സത്യമായിട്ടും അങ്ങനത്തെ ഒരു കോഴിയെ കണ്ടിട്ടും ഇല്ല, ആ കോഴിയുടെ അനുഭവം അറിയുകയുമില്ല. പക്ഷേ എനിക്ക് എല്ലാറ്റിനും ഒരു ലാഗ്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ സാധാരണഗതിയില് പിള്ളേരാണ് സഹായിക്കാറ്. മുന്നിലിരിക്കുന്ന സാധനങ്ങൾ കാണുകയില്ല, പറഞ്ഞു കൊണ്ട് വന്നത് എന്താണെന്ന് മറന്നു പോവുക, ഒരു ജോലി ചെയ്തോണ്ടിരിക്കവേ അറിയാതെ വേറൊന്നിൽ ആയിപ്പോവുക….കഴിഞ്ഞ 15 ദിവസത്തെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ വെക്കേഷൻ ആണോ കാരണം എന്ന് തോന്നുന്നു. ഈ 15 ദിവസവും ഭർത്താവും, പിറുങ്ങിണികളും വീട്ടിനുള്ളിലും, ഫ്രിഡ്ജ് നാണിച്ചു പോകുന്ന തണുപ്പ് പുറത്തും. ഒരു അമ്മയുടെ മാനസിക സന്തുലനം തെറ്റിപ്പോയി. അത് ഒരു കുറ്റമാണോ? എങ്ങനെ തെറ്റാതിരിക്കും. Dec 18 മുതൽ ഭർത്താവ് വീട്ടിൽ , വർഷാവസാന ലീവ് എടുത്തതാണ്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിള്ളേരും. ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ അമ്മയുടെ പീഡനവാരം ആരംഭിച്ചു.
പുറത്തിറങ്ങി കളിക്കാൻ വയ്യ. മിക്കി മൗസ് ക്ലബ്ബ്ഹൗസിനും ഒരു പരിമിതി ഇല്ലേ?
സ്ലംബർ പാർട്ടി, പിക്നിക് മുതലായവ ‘pretend’ എന്ന പേരിൽ തുടങ്ങി…..
പാവകൾക്കൊക്കെ പേരിട്ടു…. ഡ്രസ് ഒക്കെ മാറ്റി, മുടിയൊക്കെ അഴിച്ചു കെട്ടാൻ തുടങ്ങി.
ടീനേജ് പാവകൾ പരസ്പരം ഗോസ്സിപ് പറയാനും, കൂട്ടുകൂടാനും , ഡ്രസ് നെ പറ്റി ചർച്ച ചെയ്യാനും തുടങ്ങി….
രണ്ടു കുട്ടികൾ മാത്രമുണ്ടായിരുന്ന വീട്ടിൽ അങ്ങനെ അസംഖ്യം പേര് ഉണ്ടായി. അവരുടെ പേരൊക്കെ പിള്ളേർ പറഞ്ഞു തന്നു. എല്ലാം അമേരിക്കൻ പേരുകൾ. അവർ എന്റെ വീട്ടിൽ സമാന്തര ലോകത്ത്, അമേരിക്കൻ ഭാഷയിലും, കറൻസിയിലും ജോലി ചെയ്യാൻ തുടങ്ങി. യൂറോ ഇല്ല ഡോളർ മാത്രം.
ഞാൻ കാർപ്പറ്റിൽ മുകളിലും താഴെയും വിരിച്ചിട്ടിരിക്കുന്ന ബ്ലാങ്കറ്റുകളിൽ നിരത്തി വെച്ചിരിക്കുന്ന അസംഖ്യം കുഞ്ഞു മനുഷ്യരെ തട്ടി വീഴാൻ തുടങ്ങി.
