Home Books‘ഉപേക്ഷിച്ചു പോകുമ്പോൾ നീ ഓർത്ത് കാണില്ല. ഏകാന്തത കഠിനവിശപ്പുള്ള ഒരു വന്യമൃഗമാണെന്ന്….

‘ഉപേക്ഷിച്ചു പോകുമ്പോൾ നീ ഓർത്ത് കാണില്ല. ഏകാന്തത കഠിനവിശപ്പുള്ള ഒരു വന്യമൃഗമാണെന്ന്….

by admin
0 comments

ഉപേക്ഷിച്ചു പോകുമ്പോൾ
നീ ഓർത്ത് കാണില്ല..
ഏകാന്തത കഠിനവിശപ്പുള്ള
ഒരു വന്യമൃഗമാണെന്ന്

ഒറ്റയാവൽ
ഒരു കാടാണെന്ന്
തനിച്ചാവുമ്പോൾ
ഉൾക്കാടിനുള്ളിൽ
പകലസ്തമിക്കുമെന്ന്

പ്രിയപ്പെട്ട ഒരുവന്റെ
കൈവിരൽ പൊലിഞ്ഞു
പോയ ഒരുവൾ..
വഴി തെറ്റിയലഞ്ഞലഞ്ഞു
വെറുമൊരു വേട്ടമൃഗമായി
മാറുമെന്ന്..

ഏകാന്തത ഒരു മുടന്തൻ
സിംഹത്തെ പോലെ
ഒറ്റയായ ഒരുവൾക്കരികിലേക്ക്
നടന്നെത്തുമെന്ന്

വിഷാദം അതിന്റെ
പല്ലും നഖവും നീട്ടി
അണു അണുവായി
ഒരുവളെ തിന്നു തീർക്കുമെന്ന്..

ഒറ്റയായ ഒരുവൾ
ചത്തടിഞ്ഞ ഒരു
വേട്ട മൃഗമാണ്

മുറിവേറ്റ് മരിച്ച
ഒരുവളിലേക്ക്
പിന്നെയും
പ്രാണന്റെ കണം തേടി
പ്രണയത്തിന്റെ
ജീവവായു തേടി
തിരികെ വരരുത്

അനുരാഗത്തിന്റെ
അരിമുല്ല പാവാടയൊക്കെ
അവളിൽ പണ്ടേ
കത്തി കരിഞ്ഞിരിക്കും

എതുന്മാദത്തിന്റെ
മറവിയാലായാലും
അസ്തമിച്ചു പോയ
ഒരുവളുടെ
ഓർമ്മയുടെ
ചിതയിലേക്ക്
നീ നിന്റെ ശൈത്യകാല
തണുപ്പുകളിൽ നിന്നും
ഓടി കിതച്ച്
തീ കായാനണയരുത്

കാട്ടുത്തിയിലേക്ക്
വിവർത്തനം ചെയ്യപ്പെട്ട
കവിതയിൽ വസന്തം
എന്നെഴുതാൻ തുനിയരുത്
മരിച്ചു പോയൊരുവളുടെ
അരക്കെട്ടിൽ പ്രണയത്തിന്റെ
ഇലഞ്ഞി പൂക്കാൻ വേണ്ടി
തപസ്സിരിക്കരുത്..

നീ തിരിഞ്ഞു നടന്ന
ദൂരത്തിന്റെ അളവുകൾ
കൊണ്ട് കണക്കെടുക്കാൻ
പറ്റാത്ത കാത്തിരിപ്പിന്റെ
എത്ര കാതം താണ്ടിയാവും
അവൾ ശൂന്യതയിൽ..
മരിച്ചവളുടെ കുപ്പായമിട്ട്
ഉറങ്ങാൻകിടന്നിട്ടുണ്ടാവുക

ഏകാന്തത തീണ്ടി മരിച്ച
ഒരുവളിൽ ഓർമ്മയുടെ
ജലം തിരയരുത്
ജീവന്റെ പച്ചയും

അസ്തമയമെന്ന
കവിതയിലേക്ക്
മുറിവേറ്റ് അണഞ്ഞു പോയ ഒരുവൾ
നടന്നു തീർത്ത
വഴികളൊക്കെയും
പ്രണയമെന്ന
ഒറ്റവാക്കിൽ
തിരിച്ചെത്താനാവാത്ത
ജീവിതത്തിന്റെ ദൂരമാണെന്ന്
തിരിച്ചറിഞ്ഞു
മടങ്ങി പൊയ്ക്കോളുക

പ്രണയനഗരമെന്നത്
ഒരാൾക്ക് മുന്നിൽ ഒരിക്കൽ അടഞ്ഞാൽ
ഇനിയൊരിക്കലും
അതേയാൾക്ക് മുന്നിൽ
തുറക്കാനാവാത്ത
ഒറ്റവാതിൽ നഗരം ആണെന്നും..
നീ അറിയേണ്ടതുണ്ട്

സ്മിത സൈലേഷ്
usamalayalee.com

You may also like

Leave a Comment