അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. എട്ടോളം പേരുടെ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അവസാനം ലഭിച്ച വിവരം അനുസരിച്ച് 247 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരണപെട്ട രഞ്ജിതയുടെ മൃതദേഹവും തിരിച്ചറിയാത്തവരിൽ പെടുമെന്നത് കൂടുതൽ ദൗർഭാഗ്യകരമാണ്. രഞ്ജിതയുടെ സഹോദരൻ രതീഷ് ജി നായർ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. ആ പരിശോധന വിഫലമായതോടെ ശനിയാഴ്ച അമ്മ തുളസിയുടെ രക്തസാമ്പ്ളും ശേഖരിച്ചിട്ടുണ്ട്. ഇത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിമാനത്തിൽ അഹ്മദാബാദിൽ എത്തിക്കും
അപകടസ്ഥലത്ത് നിന്ന് ലഭിച്ച പല ശരീരഭാഗങ്ങളും ഡി.എൻ.എ -ക്കായി ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പലതിലും ഫലം ലഭിക്കുന്നുമില്ല. ഇതോടെയാണ് മറ്റ് ബന്ധുക്കളുടെ രക്തസാമ്പ്ളുകൾകൂടി ശേഖരിച്ച് പരിശോധിക്കാനുള്ള തീരുമാനം.
രാജ്യത്തെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ ആ ദുരന്തത്തിന്റെ ശേഷിപ്പ് പോലെ ഇപ്പോഴും രഞ്ജിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നിരവധിപേർ എത്തുന്നുണ്ട്. ഡി.എൻ.എ പരിശോധനാഫലം ലഭിച്ചതിന് ശേഷമേ, സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുമെന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ കാത്തിരിപ്പിലാണ്. ഒരു മരണം എത്ര പേരെയാണ് മരവിപ്പിക്കുന്നതെന്ന് രഞ്ജിതയിലൂടെ നാടറിയുന്നു…. അവളെ തിരിച്ചറിയാൻ ഇനിയുമെത്ര നാൾ….!!!
ശ്രീജിത്ത് ഇരവിൽ
usamalayalee.com