ക്രിസ്മസിന് അപ്പൂപ്പന് എഴുതി എഴുതി…. ഞാൻ മടുത്തപ്പോൾ…. മൂത്തവളുടെ
ക്രീയേറ്റിവിറ്റി സട കുടഞ്ഞെഴുന്നേറ്റു. ഞാൻ തടഞ്ഞില്ല. എല്ലാം എനിക്ക് വേണ്ടിയുള്ള പ്രേമലേഖനങ്ങൾ ആവുമ്പോൾ ഞാൻ എങ്ങനെ തടയും?
ഫലം: കത്രിക കൊണ്ട് വെട്ടി പറന്നു നടക്കുന്ന പേപ്പർ കഷ്ണങ്ങൾ. മറിഞ്ഞു കിടക്കുന്ന കളർ കുപ്പികൾ….ക്യാപ് തേടി അലയുന്ന കളർ പെൻസിലുകൾ…. പകുതി തീർത്ത നിരവധി പടങ്ങൾ…
ഇതൊക്കെ കണ്ട് ഭർത്താവ് എന്നോട് “മൂത്തവൾ നിനക്കു ഉണ്ടാക്കുന്ന പ്രേമ
ലേഖനം കാരണം നടക്കാൻ വയ്യ” ഒരു take away മെനു പോലും എടുത്തു കളയുന്ന ഞാൻ വെട്ടിലായി…. പ്രണയലേഖനങ്ങൾക്ക് കവറുകൾ ആയി….. നിറയെ ചുവന്ന ഹൃദയ ചിഹ്നങ്ങൾ…..
വീട് നിറഞ്ഞു. പ്രിയപ്പെട്ടവ എടുത്തു അവൾ തന്നെ അവളുടെ മുറിവാതിലിൽ ഒട്ടിച്ചു.
ന്യൂ ഇയർ കാർഡുകൾ തുടങ്ങിയപ്പോൾ, ഹൃദയത്തെ കല്ലാക്കി, ക്രിസ്മസ് ലേഖനങ്ങൾ ഞാൻ ബിന്നിലേക്കു പൂഴ്ത്തി.
ടാബ്ലറ്റ് share ചെയ്യാൻ വയ്യെങ്കിൽ അമ്മയെയും അച്ഛനെയും share ചെയ്യണ്ട, എന്നു പറഞ്ഞു ഒതുക്കി.
ഇനി നാല് നാൾ കൂടി. അമ്മയുടെ stinky മണത്തെ ഇഷ്ടപ്പെടുന്ന, അമ്മയുടെ cuddly ശരീരത്തിൽ കിടക്കുന്ന, ഉറങ്ങി കഴിഞ്ഞു എടുത്തു അവളുടെ മുറിയിൽ കൊണ്ടു പോവാൻ ശ്രമിക്കുമ്പോ
ൾ , ഉടുമ്പിന്റെ പിടിത്തം പിടിക്കുന്നവർ. ഇനിയും സ്കൂളിലേക്കുള്ള കണ്ണീരും, അശനിപാതവും…..
ഒറ്റക്കുട്ടിയായി വളർന്ന ഞാൻ കാണാത്ത , കേൾക്കാത്ത….പലതും….
ചിലപ്പോൾ ഒന്നു കണ്ണടയ്ക്കാൻ സമ്മതിക്കില്ല…….. ചിലപ്പോൾ ഇത്രയും സ്നേഹിക്കാൻ പറ്റുമോ എന്ന് തോന്നിപ്പിക്കും…..
പിന്നെ സത്യം കാർന്നു വേദനിപ്പിക്കും….
ഞാനും നാലു വയസ്സു കഴിഞ്ഞു തന്നെ ആണല്ലോ , നാല്പതിൽ എത്തിയത്……
മിനിഞ്ഞാന്ന് രാവിലെ ഒരു സ്വപ്നം
കണ്ടു . ദൈവം എന്നോട് പറയുന്നു “ബി താങ്ഫുൾ റ്റു ബി എലൈവ്”…
അതിലെ സത്യം ഓർത്തപ്പോൾ, കുറച്ച് മനസികവിഭ്രാന്തി ഉള്ളതാണ് നല്ലതെന്ന് തോന്നി…..