
ഇണ ചേരുകയെന്നാൽ
നിഗൂഡതകളുടെ ഒരു രാജ്യത്തെ
അടിയറ വെക്കലാണ്
ഒരു ചുംബനം കൊണ്ട്
ശലഭങ്ങളുടെ ഒരു ദ്വീപിനെ
നിർമ്മിക്കുകയെന്നതാണ്
ഉടലിന്റെ ഓരോ അണുവിലും
ഒരു വസന്തത്തെ കൊളുത്തി വെക്കലാണ്
ഇണ ചേരുകയെന്നാൽ
ഇതളുകൾ വെടിയുന്ന പൂക്കളുടെ
ഉദ്യാനമാവുക എന്നതാണ്
ചിറകുകൾ വെടിഞ്ഞ പക്ഷികളായി
അജ്ഞാതമായ ഒരാകാശത്തെ തേടുക എന്നതാണ്
ഇണ ചേരുകയെന്നാൽ
ആരും കാണാത്തൊരു
കടലാഴത്തിലേക്കു ചിറകുകളുടുത്ത
രണ്ട് മൽസ്യങ്ങളായി
നീന്തിയെത്തുക എന്നതാണ്
ഇണ ചേരുകയെന്നാൽ
ഉടലുകൾ അക്ഷരങ്ങളാക്കി
പ്രണയത്തിന്റെ ഭാവാർദ്രമായ
ഒരു കവിത എഴുതുക എന്നതാണ്
നീ ഞാനും ഞാൻ നീയുമാകുന്ന
ഒരു പുഴയെ ആത്മാവിൽ ആവാഹിച്ചു വരുത്തലാണ്
ഇണ ചേരുകയെന്നാൽ
പ്രണയത്തിന്റെ നിഗൂഢതകൾക്കു
ചിതയൊരുക്കുക എന്നതുമാണ്
അത് കൊണ്ട് പ്രിയനേ
നിന്നെ അത്ര മേൽ പ്രണയിക്കയാൽ
എത്ര മേൽ നഗ്നമായാലും
ഇണ ചേരുമ്പോൾ ഒരു മറുകിനെയെങ്കിലും
ഞാൻ ഒളിപ്പിച്ചു വെക്കും
നിന്നേ എന്നും എപ്പോഴും
വ്യാമോഹിപ്പിച്ചു കൊണ്ടേയിരിക്കാൻ
രചന : സ്മിത സൈലേഷ്
usamalayalee.com