
ഒട്ടേറെ വിദേശ സഞ്ചാരികളുടെ മനംകവർന്ന പ്രകൃതി രമണീയമായ പ്രദേശമാണ് കുട്ടനാട്. എന്നാൽ കുട്ടനാടിന്റെയും സ്വന്തം കുടുംബത്തിന്റെയും മനംകവർന്ന ഒരു വിദേശിയുടെ കഥപറയുന്നു കൈനകരിക്കാരൻ ദിനേശും കുടുംബവും.
കൈനകരി കുപ്പപ്പുറം കളത്തിൽച്ചിറ വീട്ടിൽ ദിനേശ് കുമാർ വർഷങ്ങളായി ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്യുന്നു. അതിനിടെയാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതും ഒരുവേള, ജീവിതഗതി തന്നെ മാറ്റിമറിച്ചതുമായ ഒരു ബ്രിട്ടീഷ് വനിതയുമായുള്ള ആത്മബന്ധം വളർന്നുപന്തലിച്ചത്.
തികച്ചും ആകസ്മികമായാണ് ബ്രിട്ടീഷ് വനിതയായ കരോൾ സെവലിനെ ദിനേശ് പരിചയപ്പെടുന്നത്. യുകെയിൽ തെറാപ്പിസ്റ്റ് ആയ കരോൾ 1997 ലാണ് ലണ്ടനിൽ നിന്ന് കേരളം കാണാനെത്തിയത്. കുട്ടനാട്ടിൽ ദിനേശ് ആയിരുന്നു ഗൈഡ്. കരോളിനെ വള്ളത്തിലിരുത്തി കുട്ടനാടൻ കായൽ പരപ്പുകളിലൂടെ അവർ ഏറെദൂരം സഞ്ചരിച്ചു.
ഏറെ പ്രായക്കൂടുതലുണ്ടായിരുന്ന കരോളിനെ ദിനേശ് മൂത്ത ചേച്ചിയായി കണ്ട് ‘എൽഡർ സിസ്റ്റർ’ എന്നുവിളിച്ചു. കരോളിനും ആ വിളി ഏറെ ഇഷ്ടമായി. അതുകൊണ്ടുതന്നെ ആ കുടുംബവുമായി കൂടുതൽ അടുക്കാനും കുട്ടനാടിനെ കുറിച്ച് കൂടുതൽ അറിയാനും കരോൾ ആഗ്രഹിച്ചു.
കരോൾ പിന്നീട് കേരളത്തിൽ എത്തിയപ്പോഴെല്ലാം യാത്രകളെല്ലാം ദിനേശും ഒത്തായിരുന്നു. കായലും കരയും തിരയും തീരവുമൊന്നും തിരിച്ചറിയാൻ കഴിയാത്ത വർഷകാലത്തുപോലും കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ മുടക്കമില്ലാതെ കരോൾ എത്തുമായിരുന്നു.
കുട്ടനാടൻ കായൽ പരപ്പുകളിലൂടെ അവർ ഏറെദൂരം സഞ്ചരിച്ചു. കരോളിനെ വള്ളത്തിലിരുത്തി കുപ്പപ്പുറം വഴി പോകുമ്പോൾ, ആറ്റുതീരത്തെ കടവിൽ പാത്രം കഴുകുന്ന സ്വന്തം അമ്മയെയും പാടത്ത് പണിയെടുക്കുന്ന പിതാവിനെയും ദിനേശ് കാണിച്ചുകൊടുത്തു. അതോടെ അവരെ പരിചയപ്പെട്ട്, കരോൾ ആ കുട്ടനാടൻ കുടുംബത്തിന്റെ അടുത്ത സുഹൃത്തായി മാറി.
കരിക്കിനും കരിമീനിനും ചെത്തുകള്ളിനുമൊപ്പം കുട്ടനാട്ടിലെ ജനജീവിതവും കരോളിനെ ഏറെ ആകർഷിച്ചിരുന്നു. ഓരോതവണ മടങ്ങുമ്പോഴും ദിനേശിനും കുടുംബത്തിനും നല്ലൊരു തുക സമ്മാനമായി നൽകി.
കരോൾ ലണ്ടനിലേക്ക് മടങ്ങിപ്പോയപ്പോഴും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും ഫോട്ടോകളുമെല്ലാം വന്നുകൊണ്ടിരുന്നു. മൈ ലിറ്റിൽ ബ്രദർ എന്നാണ് കത്തുകളിൽ ദിനേശനെ അവർ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. കരോളിന്റെ ഓരോവരവും ക്രിസ്‌മസ്സ് കരോൾപോലെ കുട്ടനാട്ടിലെ ആ കരക്കാർ ആഘോഷമാക്കി.
2000 മേയിൽ ദിനേശ് വിവാഹത്തിനും ലണ്ടനിലെ ‘ചേച്ചി’യെ ക്ഷണിച്ചു. മൂത്ത സഹോദരിയെപ്പോലെ കരോൾ വിവാഹത്തിൽ പങ്കെടുത്തു. പിറ്റേന്നു വധുവരന്മാരെ കൂട്ടി വർക്കലയിൽ പോയി. അവിടെ മൂന്നുദിവസം നവവധൂവരന്മാർക്ക് കരോളിന്റെ വക ഹണിമൂൺ വിരുന്നൊരുക്കി.
