മന്നാഡേ എന്ന മ്യുസിക്ക് ലെജന്‍ഡ്.
Prabodh Chandra Dey എന്ന പേര് കേട്ടാല്‍ “അതാരപ്പാ?” എന്ന് ചോദിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. പക്ഷെ അത് ഗായകന്‍ മന്നാഡേയുടെ ശരിയായ, ഔദ്യോഗികനാമമാണെന്ന് കേള്‍ക്കുമ്പോള്‍ സംഭവം പരിചിതമാകും..
“ഓ.. നമ്മുടെ മാനസമൈനെ പാടിയ ഏതോ ഹിന്ടിക്കാരനല്ലേ?
ചിലര്‍ ഒരു പടികൂടി കടന്ന് ചോദിക്കും..
അങ്ങേരുടെ ഭാര്യ, മലയാളിയല്ലേ? കണ്ണൂര്‍കാരിയോ മറ്റോ…
മലയാളികള്‍ക്ക് ഹിന്ദി സിനിമാഗായകരില്‍ പലരും അപരിചിതരാണ്..
എന്റെ പഴയതലമുറക്കാര്‍ക്ക് കെ.എല്‍. സൈഗാളിനെ അറിയാമായിരുന്നു..
എന്റെ തലമുറയ്ക്ക് മുഹമ്മദ് റഫി, കിഷോര്‍കുമാര്‍ – ഇവര്‍ രണ്ടും പരിചിതമാണ്.
ഇന്നത്തെ തലമുറയ്ക്ക് സോണു നിഗം.
വേറെ എത്രയോ മഹാന്മാരായ ഗായകര്‍ (എന്റെ പഴയ തലമുറയുടെ കാലത്തെ പങ്കജ് മല്ലിക്ക് മുതലിങ്ങോട്ട്) ഇന്ത്യന്‍ സംഗീതാസ്വാദകരെ പാടി രസിപ്പിച്ചു.
ചെമ്മീനിലെ ഗാനം പാടിയതുകൊണ്ട് മാത്രമാണ് ശരാശരി മലയാളി മന്നാഡേയെക്കുറിച്ച് കേള്‍ക്കാനിടയായത്.
മന്നാഡേയുടെ തട്ടകം കേരളമായിരുന്നില്ലല്ലോ. അത് ഹിന്ദിയും ബെംഗാളിയുമായിരുന്നു. അവിടെയൊക്കെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയിരുന്നോ?
നമുക്ക് നോക്കാം..
മന്നാദാ ഒരു വക്കീലാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷെ, പിതൃസഹോദരനായ കെ.സി. ഡേ ബംഗാളിലെ അറിയപ്പെടുന്ന സംഗീതഞ്ജനും ഗായകനുമായിരുന്നതിനാല്‍ നന്നേ ചെറുപ്പത്തില്‍തന്നെ ശാസ്ത്രീയസംഗീതത്തില്‍ അത്യാവശ്യം പരിശീലനം ലഭിച്ചു. എങ്കിലും കുട്ടിയായിരുന്ന മന്നാദായുടെ ഇഷ്ടവിനോദങ്ങള്‍ ഗുസ്തിയും ഫുട്ബോളുമായിരുന്നു. അതിനിടയില്‍ എന്തോ അപകടം സംഭവിച്ചതിനെതുടര്‍ന്ന് ഗുസ്തിയും ഫുട്ബോളും ഉപേക്ഷിക്കേണ്ടിവന്നുവെന്നും സംഗീതത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെന്നുമാണ് കേട്ടിരിക്കുന്നത്.
പിതൃസഹോദരനെകൂടാതെ മറ്റു പല ഗുരുക്കന്മാരില്‍ നിന്നും സംഗീതം അഭ്യസിച്ചു.
കമ്പോസര്‍കൂടിയായിരുന്ന പിതൃസഹോദരനൊപ്പം ബോംബെയിലെത്തി. അവിടെ വച്ച് അന്നത്തെ കമ്പോസര്‍മാരിലെ മുടിചൂടാമന്നന്മാരില്‍ ഒരാളായിരുന്ന എസ്..ഡി. ബര്‍മ്മന്റെ (എല്ലാവര്ക്കും സുപരിചിതനായ ആര്‍.ഡി. ബര്‍മ്മന്റെ പിതാവ്) സഹായിയായി.
ഈ സമയത്ത് രസകരമായ ഒരു സംഭവമുണ്ടായി..
തന്റെ ഗാനം പാടാന്‍ ഒരു പുതിയ ഗായകന് പാട്ടിന്റെ അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിട്ട് സച്ചിന്‍ദാ പുറത്ത് പോയി. ബാക്കി കാര്യങ്ങള്‍ ശരിയാക്കാന്‍ മന്നാദായെ പറഞ്ഞേ.ല്‍പിച്ചു.
