അമ്മാവന്റെ മകൻ കൊല്ലം തികയാനൊന്നും കാത്തു നിൽക്കുന്നില്ല അച്ഛനും ഇങ്ങനെതന്നെയാവും ഇഷ്ടം”
അവൻ വല്ലാതെ മുതിർന്നുപോയല്ലോ എന്നെനിക്ക് തോന്നി.അദൃശ്യമായ ഏതോ ഭാരം കൊണ്ടെന്നപോലെ അവന്റെ ചുമൽ കൂനിപ്പോയിട്ടുണ്ട് ഒരിക്കൽ വികൃതിയും കുറുമ്പും കൊണ്ട് രസത്തുള്ളി പോലെ ഉരുണ്ടു കളിച്ചിരുന്ന ചെക്കനായിരുന്നു.
” വീടും പത്തു സെന്റ് സ്ഥലവും ഞാൻ അവൾക്ക് എഴുതി കൊടുത്തു അമ്മയെയും കൊണ്ട് ഞാൻ ജോലിസ്ഥലത്തെ വാടകവീട്ടിലേക് പോകും . കൊടുക്കാൻ മറ്റൊന്നും കാര്യമായിട്ടില്ല.”