പരസ്പരം എല്ലാ സ്നേഹസന്തോഷങ്ങളും പങ്കിട്ട് ആ ബന്ധം തുടർന്നു. 2018ലെ പ്രളയകാലത്ത് ഏതാണ്ട് എല്ലാദിവസവും വിളിച്ച് കേരളത്തിലെ വിവരങ്ങൾ കരോൾ തിരക്കിയിരുന്നു. എന്നാൽ 2020 ഡിസംബറിൽ കിട്ടിയത് അവസാനത്തെ ക്രിസ്മസ് സമ്മാനവും കത്തുമായിരുന്നെന്ന് ഒരിക്കലും ദിനേശും കുടുംബവും കരുതിയില്ല.
തുടർച്ചയായി വന്നുകൊണ്ടിരുന്ന കത്തില്ല.. സമ്മാനങ്ങളില്ല.. ഫോൺ വിളികളില്ല. അന്വേഷങ്ങൾക്ക് മറുപടിയും വന്നില്ല. 25 വർഷത്തെ ആത്മബന്ധം പൊടുന്നനെ മുറിഞ്ഞുപോയപ്പോൾ ദിനേശും കുടുംബവും എന്തോ അസാധാരണത സംശയിച്ചു.
കാരണം കരോളിന്റെ സ്വഭാവം അവർക്ക് മനഃപാഠമായിരുന്നു. അവർക്ക് ഇത്രനാൾ അങ്ങനെ ഒരുകത്തുപോലും എഴുതാതെ കഴിയാനാകില്ല. ആ ഹൃദയം നിറയെ സ്നേഹമായിരുന്നു. അത് ഏറ്റുവാങ്ങാൻ വിധി കരുതിവച്ചതാകട്ടെ, കുട്ടനാട്ടിലെ ദിനേശിന്റെ കുടുംബത്തേയും.
അതോടെ ചേച്ചിയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ഭയവും ആശങ്കയുമായി മനസ്സിൽ. ലണ്ടനിൽ നിന്നുവരുന്ന സഞ്ചാരികളോടെല്ലാം കരോളിനെക്കുറിച്ചു ദിനേശ് തിരക്കും. ആർക്കും അറിയില്ല. കഴിഞ്ഞ മേയിൽ കരോളിന്റെ നാട്ടിൽ നിന്നെത്തിയ ലില്ലി ഫ്രാൻസിസ് അവരെക്കുറിച്ച് അന്വേഷിച്ച് വിവരം അറിയിക്കാമെന്ന് ഉറപ്പുനൽകി.
ലില്ലി ഫ്രാൻസിസ് ലണ്ടനിൽ മടങ്ങിയെത്തി ദിനേശ് നൽകിയ വിലാസത്തിൽ അന്വേഷിച്ചശേഷം ആദ്യവിവരം നൽകി. കരോൾ ലണ്ടനിലെ വീടുവിറ്റ് അമ്മയ്ക്കടുത്തേക്കു പോയി. കോവിഡ് ബാധിച്ച് അമ്മ മരിച്ചതോടെ അവർ പിന്നെ തിരികെ വന്നില്ല.
കരോളിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ലില്ലി അന്വേഷണം തുടർന്നു. കരോളിന്റെ അനുജത്തി ഗ്ലെൻഡയുടെ മകൾ ഹെലനെ അവർ കണ്ടെത്തി. ഹെലൻ കഴിഞ്ഞ 27ന് ലില്ലിക്കു വിശദമായ ഒരു കത്തെഴുതി. അതു ലില്ലി ദിനേശിന് അയച്ചുകൊടുത്തു.
ദിനേശും കുടുംബവും കേൾക്കരുതെന്ന് ആഗ്രഹിച്ച വിവരമായിരുന്നു ആ കത്തിൽ. സ്നേഹ യാത്രകൾ അവസാനിപ്പിച്ച് കരോൾ ഈ ലോകത്തു നിന്നും യാത്രയായി. റേഷനിങ് ഇൻസ്പെക്ടറായ ഭാര്യ മിനിമോളും മക്കൾ ഗോകുലും ഗോവിന്ദുമടങ്ങിയ ദിനേശിന്റെ കുടുംബത്തിനും ആ വിവരം വേദനയായി. അതിഥിയായെത്തി മനസ്സുകവർന്ന മൂത്തസഹോദരിയ്ക്ക് ആ കുടുംബം അവരുടേതായ കർമ്മങ്ങളും ആദരാഞ്ജലികളും അർപ്പിച്ചു.
ക്രിസ്മസ്സ് രാത്രിയിലെ ഒരു കരോൾ ഗാനംപോലെ ജീവിത യാത്രയ്ക്കിടയിൽ, കരോളെന്ന വെള്ളക്കാരി ‘എൽഡർ സിസ്റ്റർ’ പകർന്നുനൽകിയ സ്നേഹസ്മരണകൾ മനസിലെന്നും നിറംമങ്ങാതെ സൂക്ഷിക്കുമെന്ന് പറയുന്നു ഈ കുട്ടനാടൻ കുടുംബം.
usamalayalee.com