മന്നാദാ പരിശീലനം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ സച്ചിന്‍ദാ തിരിച്ചുവന്നു.
അദ്ദേഹം കുറച്ചുനേരം ശ്രദ്ധിച്ചതനുശേഷം ഗായകനോട് എഴുന്നേല്‍ക്കാനും, സ്ഥലം കാലിയാക്കാനും പറഞ്ഞു.
ആരോടും തട്ടിക്കയറുന്ന കാര്യത്തില്‍ നമ്മുടെ ദേവരാജന്‍മാഷിന്റെ അപ്പനായിരുന്നു സച്ചിന്‍ദാ.
മന്നാദാ ഒന്നും മനസിലാകാതെ അന്തംവിട്ടു നിന്നു.
“ഇനി ഈ പാട്ട് ആര് പാടും?’
നീ പാടും. നീതന്നെ പാടും. അവനു പറഞ്ഞുകൊടുത്തതുപോലെ അങ്ങ് പാടിയാല്‍ മതി..
അങ്ങനെയാണ് മന്നാഡേ എന്ന ഗായകന്‍ ഉദയം ചെയ്തത് എന്ന് കേട്ടിരിക്കുന്നു.
മഹാന്മാരെക്കുറിച്ച് കെട്ടുകഥകള്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിലൊരു കെട്ടുകഥയാണോ ഇതെന്ന് തീര്‍ച്ചയില്ല..
മന്നാദായ്ക്ക് ഗായകനാകാനുള്ള ആത്മവിശ്വാസം അന്ന് കുറവായിരുന്നതിനാല്‍ സ്വന്തമായി സംഗീതസംവിധാനത്തിലേയ്ക്ക് കടന്നു. അതൊക്കെ കഴിഞ്ഞാണ് ഗായകന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിച്ചത്.

കിഷോര്‍കുമാറും മന്നാഡേയും ബംഗാളികള്‍ ആയിരുന്നു. തുടക്കത്തിലെങ്കിലും കിഷോര്‍കുമാറിന് ചാന്‍സ് കൊടുത്തത് ബംഗാളികളായ കമ്പോസര്‍മാരാണ്. പക്ഷെ, ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ള പാട്ടുകള്‍ വരുമ്പോള്‍, ഹിന്ദിയിലെ എല്ലാ പ്രമുഖ കമ്പോസര്‍മാരും തേടിയിരുന്നത് മന്നാദായെയാണ്.
കൈക്കൂലിയായി ആട്ടിറച്ചിയും വെണ്ടക്കയും ഒരുമിച്ച് കറിയുണ്ടാക്കിയിട്ട് വീട്ടിലേയ്ക്ക് ക്ഷണിച്ച് ഒരു പാട്ട് പാടാമെന്ന് മദന്‍മോഹന്‍ എന്ന കമ്പോസര്‍ തന്നെക്കൊണ്ട് സമ്മതിപ്പിച്ച രസകരമായ അനുഭവം മന്നാദാ ഒരു വീഡിയോയില്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം അത്യാവശ്യം പറയേണ്ടിയിരിക്കുന്നു.
അന്നത്തെ മുന്‍നിര കമ്പോസര്‍മാരില്‍ ഒരാളായിരുന്നു റോഷന്‍. ഇന്നത്തെ യുവാക്കളുടെ ഹരമായ ഋത്വിക് റോഷന്റെ മുത്തശന്‍. രാജ്കപൂര്‍ നായകനായി അഭിനയിക്കുന്ന ദില്‍ ഹി തോ ഹേയുടെ കമ്പോസര്‍ റോഷന്‍.
അഭിനയിക്കുന്നത് രാജ്കപൂര്‍ ആണെങ്കില്‍ പാടുന്നത് മുകേഷ് ആയിരിക്കുമെന്നത് അന്ന് ബോളിവുഡിലെ അലിഖിതനിയമമാണ്. രാജ്കപൂറിനോട് മറുത്തൊരക്ഷരം പറയാന്‍ ധൈര്യമുള്ള ആരും ഹിന്ദിസിനിമാലോകത്ത് അന്നില്ല.
റോഷന്‍ജി പടത്തിലെ മിക്ക പാട്ടുകളും മുകേഷിനെക്കൊണ്ട് പാടിച്ചു. അതില്‍ മുകേഷ് ആലപിച്ച Bhoole Se Mohabbat Kar Baitha എന്ന ഗാനം എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്..
റോഷന്‍ജിയും മുകേഷും ഡല്‍ഹിയിലെ കോളേജ് കാലത്ത് സഹപാഠികള്‍ ആയിരുന്നു, ഉറ്റ സുഹൃത്തുക്കളുമാണ്. പക്ഷെ, സിനിമയിലെ Laaga Chunri me daag chupavum kaise എന്ന ഗാനം മുകേഷിന് പാടാനാവില്ലെന്നും അത് പാടാന്‍ കഴിവുള്ള ഏക ഗായകന്‍ മന്നാദാ ആണെന്നും റോഷന് മനസിലായി. നിര്‍മ്മാതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍, അദ്ദേഹം ഞെട്ടി.
രാജ്കപൂറിനോട് ഇക്കാര്യം ആര്, എങ്ങനെ പറയും? എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം?
കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ രാജ്കപൂറിന് കാര്യം മനസിലായി, സമ്മതം മൂളി. ആ ഗാനം വന്‍ഹിറ്റായി.
വിവിധ ഭാഷകളിലായി മൂവായിരത്തില്‍പരം ഗാനങ്ങള്‍ മന്നാദാ പാടിയിട്ടുണ്ട്. പാട്ടുകളില്‍ മിക്കതും മികച്ചവയായിരുന്നു.
എങ്കിലും റഫി, തലത്ത്, മുകേഷ്, കിഷോര്‍ എന്നിവര്‍ക്ക് കിട്ടിയ ജനപ്രീതി എന്തുകൊണ്ടോ ഇദ്ദേഹത്തിന് ലഭിക്കാതെ പോയി. എനിക്ക് അതൊരു അത്ഭുതമാണ്.
ഇദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം സിനിമാഗാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല.
അമിതാബ് ബച്ചന്റെ പിതാവ് എഴുതിയ പ്രശസ്തമായ “മധുശാല” എന്ന കവിത സംഗീതാവിഷ്കാരമാക്കിയപ്പോള്‍ അതിന്റെ കമ്പോസര്‍ ജയദേവ് ഗായകനായി തിരഞ്ഞെടുത്തത് മന്നാഡേയെയാണ്. അതുല്യമായ സംഗീതശില്‍പമാണത് ആ കവിതയുടെ വരികള്‍ മനസിലാക്കാന്‍ കഴിവില്ലാത്ത എനിക്ക് അത് വീണ്ടുംവീണ്ടും കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ടിട്ടുള്ള ഒരു ചൊല്ല് ഓര്‍മ്മവരും.
Poetry can communicate itself before it is comprehended.
ഇന്നത്തെ ഭാഷയില്‍ വൈറല്‍ എന്ന് പറയാവുന്ന ഒരു ഗാനമുണ്ട് ഇദ്ദേഹത്തിന്റേതായി. ഇന്ത്യന്‍ കോഫി ഹൌസിനെക്കുറിച്ചൊരു ഗാനം. അത് തുടങ്ങുന്നത് ഇങ്ങനെ…
Coffee Houser Sei Addata Aaj Aar Nei
ഈ ഗാനം കേള്‍ക്കുമ്പോള്‍ എനിക്ക് ഇന്ത്യന്‍ കോഫി ഹൌസിലെ ബീറ്റ് രൂട്ടിട്ട മസാലദോശയിലെ മസാലയുടെ ഗന്ധം അനുഭവപ്പെടും.
എന്റെ ചോദ്യം വീണ്ടും.
ഇത്രയും മഹാനായ ഗായകന് എന്തുകൊണ്ട് വേണ്ടത്ര ജനപ്രീതി കിട്ടാതെ പോയി?
ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ധാര്‍ഷ്ട്യം ഒരു കാരണമായി ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അതെത്രമാത്രം ശരിയാണെന്ന് അറിയില്ല.
പണ്ടെങ്ങോ, ആരോ, എവിടെയോ മഹാഗായകനായ മന്നാഡേയെക്കുറിച്ച് എഴുതിയത് ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതട്ടെ..
Manna Dey. A sad victim of the bad taste of Indian cine-music lovers. Very unfortunate for a genius who should have been the monarch of Indian Film Music..
എനിക്ക് അങ്ങേയറ്റം ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങള്‍ മന്നാദാ പാടിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണം മാത്രം ചുവടെ കൊടുക്കുന്നു..
Roop Tumhara Ankhon Se Pee Loon (Film: Sapera)
Kyun Pyaala Chhalakta Hai (Film: Phir Bhi)
തന്റെ തൊണ്ണൂറ്റിനാലാം വയസില്‍, 2013 October 24-ന് ഈ മഹാഗായകന്‍ ലോകത്തോട് വിട പറഞ്ഞു.
Author : Alex Kaniamparambil (usamalayalee.com)
usamalayalee.com